കണ്ണൂർ: സംസ്ഥാനത്ത് വിനോദസഞ്ചാര വികസനത്തിന് സർക്കാർ ഊന്നൽ നൽകുന്ന പശ്ചാത്തലത്തിൽ, കൊട്ടിയൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവ് കണ്ണൂരിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ വാതിലുകൾ തുറക്കുന്നു. വാർഷിക തീർത്ഥാടനത്തിനൊപ്പം ജില്ലയുടെ തനതായ സാംസ്‌കാരിക, പൈതൃക, പ്രകൃതിദത്ത വിനോദസഞ്ചാര സാധ്യതകളെ കൂടെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമായി ഈ തീർത്ഥാടക പ്രവാഹത്തെ മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം രംഗത്തുള്ളവർ.
സംസ്ഥാന ബജറ്റിൽ കൊട്ടിയൂർ ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പ്രാദേശിക നിവാസികളും വിനോദസഞ്ചാര മേഖയലുള്ളവരും വലിയ ആവേശത്തിലാണ്. ഈ ക്ഷേത്രങ്ങളെ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളായി ഉയർത്തുന്നതിലൂടെ കണ്ണൂരിന്റെ വൈവിധ്യമാർന്ന വിനോദസഞ്ചാര സാധ്യതകൾക്ക് ആഗോള ശ്രദ്ധ നേടാനാകുമെന്നാണ് വിലയിരുത്തൽ.
സമഗ്രമായ മാസ്റ്റർ പ്ലാൻ വരുന്നു
കൊട്ടിയൂർ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിന് കൃത്യമായ ആസൂത്രണം ആവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. അടുത്ത കാലത്തായി കൊട്ടിയൂരിലേക്ക് ഉണ്ടായ അപ്രതീക്ഷിത തീർത്ഥാടക പ്രവാഹം ഒരു പുതിയ ടൂറിസം സാധ്യതയാണ് തുറന്നുതന്നിരിക്കുന്നത്. അതിനാൽ ഇവിടെ വിശദമായ പഠനം ആവശ്യമാണ്. മികച്ച താമസസൗകര്യങ്ങൾ, സുരക്ഷിതമായ യാത്രയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, വിനോദസഞ്ചാര വികസനത്തിനായി കണ്ടെത്തുന്ന സ്ഥലങ്ങളുടെ ഭൌതിക സാഹചര്യങ്ങൾ എന്നിവ വിലയിരുത്തേണ്ടതുണ്ട്. കൊട്ടിയൂരിനും ജില്ലയ്ക്കുമായി ഒരു സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. ലഭ്യമായ സമയം കുറവാണെങ്കിലും ഈ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം - കണ്ണൂർ ജില്ലാ കളക്ടറും ഡിടിപിസി ചെയർമാനുമായ പി വിഷ്ണുരാജ് പറഞ്ഞു.
ഹോംസ്റ്റേകൾക്കും റിസോർട്ടുകൾക്കും വൻ ഡിമാൻഡ്
കൊട്ടിയൂരിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ജില്ലയിലെ ഹോംസ്റ്റേകൾക്കും റിസോർട്ടുകൾക്കും വലിയ രീതിയിലുള്ള സാമ്പത്തിക മെച്ചമാണ് സമ്മാനിക്കുന്നത്. കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹാരിസ് ഇവി വ്യക്തമാക്കുന്നതനുസരിച്ച്, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഹോംസ്റ്റേ ബുക്കിംഗുകളിലും അന്വേഷണങ്ങളിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കണ്ണൂർ ജില്ലയിൽ അറുപതോളം ഹോംസ്റ്റേകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
കൊട്ടിയൂർ ക്ഷേത്രം സന്ദർശിക്കാൻ എത്തുന്ന ഭക്തർ ജില്ലയിലെ മറ്റ് പ്രമുഖ ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര, പഴയങ്ങാടിക്ക് സമീപമുള്ള മാടായിക്കാവ് തുടങ്ങിയ കേന്ദ്രങ്ങളിലും ദർശനം നടത്തുന്നുണ്ട്. ഒന്നിലധികം ദിവസങ്ങൾ ജില്ലയിൽ തങ്ങുന്ന തീർത്ഥാടകർ കണ്ണൂരിലെ പ്രശസ്തമായ ബീച്ചുകളും പൈതൃക കേന്ദ്രങ്ങളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ താല്പര്യം കാണിക്കുന്നുണ്ടെന്നും, ഹോംസ്റ്റേകളിൽ താമസിക്കുന്നവർക്ക് സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിവരുന്നുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates