

ഉന്നതവിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (AICTE) നടപ്പാക്കുന്ന സരസ്വതി സ്കോളർഷിപ്പിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
2026–27 അധ്യയന വർഷത്തേക്കുള്ള പുതിയ അപേക്ഷകളും പുതുക്കൽ അപേക്ഷകളും ഇപ്പോൾ ഔദ്യോഗിക പോർട്ടൽ വഴി സമർപ്പിക്കാം. ബി.ബി.എ (BBA), ബി.സി.എ (BCA), ബി.എം.എസ് (BMS) കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികൾക്ക് ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും.
സ്കോളർഷിപ്പ് തുക
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിനികൾക്ക് പ്രതിവർഷം 25,000 രൂപ വീതം ലഭിക്കും. മൂന്ന് വർഷത്തെ ബിരുദ പഠനത്തിന് പരമാവധി 75,000 രൂപ വരെ സ്കോളർഷിപ്പായി ലഭിക്കും. കോളജ് ഫീസ്, പുസ്തകങ്ങൾ, സ്റ്റേഷനറി,കംപ്യുട്ടർ, പഠനോപകരണങ്ങൾ, സോഫ്റ്റ്‌വെയർ എന്നിവയ്ക്കായി തുക വിനിയോഗിക്കാം.
യോഗ്യത
ഇന്ത്യൻ വിദ്യാർഥിനിയായിരിക്കണം.
2026–27 അധ്യയന വർഷം എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സ്ഥാപനത്തിൽ ബി.ബി.എ, ബി.സി.എ, ബി.എം.എസ് കോഴ്സിന്റെ ഒന്നാം വർഷം പഠിക്കുന്നവരായിരിക്കണം.
കുടുംബത്തിന്റെ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ താഴെയായിരിക്കണം.
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയ ശേഷം ബിരുദ പ്രവേശനത്തിനിടയിൽ രണ്ട് വർഷത്തിൽ കൂടുതൽ പഠന ഇടവേള ഉണ്ടായിരിക്കരുത്.
ആവശ്യമായ രേഖകൾ
ആധാർ കാർഡ്
പത്താം ക്ലാസ്, പ്ലസ് ടു മാർക്ക് ലിസ്റ്റുകൾ
കുടുംബ വരുമാന സർട്ടിഫിക്കറ്റ്
കോളജ് പ്രവേശന രേഖ
ഫീസ് രസീത്
ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
പ്രധാന തീയതികൾ
അപേക്ഷാ പോർട്ടൽ തുറന്നത്: 2026 ഒക്ടോബർ 15
കോളജ് തല പരിശോധനയുടെ അവസാന തീയതി: 2027 ജനുവരി 31
സംസ്ഥാനതല പരിശോധനയുടെ അവസാന തീയതി: 2027 ഫെബ്രുവരി 15
അപേക്ഷയിലെ അപാകതകൾ പരിഹരിക്കാനുള്ള അവസാന തീയതി: 2027 ഫെബ്രുവരി 28
എങ്ങനെ അപേക്ഷിക്കാം?
യോഗ്യതയുള്ള വിദ്യാർഥിനികൾ ഔദ്യോഗിക വെബ്സൈറ്റായ https://sarswati.aicte.gov.in/ സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിച്ച ശേഷം കോളജ് അധികൃതരുമായി ബന്ധപ്പെട്ട് പരിശോധന പൂർത്തിയായെന്ന് ഉറപ്പാക്കണം. അപേക്ഷയിലെ വിവരങ്ങളും രേഖകളും കൃത്യമാണെന്ന് പരിശോധിച്ച ശേഷമേ സമർപ്പിക്കാവൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates