മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ റിസോർട്ടിൽ താമസിച്ചിരുന്ന സഞ്ചാരികളുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയിൽ. മധുര സ്വദേശിയായ നാഗാർജുനനെയാണ് തേനി ബസ് സ്റ്റാൻഡിൽ നിന്നും മൂന്നാർ പൊലീസ് അതീവ തന്ത്രപരമായി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ കവർച്ച നടന്നത്. മൂന്നാറിലെ റിസോർട്ടിൽ താമസിക്കാനെത്തിയ മധുര സ്വദേശിയായ പി. മോഹൻകുമാറിന്റെയും ഭാര്യയുടെയും രണ്ട് പവൻ വരുന്ന സ്വർണ്ണാഭരണങ്ങളും പതിമൂവായിരം രൂപയുമാണ് നാഗാർജുനൻ മോഷ്ടിച്ചത്. പുലർച്ചെ ദമ്പതികൾ മുറിക്കുള്ളിൽ ഉറക്കത്തിലായിരുന്ന സമയത്ത്, പുറത്തെ സ്ലൈഡിങ് ജനൽ രഹസ്യമായി തുറന്ന് അകത്തുകയറിയായിരുന്നു പ്രതി കവർച്ച നടത്തിയത്.
രേഖകളില്ല, വില്ലനായത് ബാഗിലെ ഫോൺ നമ്പറുകൾ
റിസോർട്ടിൽ ഹൗസ് കീപ്പിങ് ജോലിക്കായി ഇയാൾ എത്തിയ ആദ്യത്തെ ദിവസം തന്നെയായിരുന്നു ഈ വൻ കവർച്ച നടത്തിയത്. ജോലിക്ക് കയറുന്ന വേളയിൽ സ്വന്തം മേൽവിലാസമോ മറ്റ് ഔദ്യോഗിക തിരിച്ചറിയൽ രേഖകളോ ഒന്നും തന്നെ ഇയാൾ റിസോർട്ട് അധികൃതർക്ക് നൽകിയിരുന്നില്ല. മോഷണത്തിന് ശേഷം ഇയാൾ റിസോർട്ടിൽ നിന്നും മുങ്ങുകയായിരുന്നു.
തുടർന്ന് മൂന്നാർ പൊലീസ് നടത്തിയ വിശദമായ ശാസ്ത്രീയ പരിശോധനയിൽ, പ്രതി റിസോർട്ടിൽ ഉപേക്ഷിച്ചുപോയ ബാഗ് കണ്ടെത്താൻ കഴിഞ്ഞു. ഈ ബാഗിൽ നിന്നും ലഭിച്ച ചില ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി നാഗാർജുനനാണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
തേനിയിൽ വെച്ച് പൊക്കി
പ്രതിക്കായി തമിഴ്‌നാട്ടിലെ തേനിയിലുള്ള ഇയാളുടെ വീട്ടിലും മറ്റ് ഒളിസങ്കേതങ്ങളിലും പൊലീസ് സംഘം വ്യാപകമായ പരിശോധനകൾ നടത്തിയിരുന്നു. ഒടുവിൽ തേനി ബസ് സ്റ്റാൻഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കവേയാണ് മൂന്നാർ പൊലീസ് സംഘം ഇയാളെ വളഞ്ഞുപിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിക്കപ്പെട്ട സ്വർണ്ണവും പണവും കണ്ടെത്തുന്നതിനായി പ്രതിയെ വരും ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates