കണ്ണൂർ: ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരിക്ക്. പയ്യന്നൂർ-പിലാത്തറ ഭാഗത്തുനിന്ന് വരികയായിരുന്ന 'അനുശ്രീ' എന്ന സ്വകാര്യ ബസ്സും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പാർസൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 2.45-ഓടെയായിരുന്നു അപകടം. ഇടിയുടെ കനത്ത ആഘാതത്തിൽ പാർസൽ ലോറി നിയന്ത്രണം വിട്ട് റോഡിന്റെ വശത്തേക്ക് ചരിഞ്ഞുമാറി. ബസ്സിലുണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് അല്പസമയം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates