കണ്ണൂർ: പത്ത് ദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് മിഴിവേകി നഗരത്തിൽ ആദ്യമായി കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചു. നഗരവീഥികളിലൂടെ കന്നിയാത്ര നടത്തിയ ഡബിൾ ഡെക്കർ ബസിനെ കൗതുകത്തോടെയാണ് നാട്ടുകാരും സന്ദർശകരും വരവേറ്റത്. ദസറ ആഘോഷങ്ങളുടെ ഭാഗമായി എറണാകുളത്തുനിന്നാണ് ഈ പ്രത്യേക ബസ് കണ്ണൂരിലേക്ക് എത്തിച്ചിരിക്കുന്നത്.
ആദ്യമായാണ് കണ്ണൂർ നഗരത്തിൽ ഒരു ഡബിൾ ഡെക്കർ ബസ് എത്തുന്നത് എന്നതിനാൽ ആളുകൾക്കിടയിൽ വലിയ ആവേശമാണ് പ്രകടമാകുന്നത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് കാൽടെക്സ്, താഴെ ചൊവ്വ (താന) വഴി മുനീശ്വരൻ കോവിൽ വഴിയാണ് ബസ് തിരികെ ആരംഭിച്ച സ്ഥലത്ത് എത്തിച്ചേരുന്നത്. ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നഗരത്തിലൂടെ സർവീസ് നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ബസ് സർവീസ് നടത്തുക.
താഴത്തെ തട്ടിൽ 28 സീറ്റുകളും മുകൾത്തട്ടിൽ 36 സീറ്റുകളുമായി ആകെ 64 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ബസിലുള്ളത്. എന്നാൽ ഉയർന്ന വാഹനമായതിനാൽ ഉയരക്കുറവുള്ള റോഡുകളിലൂടെയോ സാധാരണ ബസുകൾ പോകുന്ന എല്ലാ വഴികളിലൂടെയോ ഈ ബസിന് സഞ്ചരിക്കാൻ പരിമിതികളുണ്ട്. കണ്ണൂരിൽ ഡബിൾ ഡെക്കർ സർവീസ് സ്ഥിരമാക്കുന്നത് സംബന്ധിച്ച് പ്രായോഗികതയും സാധ്യതകളും വിശദമായി പഠിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് ബജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ കെആർ തൻസീർ . വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates