കണ്ണൂർ: ഈ വർഷത്തെ കാലവർഷം കനത്തതോടെ മൺസൂൺ ടൂറിസ്‌റ്റുകൾക്ക് അവിസ്മരണീയമായ ദൃശ്യാനുഭവം ഒരുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ് കണ്ണൂർ ജില്ലയിലെ പ്രമുഖ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പാലുകാച്ചി മല. മേഘങ്ങൾ കൈയെത്തും ദൂരത്ത് ഒഴുകിനീങ്ങുകയും കോടമഞ്ഞ് മലമുകളെ വെള്ളപുതപ്പുപോലെ പൊതിയുകയും ചെയ്യുന്ന മനോഹരമായ കാഴ്‌ച കാണാൻ ഈ മഴക്കാലത്ത് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
പശ്ചിമഘട്ടത്തിന്റെ പച്ചപ്പും വനത്തിന്റെ നിശബ്ദതയും തണുത്ത കാറ്റിന്റെ തലോടലും ഒത്തുചേരുന്ന പാലുകാച്ചി മല, പ്രകൃതി സ്നേഹികളുടെ ഹൃദയം കീഴടക്കുന്ന ശ്രദ്ധേയമായൊരു ഇക്കോ ടൂറിസം കേന്ദ്രമാണ്. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലായി സമുദ്രനിരപ്പിൽനിന്ന് 2,340 അടി ഉയരത്തിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്.
ഐതിഹ്യ പെരുമയേറെയുള്ള പാലുകാച്ചി മല ഓരോ കാലാവസ്ഥയിലും വ്യത്യസ്ത ഭാവങ്ങളിലാണ് സഞ്ചാരികൾക്ക് മുന്നിൽ വിസ്മയമൊരുക്കുന്നത്. സെന്റ് തോമസ് മൗണ്ടിലെ ബേസ് ക്യാമ്പിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ കാനനപാതയിലൂടെ നടന്നാൽ മലമുകളിലെത്താം. കൂറ്റൻ മരങ്ങൾ തണൽ വിരിച്ച വനപാതയും വള്ളിപ്പടർപ്പുകളും പുൽമേടുകളും ഇവിടുത്തെ യാത്രയെ കൂടുതൽ മനോഹരമാക്കുന്നു. അപൂർവയിനം സസ്യങ്ങളും ചിത്രശലഭങ്ങളും പക്ഷികളും പ്രകൃതിനിരീക്ഷകർക്ക് വലിയൊരു കൗതുകമാണ്.
മലമുകളിലെത്തിയാൽ 360 ഡിഗ്രിയിൽ വിരിഞ്ഞുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ അതിമനോഹര കാഴ്‌ചകളാണ് സഞ്ചാരികളെ വരവേൽക്കുന്നത്. താഴ്‌വാരങ്ങളെ തലോടി ഒഴുകുന്ന കോടമഞ്ഞും പച്ചപ്പിന്റെ അനന്തവിശാലതയും ദൂരെയായി കാണുന്ന ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളും കേളകം, കൊട്ടിയൂർ ടൗണുകളും കൊട്ടിയൂർ ക്ഷേത്രവും ചേർന്ന് അപൂർവ ദൃശ്യവിരുന്നൊരുക്കും. മൺസൂൺ മഴത്തുള്ളികൾ മുഖത്തേക്ക് പതിക്കുമ്പോൾ മേഘങ്ങൾക്കിടയിൽ നിൽക്കുന്ന അനുഭവം സഞ്ചാരികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി മാറും.
യാത്രാവഴികളും പ്രവേശന സമയവും
വഴികൾ: കേളകം ടൗണിൽനിന്ന് അടയ്ക്കാത്തോട്-ശാന്തിഗിരി വഴി പാലുകാച്ചിയിലെത്താം. കൊട്ടിയൂർ പഞ്ചായത്തിലെ നീണ്ടുനോക്കി, ചുങ്കക്കുന്ന് എന്നിവിടങ്ങളിൽ നിന്നുമുള്ള വഴികളും പാലുകാച്ചിയിലേക്ക് എത്തിച്ചേരുന്നുണ്ട്.
ടിക്കറ്റ് നിരക്ക്: വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലുകാച്ചി മലയിലേക്ക് പ്രവേശിക്കാൻ സെന്റ് തോമസ് മൗണ്ടിലെ ബേസ് ക്യാമ്പിൽനിന്ന് ടിക്കറ്റ് എടുക്കണം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് നിരക്ക്.
സമയം: രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിട്ടുള്ളത്.
വനമേഖലയായതിനാൽ വനവകുപ്പിന്റെ നിർദ്ദേശങ്ങൾ സഞ്ചാരികൾ കർശനമായി പാലിക്കേണ്ടതുണ്ട്. മഴക്കാലമായതിനാൽ വനപാതയിൽ അട്ടയുടെ ശല്യം രൂക്ഷമാണ്. ഇതിനാൽ മുൻകരുതലായി സാനിറ്റൈസറോ ഉപ്പോ കയ്യിൽ കരുതണമെന്ന് വനംവകുപ്പ് അധികൃതർ പ്രത്യേകം നിർദ്ദേശം നൽകുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates