മൂന്നാർ: പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം മൂന്നാറിലെ മലനിരകളെ നീലപ്പട്ടുടുപ്പിച്ചെത്തിയ നീലക്കുറിഞ്ഞി വസന്തത്തിന് ആദരമർപ്പിച്ച് മൂന്നാർ ഗവൺമെന്റ് കോളേജിൽ ഭക്തിസാന്ദ്രമായ 'കുറിഞ്ഞി പൂജ' സംഘടിപ്പിച്ചു. കോളേജിലെ നേച്ചർ ക്ലബ്ബിന്റെയും എസ്.സി–എസ്.ടി സെല്ലിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രകൃതിയെ അറിയാനും സംരക്ഷിക്കാനുമുള്ള സന്ദേശമുയർത്തി വിപുലമായ പരിസ്ഥിതി ബോധവത്കരണ പരിപാടിയും കുറിഞ്ഞി പൂജയും നടത്തിയത്.
മൂന്നാറിന്റെ മലഞ്ചെരുവുകളിൽ നീലക്കുറിഞ്ഞികൾ കൂട്ടത്തോടെ പൂവിട്ട പശ്ചാത്തലത്തിലാണ് പ്രകൃതിയോടുള്ള കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് വേറിട്ട ഈ ചടങ്ങ് സംഘടിപ്പിച്ചത്. പൽരാജ് കാട്ടാമുടിയും സംഘവുമാണ് പരമ്പരാഗത ആചാരങ്ങളോടെ കുറിഞ്ഞി പൂജ നിർവ്വഹിച്ചത്. പരിപാടിയുടെ ഭാഗമായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡോ. പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. പശ്ചിമഘട്ടത്തിന്റെ തനത് ജൈവവ്യവസ്ഥയുടെ അടയാളമായ കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിന്റെ ആവശ്യകതയും അദ്ദേഹം വിദ്യാർഥികളെ ഓർമ്മിപ്പിച്ചു.
പൂജയ്ക്കും ബോധവത്കരണ സെഷനും ശേഷം കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് പ്രശസ്തമായ ചൊക്രമുടി മലനിരകളിലേക്ക് പഠന ട്രക്കിങ് നടത്തി. നീലക്കുറിഞ്ഞികൾ വിരിഞ്ഞുനിൽക്കുന്ന മലനിരകളിലൂടെ നടത്തിയ ഫീൽഡ് സന്ദർശനം വിദ്യാർത്ഥികൾക്ക് പ്രകൃതിയെ അടുത്തറിയാനും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഉത്തരവാദിത്ത ടൂറിസത്തിന്റെയും പ്രായോഗിക പാഠങ്ങൾ ഉൾക്കൊള്ളാനും വലിയ അവസരമായി മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates