മൂന്നാർ: കാന്തല്ലൂരിൽ വിനോദസഞ്ചാരികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൾ . തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നെത്തിയ സഞ്ചാരികളാണ് ആനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാന്തല്ലൂർ ശിവൻപന്തിയിൽ വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് ജനവാസമേഖലയിലേക്ക് കടന്നെത്തിയ കാട്ടാനക്കൂട്ടമാണ് പ്രദേശത്ത് വലിയ രീതിയിൽ ഭീതി പരത്തിയത്.
റോഡിന് സമീപമുള്ള കുന്നിൻചെരുവിൽ കാട്ടാനക്കൂട്ടം മേയുന്നത് കണ്ട് സഞ്ചാരികളിൽ ചിലർ സമീപത്തായി നിൽക്കുകയായിരുന്നു. ഇതിനിടെ കൂട്ടത്തിൽ നിന്നൊരു കാട്ടാന പെട്ടെന്ന് ഇവർക്ക് നേരെ ചിന്നംവിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ് സഞ്ചാരികൾ വേഗത്തിൽ പിന്നിലേക്ക് ഓടിമാറിയതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശിവൻപന്തി ഉൾപ്പെടെയുള്ള കാന്തല്ലൂർ മേഖലകളിൽ കാട്ടാനശല്യം അതീവ രൂക്ഷമാണ്.
ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ മഴ കുറയുകയും സ്വാഭാവിക കുടിവെള്ള സ്രോതസ്സുകൾ വറ്റിവരളുകയും ചെയ്തതോടെയാണ് ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങൾ വൻതോതിൽ നാട്ടിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന കാട്ടാനശല്യം കാരണം തോട്ടം തൊഴിലാളികളും നാട്ടുകാരും വിനോദസഞ്ചാരികളും വലിയ ഭയത്തോടെയാണ് കഴിയുന്നത്. വിനോദസഞ്ചാരികളുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കാട്ടാനകൾ ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാൻ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, ആനകളെ കണ്ട് സമീപത്തേക്ക് പോയ സഞ്ചാരികൾ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ചതാണ് ആന പാഞ്ഞടുക്കാൻ ഇടയാക്കിയതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. വന്യമൃഗങ്ങളുടെ സാമീപ്യമുള്ള പ്രദേശങ്ങളിൽ സഞ്ചാരികൾ അനാവശ്യമായി വാഹനങ്ങൾ നിർത്തുന്നതും ആനകളുടെ അടുത്തേക്ക് പോകുന്നതും തടയാൻ വനംവകുപ്പും പൊലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്. സംഭവത്തിൽ വനംവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates