V Kunjikrishnan Slams Pinarayi ED Probe 
Kannur

'പിണറായിക്കെതിരെയുള്ള ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറയാനാവില്ല; വിശദീകരിക്കാൻ ബാധ്യതയുണ്ട്': ടികെ ഗോവിന്ദനെ തള്ളി വി കുഞ്ഞികൃഷ്ണൻ എംഎൽഎ

കുടുംബത്തിനെതിരായ ആരോപണത്തെ എന്തിനാണ് പാർട്ടിക്ക് നേരെയുള്ള ആക്രമണമായി ചിത്രീകരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പയ്യന്നൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് യുഡിഎഫ് സ്വതന്ത്ര എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. നേതൃത്വത്തിലുള്ളവരുടെ മക്കൾക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നുവരുമ്പോൾ അതിൽ ജനങ്ങൾക്ക് മുന്നിൽ കൃത്യമായ വിശദീകരണം നൽകാൻ പാർട്ടി നേതൃത്വം തയ്യാറാകണം. എന്നാൽ പിണറായി വിജയൻ അതിന് തയ്യാറായിട്ടില്ലെന്നും പയ്യന്നൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം തുറന്നടിച്ചു. ഇതോടെ, പിണറായിക്കെതിരായ ഇഡി നീക്കം ഇന്ത്യാ മുന്നണിയിൽ ഭിന്നതയുണ്ടാക്കാനുള്ള ബിജെപിയുടെ ആസൂത്രിത രാഷ്ട്രീയ തന്ത്രമാണെന്ന തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ പരസ്യമായി തള്ളിക്കളഞ്ഞിരിക്കുകയാണ് മറ്റൊരു യുഡിഎഫ് സ്വതന്ത്ര എംഎൽഎയായ വി. കുഞ്ഞികൃഷ്ണൻ.

നേതൃത്വത്തിലുള്ളവരുടെ കുടുംബാംഗങ്ങൾക്കെതിരെ ആരോപണങ്ങൾ വരുമ്പോൾ അതിന് കൃത്യമായ മറുപടി നൽകാതിരുന്നാൽ ഇതിൽ എന്തോ വലിയ കഴമ്പുണ്ടെന്ന് തന്നെയാണ് പൊതുസമൂഹം കരുതുകയെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. "പ്രതിപക്ഷത്തുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ഇഡിയുടെ സ്ഥിരം ശൈലിയാണ്, അത്തരം രാഷ്ട്രീയപ്രേരിതമായ ഇടപെടലുകൾ കേന്ദ്ര ഏജൻസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുമുണ്ട്. എന്നാൽ പിണറായിക്കെതിരായ ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെങ്കിൽ വിശ്വസനീയമായ വിശദീകരണം നൽകാൻ എന്തുകൊണ്ട് സിപിഎമ്മിന് കഴിയുന്നില്ല? പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കിൽ അന്വേഷണം പ്രസ്ഥാനത്തിന് നേരെയും വരും. എന്നാൽ പിണറായിയുടെ കുടുംബത്തിനെതിരായി വിമർശനങ്ങൾ ഉയരുമ്പോൾ അതിനെ എന്തിനാണ് പാർട്ടിക്ക് നേരെയുള്ള വിമർശനമായി വ്യാഖ്യാനിക്കുന്നത്?" കുഞ്ഞികൃഷ്ണൻ ചോദിച്ചു.

