ഇടമലക്കുടിയിൽ രോഗിയെ ചുമന്നുകൊണ്ടു പോകുന്നു  വീഡിയോ ദൃശ്യത്തില്‍ നിന്ന് |File Picture
Idukki

ഇടമലക്കുടിക്ക് ആശ്വാസം; മീൻകുത്തി-കൂടലാർ റോഡിനായി വനഭൂമി വിട്ടുനൽകാൻ ഉത്തരവായി

0.90 ഹെക്ടർ വനഭൂമി കൈമാറാൻ മൂന്നാർ ഡിഎഫ്ഒ അനുമതി നൽകി. മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ദുർഘടമായ വനപാതകളിലൂടെ രോഗികളെ ചുമലിലേറ്റി ആശുപത്രികളിൽ എത്തിക്കേണ്ടി വരുന്ന ഇടമലക്കുടിയിലെ ആദിവാസി ജനതയുടെ ദുരിതത്തിന് ഒടുവിൽ ആശ്വാസ നടപടി. ആദിവാസി മേഖലയുടെ ദീർഘകാല ആവശ്യമായ മീൻകുത്തി-കൂടലാർ മൺറോഡ് നിർമ്മാണത്തിനായി 0.90 ഹെക്ടർ വനഭൂമി വിട്ടുനൽകാൻ അനുമതി നൽകി മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഉത്തരവിറക്കി.

വനത്തിലൂടെ വഴിയൊരുക്കാൻ അനുമതി ലഭിച്ചതോടെ വർഷങ്ങളായി മുടങ്ങിക്കിടന്ന റോഡ് നിർമ്മാണ പദ്ധതിക്ക് വീണ്ടും ജീവൻവയ്ക്കുകയാണ്. 2006-ലെ വനാവകാശ നിയമത്തിലെസെക്ഷൻ 3(2) പ്രകാരമാണ് വനഭൂമി വിട്ടുനൽകാനുള്ള നിർണ്ണായക ഉത്തരവ് മൂന്നാർ ഡിഎഫ്ഒ അഭയ് യാദവ് പുറപ്പെടുവിച്ചത്.

തുടർക്കഥയായ ദുരിതയാത്രകൾക്കൊടുവിൽ അനുമതി

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമ്പോൾ രോഗികളെ തുണിയിലും കമ്പിലും കെട്ടി കിലോമീറ്ററുകളോളം കാട്ടുപാതയിലൂടെ ചുമക്കേണ്ടി വരുന്ന സാഹചര്യം അടുത്തിടെയും ഇടമലക്കുടിയിൽ ആവർത്തിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കടുത്ത പനിയെത്തുടർന്ന് അവശയായ പരപ്പിയാർകുടി സ്വദേശിനി സുമതിയെ (40) ഏഴ് കിലോമീറ്ററിലധികം കാട്ടുപാതയിലൂടെ ചുമന്നാണ് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. ഓഗസ്റ്റ് മാസത്തിൽ മാത്രം ഇത്തരത്തിലുള്ള മൂന്ന് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം പനിയെത്തുടർന്ന് അപസ്മാരം ബാധിച്ച ആറുവയസ്സുകാരനെ ആശുപത്രിയിലേക്ക് ചുമന്നുകൊണ്ടുപോകുന്നതിനിടെ മരണപ്പെട്ട സംഭവവുമുണ്ടായി.

ഇതിനെത്തുടർന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ മന്ത്രി കെഎ തുളസി പ്രദേശം സന്ദർശിക്കുകയും വനംമന്ത്രി ഷിബു ബേബി ജോണുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. റോഡ് നിർമ്മാണ നടപടികൾ വേഗത്തിലാക്കണമെന്ന ശക്തമായ ആവശ്യത്തെ തുടർന്നാണ് വകുപ്പുകളുടെ ഏകോപനമുണ്ടായത്.

ഒരു മരം പോലും മുറിക്കേണ്ടതില്ല; നിർമ്മാണം ഉടൻ

മീൻകുത്തികുടി-കൂടല്ലാർകുടി മേഖലയിലെ എപ്പാറയ്ക്കും വെള്ളിയാവെത്തറയ്ക്കും ഇടയിലുള്ള ആറ് ഭാഗങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. നിർദ്ദിഷ്ട റോഡ് നിർമ്മാണത്തിനായി ഒരു മരം പോലും മുറിച്ചുമാറ്റേണ്ട ആവശ്യമില്ലെന്ന് മൂന്നാർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ നടത്തിയ സ്ഥലപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പദ്ധതി പൂർണ്ണമായും ആദിവാസി ജനവിഭാഗങ്ങൾക്ക് പ്രയോജനകരമാണെന്നാണ് റിപ്പോർട്ട്.

ഇടമലക്കുടി പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും ആശുപത്രിയിലേക്കും എത്തിപ്പെടാൻ മീൻകുത്തി പോലുള്ള ഉൾനാടൻ കുടികളിലുള്ളവർ നിലവിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പലരും ആനക്കുളം വഴിയുള്ള എളുപ്പവഴിയിലൂടെ അടിമാലി, മാങ്കുളം ആശുപത്രികളിലേക്കാണ് പോകുന്നത്. വനഭൂമി അനുവദിച്ച് ഉത്തരവിറങ്ങി ഒരു വർഷത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ ഭൂമി വനംവകുപ്പിലേക്ക് തന്നെ തിരിച്ചുപോകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഉൾക്കാട്ടിലെ ഒറ്റപ്പെടലിന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Following years of persistent demands and acute hardships faced by tribal inhabitants, the proposed Meenkuthy-Koodalar road in Edamalakkudy has received significant momentum, with the Munnar Divisional Forest Officer (DFO) issuing formal orders to divert 0.90 hectares of forest land for the construction of an earthen road

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

കൂപ്പുകുത്തി ഓഹരി വിപണി, എണ്ണവില 95 ഡോളറിന് മുകളില്‍; പണപ്പെരുപ്പ ഭീതിയില്‍ അമേരിക്ക

സൈനിക ഗവേഷണ ഏജൻസിയിൽ റിസർച്ച് ഫെലോയാകാം; കൊച്ചിയിൽ നിയമനം, എഞ്ചിനീയറിങ് മതി !

സൂര്യകാന്തികൾ വിരിയുമ്പോൾ; നെറ്റാറയ്ക്ക് നിറങ്ങളുടെ പുതുവസന്തം; വയനാട്ടിലെ ഗ്രാമത്തിൽ അഗ്രി ടൂറിസം വിപ്ലവം

100 കോടിയുടെ സിനിമ കണ്ടിട്ട് സാധാരണ മനുഷ്യര്‍ക്ക് മനസിലാകുന്നില്ല; ഇതേത് ലോകം എന്നാണ് ചിന്തിക്കുക: ധ്യാന്‍ ശ്രീനിവാസന്‍