ചക്കക്കൊമ്പൻ 
Idukki

മിഷൻ ചക്കക്കൊമ്പൻ പുരോഗമിക്കുമ്പോഴും ചിന്നക്കനാലിൽ ഒറ്റയാന്റെ വിളയാട്ടം; ഒരേക്കറോളം ഏലക്കൃഷി തകർത്തു

ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് തന്നെ വിടുന്നതിന് പകരം പിടികൂടി മറ്റൊരിടത്തേക്ക് മാറ്റുകയാണ് വേണ്ടതെന്ന് കർഷകർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ഇടുക്കി: 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം പുരോഗമിക്കുമ്പോഴും ചിന്നക്കനാലിലെ കൃഷിയിടങ്ങളിൽ ഒറ്റയാന്റെ വിളയാട്ടം തുടരുന്നു. ചുണ്ടൽ, ബി.എൽ. റാം മേഖലയിലാണ് കാട്ടാന വീണ്ടും വ്യാപക കൃഷിനാശം വരുത്തിയത്. പ്രദേശത്തെ കർഷകനായ പി.എസ്. വില്യംസിന്റെ ഒരേക്കറോളം സ്ഥലത്തെ ഏലക്കൃഷിയാണ് ചക്കക്കൊമ്പൻ പൂർണ്ണമായും ചവിട്ടിമെതിച്ച് നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ നാലാം വർഷത്തെ ഏലച്ചെടികളാണ് ആന തകർത്തത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തോട്ടത്തിലെത്തിയ ചക്കക്കൊമ്പൻ രാത്രി 11 മണിയോടെയാണ് മടങ്ങിയത്. മണിക്കൂറുകളോളം തോട്ടത്തിൽ നിലയുറപ്പിച്ച ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപും ഇതേ തോട്ടത്തിലെത്തി ആന നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.

വർഷങ്ങളുടെ അധ്വാനം വിഫലമായി; കടക്കെണിയിൽ കർഷകൻ

2021-ലും ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഈ മേഖലയിൽ വ്യാപകമായ കൃഷിനാശമുണ്ടായിരുന്നു. അന്ന് തകർന്ന കൃഷിയിടത്തിൽ വീണ്ടും തൈകൾ നട്ട്, നനച്ച്, വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ കർഷകൻ പുനരുജ്ജീവിപ്പിച്ച കൃഷിയാണ് ഇപ്പോൾ വീണ്ടും നശിപ്പിക്കപ്പെട്ടത്. വിളവെടുപ്പിന് തയ്യാറായ ഘട്ടത്തിലുണ്ടായ ഈ നഷ്ടം കർഷകനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാർഷിക വായ്പയെടുത്താണ് കൃഷി മുന്നോട്ടുകൊണ്ടുപോയിരുന്നത്. തുടർച്ചയായ കൃഷിനാശം മൂലം വായ്പ തിരിച്ചടയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് കർഷകൻ വേദനയോടെ പറയുന്നു.

പട്ടയഭൂമിയിലെ കൃഷിനാശത്തിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരം തുച്ഛമാണെന്നും, ലഭിക്കേണ്ട സഹായം പോലും യഥാസമയം കർഷകരുടെ കൈകളിലെത്തുന്നില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. കാട്ടാന ഭീഷണി രൂക്ഷമായതോടെ തോട്ടങ്ങളിൽ പണിക്ക് തൊഴിലാളികളെ ലഭിക്കുന്നതും പ്രയാസമായിരിക്കുകയാണ്. ജോലിക്കെത്തുന്ന തൊഴിലാളികൾ പോലും ഭീതിയോടെയാണ് തോട്ടങ്ങളിൽ കഴിയുന്നത്.

റേഡിയോ കോളർ പരിഹാരമല്ല, ആനയെ പിടിച്ചുമാറ്റണം

ശാന്തൻപാറ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും അവഗണനയാണെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം വനംവകുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും, അത് ശാശ്വത പരിഹാരമല്ലെന്നാണ് കർഷകരുടെ നിലപാട്. ആനയെ റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് തന്നെ വിടുന്നതിന് പകരം പിടികൂടി മറ്റൊരിടത്തേക്ക് മാറ്റുകയാണ് വേണ്ടതെന്ന് കർഷകർ ആവശ്യപ്പെടുന്നു. കൃഷി സംരക്ഷിക്കാനും കർഷകരുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാനും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Even as 'Mission Chakkakomban' is underway in Idukki, the wild tusker destroyed nearly an acre of harvest-ready cardamom crops belonging to a farmer at Chundal in Chinnakanal, prompting farmers to demand the elephant's relocation rather than just radio-collaring.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പരസ്യസംവാദത്തിന് തയ്യാറുണ്ടോ; ഞാന്‍ എല്ലാം ഡയറിയില്‍ എഴുതിവച്ചിട്ടുണ്ട്; വെല്ലുവിളിച്ച് ഉണ്ണിത്താന്‍

കാലാവസ്ഥ മാറിയപ്പോൾ താരൻ കൂടിയോ? സ്കാൽപ്പിന് വേണം എക്സ്ട്രാ കെയർ

അഞ്ച് വര്‍ഷം, ദുബൈയുടെ മുഖം മാറും; ഇത്തിഹാദ് റെയില്‍ അല്‍ മക്തും വിമാനത്താവളത്തിലേക്ക്

'സിപിഎം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താന്‍; ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് അത് മറക്കാനാകില്ല, കടപ്പാട് എന്നുമുണ്ടാകും'

'ഇത് പക്കാ കളവാണ്'; ഔസേപ്പച്ചന്റെ 'അന്തിമാലൈ കോയില്‍ വന്തേന്‍' എആര്‍ റഹ്മാന്റെ പേരിലായത് എങ്ങനെ?