മാസപ്പടി വിഷയം എൽഡിഎഫ് മുന്നണിക്കകത്ത് വിശദമായി ചർച്ച ചെയ്യണമായിരുന്നുവെന്ന് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. "സിപിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. അവരെ കൃത്യമായി ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ സിപിഐ ഈ വിഷയത്തിൽ ഒരിക്കലും പരസ്യ വിമർശനം ഉന്നയിക്കില്ലായിരുന്നു. മറ്റു ഘടകകക്ഷികളെ ബോധ്യപ്പെടുത്തുക എന്നത് മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ ബാധ്യതയാണ്. മുന്നണി ഒറ്റക്കെട്ടായി ഒപ്പം നിൽക്കണമെങ്കിൽ മുന്നണിക്കുള്ളിൽ സിപിഎം വ്യക്തമായ വിശദീകരണം നൽകണം. അതിന് തയ്യാറാകുന്നില്ലെങ്കിൽ മുന്നണിയിലെ ഘടകകക്ഷികൾ സ്വതന്ത്രമായ നിലപാടുകൾ പരസ്യമായി പറയുന്നതിൽ ഒരു തെറ്റുമില്ല," അദ്ദേഹം ഓർമ്മിപ്പിച്ചു.

കോഴിക്കോട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞാലും പാർട്ടി തെറ്റുകൾ തിരുത്താൻ സന്നദ്ധമാകുമോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്ന് കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു. യഥാർത്ഥ തെറ്റിന്റെ കാരണങ്ങൾ സത്യസന്ധമായി കണ്ടെത്തിയാൽ മാത്രമേ തിരുത്തൽ സാധ്യമാകൂ. ഇതുവരെ അത്തരം ആത്മാർത്ഥമായ ശ്രമങ്ങളൊന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗ റിപ്പോർട്ടിലെ തെറ്റുതിരുത്തൽ രേഖയിൽ തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പരാമർശിക്കാത്തത് ദുഃഖകരമാണ്. ഇത് കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തൽ വിലയിരുത്തലിൽ നിന്നുള്ള പിന്നോട്ടുപോക്കാണ്. കേന്ദ്ര കമ്മിറ്റി രേഖയെ തള്ളിപ്പറയുന്നതിലൂടെ ചിലർ പാർട്ടി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. തനിക്ക് പാർലമെന്ററി മോഹമാണെന്നാണ് ചിലർ ആക്ഷേപിക്കുന്നത്. നിരവധി മുതിർന്ന നേതാക്കളുണ്ടായിട്ടും ഒന്നോ രണ്ടോ നേതാക്കൾക്ക് മാത്രം എല്ലാത്തിലും ഇളവുകൾ നൽകുന്ന സമീപനമാണ് യഥാർത്ഥ പാർലമെന്ററി മോഹം. അല്ലാതെ രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലെന്നും വി. കുഞ്ഞികൃഷ്ണൻ തുറന്നടിച്ചു

Delivering a sharp internal contradiction within the opposition benches, UDF-backed Independent MLA V. Kunjikrishnan stated on Monday that the ongoing Enforcement Directorate (ED) investigation surrounding former Chief Minister Pinarayi Vijayan cannot be dismissed outright as mere political vendetta

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ല; ഉത്സവങ്ങളില്‍ ഇടപെടും; ക്ഷേത്രങ്ങളില്‍ നടക്കുന്നത് ശാഖയും ക്ലാസും; പാര്‍ട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേകം ആപ്പ്'

പഴവങ്ങാടി തൊട്ട് മധൂർ വരെ; അറിയാം കേരളത്തിലെ പ്രധാന ​ഗണപതി ക്ഷേത്രങ്ങൾ

'അവര്‍ മഹാനടിയാണെന്നതില്‍ സംശയില്ല, പക്ഷെ സ്വഭാവം...'; ഉര്‍വശിയെ വിമര്‍ശിച്ച് അവന്തിക മോഹന്‍

ടിക്കറ്റെടുത്തിട്ട് ട്രെയിനില്‍ കയറാനായില്ലെങ്കില്‍ റീഫണ്ട് കിട്ടുമോ? യാത്രക്കാര്‍ അറിയേണ്ടത്, മുന്നറിയിപ്പുമായി ഇത്തിഹാദ് റെയില്‍

ഇടുക്കിയിൽ മുസ്ലിം ലീഗ് പ്രവർത്തക യോഗത്തിൽ കൂട്ടയടി; ചേരിതിരിഞ്ഞ് നേതാക്കളും പ്രവർത്തകരും; യോഗം ചേരാനാവാതെ പിരിഞ്ഞു