കോഴിക്കോട്/ആലപ്പുഴ: കോൺഗ്രസിലെ ഗ്രൂപ്പ് പോരും നേതാക്കൾ തമ്മിലുള്ള വാക്പോരും തെരുവിലേക്ക് വ്യാപിക്കുന്നതിനിടെ വടകര എം.പി. ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ആലപ്പുഴയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിലാണ് വിവിധയിടങ്ങളിൽ ഫ്ലക്സുകൾ ഉയർന്നത്.
കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിലടക്കമാണ് കഴിഞ്ഞ ദിവസം രാത്രി ഫ്ലക്സുകൾ സ്ഥാപിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ ഡിസിസി ഓഫീസ് ജീവനക്കാർ രാവിലെ തന്നെ ഫ്ലക്സ് എടുത്തുമാറ്റി. ഡിസിസി ഓഫീസിന് പുറമെ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലും വടകരയിലും യൂത്ത് കോൺഗ്രസിന്റെ പേരിൽ ഫ്ലക്സുകൾ ഉയർന്നിട്ടുണ്ട്.
'പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര, ആ ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്' എന്നാണ് കോഴിക്കോട്ടെ ഫ്ലക്സുകളിൽ എഴുതിയിരിക്കുന്നത്. ഒരു വർഷം മുൻപ് പേരാമ്പ്രയിൽ പൊലീസുമായി ഉണ്ടായ സംഘർഷത്തിൽ ഷാഫിയുടെ മൂക്കിന് പരിക്കേറ്റ് ചോരയൊലിക്കുന്ന ചിത്രം ഉപയോഗിച്ചാണ് ഫ്ലക്സുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഷാഫിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയ ചർച്ചയായി തുടരുന്നതിനിടെ ആലപ്പുഴ ജില്ലയിലെ മാന്നാർ, പരുമലക്കടവ്, കായംകുളം നഗരം എന്നിവിടങ്ങളിലും ഷാഫിക്ക് പിന്തുണ പ്രഖ്യാപിച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. യൂത്ത് കോൺഗ്രസിന്റെയും കെഎസ്യുവിന്റെയും പേരിലുള്ള ഈ ഫ്ലക്സുകളിൽ 'കുപ്രചരണങ്ങൾ വഴിമുടക്കില്ല, കുടിലതന്ത്രങ്ങൾ തളർത്തില്ല, ജനഹൃദയങ്ങളിലൂടെ യാത്ര തുടരുക തന്നെ ചെയ്യും' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഷാഫി പറമ്പിൽ എംപിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപിനടത്തിയ പരസ്യവിമർശനങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി പറമ്പിലിന്റെ അനുയായികളാണെന്നും അടൂരിലെ ഒരു വീട്ടിൽ നിന്നാണ് ഇത് ആസൂത്രണം ചെയ്യുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചിരുന്നു. ഷാഫിയുടെ ഗ്രൂപ്പ് ബന്ധങ്ങളെക്കുറിച്ചും അദ്ദേഹം വിമർശനമുന്നയിച്ചു. ഇതിന് പിന്നാലെ കണ്ണൂരിലും പാലക്കാട്ടും നേരത്തെ ഷാഫി അനുകൂല ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ കോഴിക്കോട്ടും ആലപ്പുഴയിലും സമാനമായ രീതിയിൽ ബോർഡുകൾ ഉയർന്നത് കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമാക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates