All Religion Prayer Thekkady 
Idukki

മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശത്ത് കടുത്ത വരൾച്ച; മഴയ്ക്കായി തേക്കടിയിൽ സർവ്വമത പ്രാർത്ഥനയുമായി തമിഴ്‌നാട് കർഷകർ - വിഡിയോ

ഒന്നാം കൃഷി അനിശ്ചിതത്വത്തിൽ; ആശങ്കയിലായി തേനി ജില്ലയിലെ പതിനയ്യായിരത്തോളം കർഷകർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തേക്കടി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കടുത്ത വരൾച്ച തുടരുന്ന പശ്ചാത്തലത്തിൽ, അടിയന്തിരമായി മഴ ലഭിക്കുന്നതിനായി പ്രത്യേക സർവ്വമത പ്രാർത്ഥനകളും പൂജകളുമായി തമിഴ്‌നാട്ടിലെ കർഷകർ. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ ഇത്തവണത്തെ ഒന്നാം കൃഷി പൂർണ്ണമായും അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ തേക്കടിയിൽ വേറിട്ട പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാലവർഷത്തിലുണ്ടായ കടുത്ത കുറവ് തമിഴ്‌നാട്ടിലെ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശത്ത് ക്യാച്ച്മെന്റ് ഏരിയകളിൽ മഴ പെയ്യാത്തതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് പൂർണ്ണമായും നിലച്ച മട്ടാണ്.

ജലനിരപ്പ് 112.90 അടിയിലേക്ക്; പ്രതിസന്ധിയിലായി തേനിയിലെ കൃഷി

തമിഴ്‌നാടിന്റെ പ്രധാന കൃഷിയിടങ്ങളായ തേനി, മധുര ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളുടെ ജീവനാഡിയായ മുല്ലപ്പെരിയാറിൽ നിലവിലെ ജലനിരപ്പ് 112.90 അടിയായി താഴുകയുണ്ടായി.

തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ (നിയമപ്രകാരം ഡാമിൽ കുറഞ്ഞത് 118 അടി വെള്ളം ഉണ്ടായാൽ മാത്രമേ കൃഷിക്കായി ലോവർ ക്യാമ്പിലേക്ക് വെള്ളം തുറന്നുവിടാൻ സാധിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഇതിന് സാധിക്കാത്തതാണ് കർഷകരെ വലയ്ക്കുന്നത്.

വെള്ളമില്ലാതായതോടെ കമ്പം, ചിന്നമന്നൂർ, തേനി മേഖലകളിലെ പതിനയ്യായിരത്തോളം വരുന്ന കർഷക കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വിത്തുപാകാനും ഞാറുനടാനും ഒരുക്കിയ പാടശേഖരങ്ങളെല്ലാം കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്.

തേക്കടിയിൽ സർവ്വമത സൗഹാർദ്ദ പ്രാർത്ഥന

കാലാവസ്ഥ അനുകൂലമാകാനും എത്രയും വേഗം മഴ പെയ്യാനും വേണ്ടി കമ്പം-ചിന്നമന്നൂർ കർഷക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തേക്കടിയിലെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിനോട് ചേർന്നുള്ള ക്ഷേത്ര പരിസരത്ത് സർവ്വമത പ്രാർത്ഥന നടത്തിയത്.

വിവിധ മതവിഭാഗങ്ങളിൽപ്പെട്ട ആത്മീയ നേതാക്കൾ ഒന്നിച്ച് ചടങ്ങുകൾക്ക് നേതൃത്വം നൽകി. കമ്പം വാവർ പള്ളി ഇമാം അലാവുദ്ദീൻ മിസ്ബാഹി, റിവൈവൽ ചർച്ച് ബിഷപ്പ് ജ്ഞാനപ്രകാശം, കമ്പം വേലപ്പർ ക്ഷേത്രം അർച്ചകൻ രവി എന്നിവർ ഒരേ വേദിയിൽ കർഷകർക്കൊപ്പം പ്രത്യേക പൂജകൾക്കും പ്രാർത്ഥനകൾക്കും നേതൃത്വം നൽകി. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ അതിർത്തി മേഖലകളിൽ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് കർഷക കൂട്ടായ്മകളുടെ തീരുമാനം.

Faced with severe drought and an uncertain crop season, farmers from Tamil Nadu organized a joint all-religious mass prayer meeting near the Tamil Nadu Public Works Department (PWD) office in Thekkady, praying for immediate rainfall in the Mullaperiyar dam’s catchment areas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ ചിരി പിന്നെ ചിരിക്കാന്‍ പറ്റിയിട്ടില്ല, ലോകകപ്പിലെ ഇഷ്ട ടീം ഏതെന്ന് പറയില്ല': മനസ്സ് തുറന്ന് മുഖ്യമന്ത്രി

ഏഴ് തലമുറകളിലെ പിതൃക്കള്‍ക്ക് മോക്ഷം, എന്താണ് ഗയാ ശ്രാദ്ധം?; അറിയേണ്ടതെല്ലാം

പുരുഷ നഴ്സുമാർക്ക് വൻ അവസരം! 1.30 ലക്ഷം ശമ്പളം, സൗജന്യ നിയമനം; ഗൾഫിലേക്ക് സർക്കാർ റിക്രൂട്ട്മെൻറ്

പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തി; ഭാര്യയ്ക്ക് 102 കോടി

പൾസർ സുനി ജയിലിൽ തന്നെ; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി