Nedumkandam Baptism Return Gift 
Idukki

'വലുതാകുമ്പോ ഈ മരം കാണാൻ ഞാൻ വന്നേക്കാവേ...': മാമോദീസ ചടങ്ങിൽ അതിഥികൾക്ക് പ്ലാവിൻതൈകൾ സമ്മാനിച്ച് മാതാപിതാക്കൾ

അമ്മയുടെ നാടിന്റെ പേര് 'ചക്കക്കാനം'; മടക്കസമ്മാനമായി നൽകിയത് വിയറ്റ്നാം ഏർളി പ്ലാവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: ജീവിതത്തിലെ സുന്ദരനിമിഷങ്ങൾ മധുരമുള്ള ഓർമ്മകളാക്കാൻ മാമോദീസ ചടങ്ങിനെത്തിയ അതിഥികൾക്ക് പ്ലാവിൻതൈകൾ സമ്മാനിച്ച് ദമ്പതികൾ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശിനി നിമ്മിയുടെയും എറണാകുളം സ്വദേശി വിനുവിന്റെയും മകൾ തൻവി മറിയത്തിന്റെ മാമോദീസ ചടങ്ങിലാണ് പ്രകൃതിസ്നേഹം വിളിച്ചോതുന്ന ഈ വേറിട്ട സമ്മാനം അതിഥികളെ വരവേറ്റത്. കുഞ്ഞു തൻവിക്ക് അനുഗ്രഹം പകരാനെത്തിയ ഓരോ അതിഥിയും മടങ്ങിയത് ഒരു പ്ലാവിൻതൈയും നെഞ്ചോടു ചേർത്താണ്.

അതിഥികൾക്ക് മടക്കസമ്മാനമായി പ്ലാവ് തന്നെ തെരഞ്ഞെടുത്തതിന് പിന്നിലുമുണ്ട് മനോഹരമായൊരു കൗതുകം. അമ്മ നിമ്മിയുടെ സ്വന്തം നാടായ 'ചക്കക്കാനം' എന്ന പേരിൽ നിന്നാണ് മകളുടെ മാമോദീസയ്ക്ക് പ്ലാവിൻതൈ നൽകണമെന്ന ചിന്ത മാതാപിതാക്കൾക്ക് തോന്നിയത്. വിദേശ പ്ലാവ് ഇനങ്ങളിൽ ജനപ്രിയമായ 'വിയറ്റ്‌നാം ഏർളി'യുടെ ഗുണമേന്മയുള്ള തൈകളാണ് അതിഥികൾക്കായി ഒരുക്കിയത്. ഓരോ തൈയും കുഞ്ഞു തൻവിയുടെ ചിത്രം ആലേഖനം ചെയ്ത മനോഹരമായ കവറിലാക്കിയാണ് നൽകിയത്. "വലുതാകുമ്പോൾ ഈ മരം കാണാൻ ഞാൻ നിങ്ങളുടെ വീട്ടിലേക്ക് എത്തിയേക്കാവേ..." എന്ന് തൻവി പറയുന്ന രീതിയിൽ തയ്യാറാക്കിയ ഹൃദയസ്പർശിയായ കുറിപ്പും കവറിലുണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുക്കാൻ നെടുങ്കണ്ടത്ത് എത്തിയത്. കുഞ്ഞ് തൻവി വലുതാകുമ്പോൾ ഓരോ ബന്ധുവീടുകളിലും സന്ദർശനം നടത്തി തങ്ങളുടെ മാമോദീസ സമ്മാനമായി നൽകിയ പ്ലാവിന്റെ വളർച്ചയും ഫലങ്ങളും നേരിൽ കാണണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. ആർഭാടങ്ങൾ നിറഞ്ഞ ചടങ്ങുകൾക്കിടയിൽ മണ്ണിലേക്കും പ്രകൃതിയിലേക്കും വിരൽചൂണ്ടുന്ന ഈ ദമ്പതികളുടെ വേറിട്ട തീരുമാനം സോഷ്യൽ മീഡിയയിലടക്കം വലിയ പ്രശംസയാണ് നേടുന്നത്.

Adding an inspiring, eco-friendly twist to celebratory milestones, a couple in Idukki's Nedumkandam presented exotic jackfruit saplings as return gifts to guests attending the baptism of their baby daughter, Thanvi Maryam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

വീണ്ടും റഫീഞ്ഞ ഹാട്രിക്ക്; ഏഴിൽ ഏഴും ജയിച്ച് ബാഴ്സലോണ!

ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി: നവംബർ 8-ന് കൊടിയേറ്റം; വിശ്വപ്രസിദ്ധമായ രഥസംഗമം നവംബർ 16-ന്

എസ്എസ്എൽസി : മിനിമം മാർക്ക് നിബന്ധന ഇക്കൊല്ലമില്ല; ഉത്തരവ് മരവിപ്പിച്ചു

'9,268' ദിവസത്തിന് ശേഷം ആദ്യ ​ഗോൾ, ആദ്യ ജയം!