Akkare Kottiyoor Temple Case 
Kannur

പ്രവേശനം നിഷിദ്ധമായ അക്കരെ കൊട്ടിയൂരിൽ അതിക്രമിച്ചു കയറി റീൽസെടുത്തു: തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്

വൈശാഖ മഹോത്സവം കഴിഞ്ഞാൽ പൂജാരികൾ പോലും പ്രവേശിക്കാത്ത സന്നിധാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കണ്ണൂർ: വൈശാഖ മഹോത്സവ കാലത്ത് അല്ലാതെ പ്രവേശനം കർശനമായി വിലക്കിയിട്ടുള്ള അക്കരെ കൊട്ടിയൂർ മഹാദേവ ക്ഷേത്ര സന്നിധാനത്തിൽ അതിക്രമിച്ചു കയറി ഫോട്ടോകളും റീൽസുകളും പകർത്തിയ തിരുവനന്തപുരം സ്വദേശിക്കെതിരെ കേളകം പൊലീസ് കേസെടുത്തു. തിരുവനന്തപുരം ബാലരാമപുരം പ്ലാവില സ്വദേശി മുരളി (42) ക്കെതിരെയാണ് കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി നാരായണൻ നായർ പൊലീസിൽ പരാതി നൽകിയത്. ആചാര സംരക്ഷണമുള്ള പുണ്യഭൂമിയിൽ അനുമതിയില്ലാതെ പ്രവേശിച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതിനെത്തുടർന്നാണ് ദേവസ്വം അധികൃതർ നിയമനടപടിയുമായി മുന്നോട്ടുപോയത്.

വർഷത്തിൽ 28 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവ വേളയിൽ മാത്രമാണ് ഭക്തർക്ക് അക്കരെ കൊട്ടിയൂർ സന്നിധാനത്തിലേക്ക് പ്രവേശനം അനുവദിക്കാറുള്ളത്. ഉത്സവം കഴിഞ്ഞാൽ ക്ഷേത്ര പരികർമ്മികൾ പോലും ഇവിടേക്ക് പ്രവേശിക്കാറില്ലെന്നതാണ് നൂറ്റാണ്ടുകളായുള്ള ചിട്ട. വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം കഴിക്കുന്ന വനവാസികൾ പോലും ഈ ആചാരം കാത്തുസൂക്ഷിക്കാറുണ്ട്. അത്രയേറെ ആചാരപരമായ സംരക്ഷണമുള്ള സ്ഥലത്താണ് മുരളിയുടെ നേതൃത്വത്തിലുള്ള സംഘം സമൂഹമാധ്യമങ്ങളിലെ റീൽസുകൾക്കായി നിയമവിരുദ്ധമായി എത്തിയത്.

വൈശാഖ മഹോത്സവ കാലത്ത് അക്കരെ കൊട്ടിയൂരിൽ മുളയും പുല്ലും ഉപയോഗിച്ച് താൽക്കാലികമായി നിർമ്മിക്കുന്ന പർണ്ണശാലകളിലാണ് പൂജകളും മറ്റ് ആചാരങ്ങളും നടക്കാറുള്ളത്. ഉത്സവം സമാപിക്കുന്നതോടെ ഇവ സ്വാഭാവികമായി നശിച്ചുപോവുകയും, അടുത്ത ഉത്സവകാലത്തിന് മുന്നോടിയായി മാത്രം പുതിയവ നിർമ്മിക്കുകയുമാണ് പതിവ്. അങ്ങേയറ്റം ഭക്തിയോടെ കാത്തുസൂക്ഷിക്കുന്ന പവിത്രമായ ഇടത്ത് അതിക്രമിച്ചു കയറിയത് ക്ഷേത്ര ആചാരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഭക്തരും ദേവസ്വം ഭാരവാഹികളും ചൂണ്ടിക്കാട്ടി. സംഭവത്തിൽ കേളകം പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The Kelakam police in Kannur have registered a case against a 42-year-old native of Thiruvananthapuram for allegedly trespassing into the revered Akkare Kottiyoor Mahadeva Temple premises—where entry is strictly forbidden outside festival periods—to shoot photographs and social media reels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ'; സാവിത്രി ശ്രീധരന്‍ അന്തരിച്ചു

ഗുണനിലവാരമില്ലാത്തവ വേണ്ട; സ്‌ക്രീന്‍ ഗാര്‍ഡുകള്‍ക്കും 'ക്വാളിറ്റി ചെക്ക്' നിര്‍ബന്ധം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ഫുൾ എ പ്ലസ്: രമ ടീച്ചർ ഇനി നിയമപഠനത്തിലേക്ക്

പൊലീസ് ജീപ്പിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം: ഇടിച്ചുതെറിപ്പിച്ചതെന്ന് കുടുംബം; വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി

52 കരക്കാരുടെ കാത്തിരിപ്പ്, പടനിലത്ത് നൂറുകണക്കിന് നന്ദികേശരൂപങ്ങള്‍; ആവേശമായി ഓച്ചിറ കെട്ടുത്സവം ഇന്ന്, പ്രാദേശിക അവധി