Shibu Baby John 
Idukki

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി

പടക്കം പൊട്ടിച്ചോടിക്കുന്നതിന് പകരം വിദേശ മാതൃകയിലുള്ള 'പോസിറ്റീവ് കണ്ടീഷനിങ്' രീതി നടപ്പാക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കുമളി: ഇടുക്കിയിലെ വന-റവന്യൂ ഭൂമിയിലെയും കൈയേറ്റ മേഖലകളിലെയും വേലികളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിൽ ഉയർന്നുവന്ന ജനങ്ങളുടെ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ആനത്താരകൾ പുനഃസ്ഥാപിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഹൈക്കോടതിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും തേക്കടിയിൽ അദ്ദേഹം വ്യക്തമാക്കി. കുമളിയിൽ സംഘടിപ്പിച്ച സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ആനത്താരകൾ പുനഃസ്ഥാപിക്കാനും, കൈയേറ്റ ഭൂമിയിലെയും റവന്യൂ-വനം ഭൂമിയിലെയും ഫെൻസിങ് ലൈനുകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യാനും ഇടുക്കി ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശത്തിന് പിന്നാലെ ഉയർന്നുവന്ന കർഷകരുടെയും പൊതുജനങ്ങളുടെയും ആശങ്കകൾ സർക്കാർ പരിഹരിക്കും. മനുഷ്യ-വന്യജീവി സംഘർഷം വനംവകുപ്പിന് മാത്രമായി പരിഹരിക്കാൻ സാധിക്കുന്ന ഒന്നല്ലെന്നും കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.

ചിന്നക്കനാലിലെ വന്യമൃഗശല്യം മനുഷ്യസൃഷ്ടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 301 കോളനി സ്ഥാപിച്ചതുമുതൽ ജനങ്ങൾക്ക് വന്യജീവികൾക്കൊപ്പമാണ് ജീവിക്കേണ്ടി വരുന്നത്. ഇത്തരം മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിസ്ഥിതി പ്രവർത്തകരും കർഷകരും സർക്കാരും കൈകോർത്ത് പ്രവർത്തിക്കണം. ഒരു വശത്ത് കർഷകരെയും മറുവശത്ത് വന്യജീവികളെയും സംരക്ഷിക്കേണ്ട അതീവ സങ്കീർണ്ണമായ ദൗത്യമാണ് വനംവകുപ്പിനുള്ളത്. ഇതിനായി സർക്കാർ പ്രത്യേക ഉപദേശക സമിതി രൂപീകരിക്കും. അർഹരായ ആളുകളെ തന്നെയാണ് സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും റിസോർട്ട്, നഴ്സറി ഉടമകളെ ഉൾപ്പെടുത്തിയതിൽ അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ പടക്കം പൊട്ടിച്ച് തുരത്തുന്ന പരമ്പരാഗത രീതി മാറ്റേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കാട്ടാനകളെ പ്രകോപിപ്പിക്കാതെ നിയന്ത്രിക്കാൻ വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കുന്ന 'പോസിറ്റീവ് കണ്ടീഷനിങ്' രീതി കേരളത്തിലും നടപ്പിലാക്കും. വനയോര മേഖലകളിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതസാഹചര്യങ്ങളും വിനോദസഞ്ചാരികളുടെ കാഴ്ചപ്പാടുകളും തമ്മിലുള്ള അന്തരം വ്യക്തമാക്കിക്കൊണ്ടായിരുന്നു മന്ത്രിയുടെ നിലപാട്. "ചെറ്റക്കുടിലുകളിൽ കഴിയുന്ന പാവങ്ങൾക്ക് മഴക്കാലം ദുരിതമാണ്; എന്നാൽ സുരക്ഷിതമായ ജീവിതം നയിക്കുന്നവർക്ക് മഴ റൊമാന്റിക് ആണ്. അതുപോലെ തന്നെയാണ് കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും ജനവാസ മേഖലകളിൽ ഇറങ്ങുമ്പോൾ പാവപ്പെട്ട കർഷകർക്ക് അത് ജീവന്മരണ പോരാട്ടമാണ്; എന്നാൽ വിനോദസഞ്ചാരികൾക്ക് അത് കണ്ടാസ്വദിക്കാനുള്ള മനോഹരമായ ഒരു കാഴ്ച മാത്രമാണ്. ഈ വിഷയത്തിൽ സർക്കാർ സാധാരണക്കാരായ പാവങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നത്," മന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി