

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഇഡിയുടെ നിർദേശം രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അന്വേഷണം പ്രതിപക്ഷനേതാവ് പിണറായി വിജയനിലേക്കെത്തിക്കുവാന്‍ കഴിയുമോയെന്ന് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഇ ഡിയുടെ പുതിയ കത്തെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇഡി കത്ത് പുറത്തുവിടുന്നത്. കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് എസ്എഫ്‌ഐഒയുടെ റിപ്പോർട്ട് വന്നപ്പോൾ തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. ഭരണമാറ്റത്തിന്റെ മറവില്‍ രാഷ്‌ട്രീയ പകപോക്കലിന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവും എന്ന നിഗമനത്തില്‍, കോടതി തള്ളിക്കളഞ്ഞ അതേ ആവശ്യം വീണ്ടും ഉന്നയിക്കുകയാണ് ഇ ഡി. നിയമവിരുദ്ധ നീക്കങ്ങൾ നടത്തുന്ന ഇഡിയുടെ നിർദേശം യുഡിഎഫ് സർക്കാർ പാലിക്കുമോ എന്നത് കേരളം ഉറ്റുനോക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും ഈ ആരോപണങ്ങൾ ഉന്നയിച്ച് കോടതിയെ സമീപിച്ചപ്പോൾ ആ കേസുകളെല്ലാം കോടതികള്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. നിയമപരമായി എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ട് നിലനില്‍ക്കില്ല എന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കണം പുതിയ കേസ് രജിസ്റ്റര്‍ ചെയ്യിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനോട് ഇ ഡി ആവശ്യപ്പെടുന്നത്.തട്ടിക്കൂട്ടിയ ഈ കേസ് മുന്നോട്ടുകൊണ്ടുപോകാനാണ് ഇപ്പോള്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നത്.
കരാർ പ്രകാരം നികുതി അടച്ചാണ് സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് നടത്തിയത്. അത് ബാങ്ക് വഴിയാണ് നടന്നത്. യഥാർത്ഥത്തിൽ സിഎംആർഎൽ എക്‌സാലോജിക്കിന് പണം കൈമാറിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ലെന്ന് എല്ലാവർക്കും അറിയാം. വീണ പിണറായി വിജയന്റെ മകൾ ആണ് എന്നതാണ് ഈ ദുരാരോപണത്തിന്റെ പിന്നിൽ. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ സിഎംആർഎല്ലിന് വഴിവിട്ട ഒരാനുകൂല്യവും നൽകിയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതാണ്. പിണറായി വിജയനെതിരെ എഫ്ഐആർ ഇട്ടാൽ കോടതിയെ സമീപിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates