Don't Feed Monkeys, Wild Life Warning Board 
Idukki

കുരങ്ങുകൾക്ക് തീറ്റ കൊടുത്താൽ ഇനി പിടിവീഴും; തേക്കടിയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നു

ഭക്ഷണം നൽകി ശീലിപ്പിച്ചതോടെ സഞ്ചാരികളെ ആക്രമിക്കുന്നത് പതിവായി. നിയമലംഘകർക്കെതിരെ വന്യജീവി നിയമപ്രകാരം കേസെടുക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കുമളി: തേക്കടി വന്യജീവി സങ്കേതത്തിലെത്തുന്ന വിനോദസഞ്ചാരികൾ സ്നേഹം മൂത്ത് വന്യമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്നതിലൂടെ കുരങ്ങുകളുടെ കടിയും മാന്തലും വാങ്ങുന്നത് പതിവായതോടെ കർശന നടപടികളുമായി വനം വകുപ്പ് രംഗത്ത്. തേക്കടിയിലെത്തുന്ന സഞ്ചാരികൾ വാനരന്മാർക്ക് ഭക്ഷണസാധനങ്ങളോ പഴങ്ങളോ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ വനം-വന്യജീവി സംരക്ഷണ ചട്ടപ്രകാരം കർശനമായ നിയമനടപടികളും ഭീമമായ പിഴയും ഈടാക്കുമെന്ന് അധികൃതർ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച ബോർഡുകൾ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ തേക്കടി ബോട്ട് ലാൻഡിംഗിലും പരിസരങ്ങളിലും വനം വകുപ്പ് സ്ഥാപിച്ചുകഴിഞ്ഞു.

തമിഴ്‌നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും തേക്കടി കാണാനെത്തുന്ന വിനോദസഞ്ചാരികളാണ് പ്രധാനമായും കുരങ്ങുകൾക്ക് പരസ്യമായി ഭക്ഷണം നൽകുന്നത്. പഴങ്ങളും മറ്റ് ബേക്കറി പലഹാരങ്ങളും കുരങ്ങുകൾക്ക് നൽകാനായി മാത്രം ചിലർ വീടുകളിൽ നിന്നും പ്രത്യേകം കരുതി കൊണ്ടുവരുന്നതും പതിവാണ്. വനപാലകർ നിരന്തരം വിലക്കുകയും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടും സഞ്ചാരികൾ ഇത് പൂർണ്ണമായി അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വനം വകുപ്പ് പുതിയ നിയമനടപടികളിലേക്ക് കടക്കാൻ അന്തിമ തീരുമാനമെടുത്തത്.

വിനോദസഞ്ചാരികൾ നിരന്തരം ഭക്ഷണം നൽകി ശീലിപ്പിച്ചതോടെ ഇവ ലഭിക്കാതെ വരുമ്പോൾ സഞ്ചാരികളുടെ കയ്യിലുള്ള ബാഗുകളും ഭക്ഷണസാധനങ്ങളും കുരങ്ങുകൾ ബലമായി പിടിച്ചുപറിക്കുന്നതും ആളുകളെ മാരകമായി ആക്രമിക്കുന്നതും ഇവിടെ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. അടുത്തിടെയായി കുരങ്ങുകളുടെ ആക്രമണത്തിൽ നിരവധി വിനോദസഞ്ചാരികൾക്കാണ് മാന്തിയും കടിച്ചും മുറിവേറ്റത്. പരിക്കേറ്റ ഇവരെ പിന്നീട് വനം വകുപ്പിന്റെ പ്രത്യേക ആംബുലൻസിൽ കുമളിയിലെയും കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് അടിയന്തിര ചികിത്സ നൽകിയാണ് മടക്കി അയച്ചത്.

കുരങ്ങുകളുടെ ഇത്തരം ആക്രമണങ്ങൾ അതിരുകടന്നതോടെയാണ് ഇവയ്ക്ക് തീറ്റ നൽകുന്നതിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്താനും നിയമനടപടികളുമായി മുന്നോട്ട് പോകാനും വനപാലകർ തീരുമാനിച്ചത്. ഇതോടൊപ്പം കൂട്ടത്തിൽ കൂടുതൽ അക്രമസ്വഭാവം കാണിക്കുന്ന പ്രമുഖ കുരങ്ങുകളെ കെണിവെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിന്റെ ഉൾക്കാട്ടിലേക്ക് തുറന്നുവിടാനും വനം വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളിൽ നിന്നും ഭക്ഷണസാധനങ്ങൾ തട്ടിയെടുത്തു ശീലിച്ച വലിയ വാനരപ്പട കുമളി ടൗണിലും പരിസരങ്ങളിലുമുള്ള വ്യാപാരികൾക്കും നാട്ടുകാർക്കും നിലവിൽ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

Following a surge in monkey attacks on tourists at the Periyar Tiger Reserve, the Forest Department has issued a strict ban on feeding wild animals in and around Thekkady

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡിയെ ആക്രമിച്ച കേസ്: ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പാളയത്ത് വന്‍ പൊലീസ് സന്നാഹം

മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊറർ കോമഡി; 'കറക്കം' നാളെ തിയേറ്ററിലേക്ക്

മലയാളത്തിന്‍റെ 'ഒ.ജി നാല്‍വർ സംഘം'; വരുന്നു 'പാതിരാക്കുറുക്കന്‍'

നിര്‍ണായക രേഖകള്‍ ലഭിച്ചു; റെയ്ഡിന് പിന്നാലെ വാര്‍ത്താക്കുറിപ്പുമായി ഇഡി

ഫോണ്‍ അമിതമായി ഹീറ്റാകുന്നുണ്ടോ? അപകടങ്ങള്‍ ക്ഷണിച്ചുവരുത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

SCROLL FOR NEXT