Iritty North Malabar Educational Society Row 
Kannur

കോളജ് നിർമ്മാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം സൊസൈറ്റിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം

വർഷങ്ങൾ കഴിഞ്ഞിട്ടും കോളജ് വന്നില്ല, 38 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ടെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും ബിനോയ് കുര്യൻ

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റിക്കെതിരെ ഗുരുതര സാമ്പത്തിക തിരിമറി ആരോപണവുമായി നിക്ഷേപകർ രംഗത്ത്. കോളജ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി വ്യാപകമായി ഓഹരികൾ സമാഹരിച്ച ശേഷം പദ്ധതി അട്ടിമറിച്ചെന്നും പണത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമാണ് ആക്ഷേപം.

മുൻപ് ഉയർന്നുവന്നതും പിന്നീട് ഒതുക്കിത്തീർത്തതുമായ പരാതികളാണ് പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന ഒരു വിഭാഗം നിക്ഷേപകർ ഇപ്പോൾ വീണ്ടും പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചിരിക്കുന്നത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായി 2015-ലാണ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ് സൊസൈറ്റിയുടെ പ്രസിഡന്റ്.

പ്രദേശത്ത് പുതിയൊരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം യാഥാർത്ഥ്യമാക്കുമെന്ന് വിശ്വസിപ്പിച്ചാണ് 1,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഓഹരികളായി നിക്ഷേപകരിൽ നിന്ന് വൻതുക സമാഹരിച്ചത്. എന്നാൽ പണം കൈപ്പറ്റി വർഷങ്ങൾ പിന്നിട്ടിട്ടും കോളജ് ആരംഭിക്കുകയോ പിരിച്ചെടുത്ത തുക എവിടെ വിനിയോഗിച്ചുവെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്ന് നിക്ഷേപകർ വ്യക്തമാക്കുന്നു. സ്ഥാപനത്തിന്റെ കണക്കുകൾ ബോധ്യപ്പെടുത്താനോ നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കാനോ ഇതുവരെ ഒരു ജനറൽ ബോഡി യോഗം പോലും വിളിച്ചുചേർക്കാൻ ഭരണസമിതി തയ്യാറായിട്ടില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു.

അതേസമയം, സൊസൈറ്റിക്കെതിരെ ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള എല്ലാ സാമ്പത്തിക ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് ബിനോയ് കുര്യൻ വ്യക്തമാക്കി. കോളജ് നിർമ്മാണത്തിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെന്റ് ഭൂമി സൊസൈറ്റിയുടെ പേരിൽ വാങ്ങിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും തടസ്സങ്ങൾ നീക്കി കോളജ് നിർമ്മാണവുമായി മുന്നോട്ടുപോകുമെന്നും ബിനോയ് കുര്യൻ കൂട്ടിച്ചേർത്തു. എന്നാൽ ഭൂമി വാങ്ങിയതല്ലാതെ നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടക്കാത്ത പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വിവാദം കൂടുതൽ ശക്തമാകാനാണ് സാധ്യത.

Fresh allegations of severe financial irregularities have surfaced against the CPI(M)-controlled North Malabar Educational Society in Iritty, Kannur, with aggrieved investors accusing the leadership of mismanaging funds collected for a proposed college project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ചതയം ദിനത്തിൽ മാത്രം 8.07 കോടി

ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍

തൃശൂർ പുലിക്കളി മഹോത്സവം 2026: അയ്യന്തോൾ ദേശം ഒന്നാമത്; ഒളരിക്കര രണ്ടാമതും വിയ്യൂർ മൂന്നാമതും

വിട്ടുമാറാത്ത ക്ഷീണം, ഇടയ്ക്കിടെ പനി; ശരീരത്തിൽ സമ്മർദ ഹോർമോൺ ഉയരുന്നതിന്റെ ലക്ഷണം

'മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചിരുന്നെങ്കിൽ ആ ജീവൻ നഷ്ടപ്പെടില്ലായിരുന്നു'; ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