Kannur Murder Accused Arrested 
Kannur

കണ്ണൂരിൽ വയോധികനെ മർദ്ദിച്ചുകൊന്ന കേസ്; ഒളിവിൽപ്പോയ പ്രതി രണ്ട് മാസത്തിനുശേഷം വിശാഖപട്ടണത്തുനിന്ന് പിടിയിൽ

മൊബൈൽ ഉപയോഗിക്കാത്ത പ്രതിയെ കുടുക്കിയത് പിതാവിന്റെ ഫോൺ കോളുകൾ

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുൻവശം മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ വയോധികനെ ക്രൂരമായി മർദ്ദിച്ചുകൊലപ്പെടുത്തി മുങ്ങിയ പ്രതി രണ്ട് മാസത്തിനുശേഷം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് പിടിയിലായി. ആലപ്പുഴ മുഹമ്മ സ്വദേശി റോബിനെയാണ് (33) കണ്ണൂർ ടൗൺ പൊലീസ് അതിസാഹസികമായി പിടികൂടിയത്. കഴിഞ്ഞ ജൂൺ 25-ന് തിരുവനന്തപുരം സ്വദേശിയായ ചന്ദ്രൻ (56) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.

കണ്ണൂർ നഗരത്തിൽ സ്ഥിരമായി അലഞ്ഞുതിരിഞ്ഞു നടന്നിരുന്നവരാണ് കൊല്ലപ്പെട്ട ചന്ദ്രനും പ്രതിയായ റോബിനും. റെയിൽവേ സ്റ്റേഷൻ പരിസരത്തെ കടകളിലും ഹോട്ടലുകളിലും ചെറിയ ജോലികൾ ചെയ്താണ് റോബിൻ കഴിഞ്ഞുകൂടിയിരുന്നത്. റെയിൽവേ സ്റ്റേഷൻ, പഴയ ബസ് സ്റ്റാൻഡ് പരിസരങ്ങളിലായിരുന്നു രാത്രി ഉറക്കം. തിരുവനന്തപുരം സ്വദേശിയായ ചന്ദ്രൻ വർഷങ്ങളായി നഗരത്തിൽ കൂലിപ്പണി ചെയ്ത് ജീവിച്ചു വരികയായിരുന്നു. ജൂൺ 25-ന് രാത്രി റെയിൽവേ സ്റ്റേഷന് മുൻപിലെ ഷോപ്പിങ് കോംപ്ലക്സിന് സമീപത്തുവെച്ച് മദ്യലഹരിയിൽ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും കൈയാങ്കളിയുമുണ്ടായി. ഇതിനിടെ കല്ലും വടിയും ഉപയോഗിച്ച് ചന്ദ്രനെ റോബിൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാലെ റോബിൻ റെയിൽവേ ഓവർബ്രിഡ്ജ് വഴി കടന്നുകളയുകയായിരുന്നു.

കൊലപാതകത്തിന് ശേഷം റോബിൻ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണസംഘത്തെ തുടക്കത്തിൽ വട്ടംകറക്കി. റെയിൽവേ സ്റ്റേഷൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്തമായ സൂചന ലഭിച്ചില്ല. തുടർന്നാണ് ഇയാൾ ആലപ്പുഴയിലുള്ള പിതാവിനെ വിളിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. മുഹമ്മയിലെത്തി പിതാവ് സാജൻബാബുവിനെ (70) ചോദ്യം ചെയ്തപ്പോൾ മകൻ നാട്ടിൽ വന്നിട്ട് വർഷങ്ങളായെന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചത്. ഇതിൽ സംശയം തോന്നിയ അന്വേഷണസംഘം സാജൻബാബുവിന്റെ ഫോൺ കോളുകൾ ശാസ്ത്രീയമായി നിരീക്ഷിച്ചു. നൂറിലധികം കോളുകൾ പരിശോധിച്ചതിൽ വിശാഖപട്ടണത്തുനിന്ന് ചില അജ്ഞാത കോളുകൾ വന്നതായി കണ്ടെത്തി. ഹിന്ദിക്കാരായ തൊഴിലാളികൾ പണിക്കായി വിളിച്ചതാകാമെന്ന് പിതാവ് വിശദീകരിച്ചെങ്കിലും, കൊലപാതകം നടന്നതിന് ശേഷമാണ് ഈ കോളുകൾ വന്നതെന്ന് വ്യക്തമായതോടെ പൊലീസ് വിശാഖപട്ടണത്തേക്ക് തിരിക്കുകയായിരുന്നു.

വിശാഖപട്ടണത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിലാണ് അന്വേഷണ സംഘം എത്തിയത്. ആർക്കും സംശയം തോന്നാതിരിക്കാൻ താൻ തമിഴ്‌നാട്ടുകാരനാണെന്ന് പറഞ്ഞാണ് റോബിൻ അവിടെ കഴിഞ്ഞുകൂടിയത്. ഇരുനൂറോളം തൊഴിലാളികൾ താമസിക്കുന്ന ഷെഡിൽ റോബിന്റെ ഫോട്ടോ കാണിച്ച് നടത്തിയ പരിശോധനയിൽ പ്രതി അവിടെയുണ്ടെന്ന് സ്ഥിരീകരിച്ചു. പൊലീസിനെ കണ്ട് ഷെഡിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച റോബിനെ ബലപ്രയോഗത്തിലൂടെ അന്വേഷണ സംഘം കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ട്രെയിൻ മാർഗ്ഗം കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പിടികൂടുന്ന മൂന്നാമത്തെ പിടികിട്ടാപ്പുള്ളിയാണ് റോബിൻ.

Two months after the fatal assault of a 56-year-old Thiruvananthapuram native near the Kannur railway station, the Kannur Town Police have apprehended the accused from Visakhapatnam, Andhra Pradesh, following a daring operation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടുക്കിയുടെ ആത്മാവിനെ മുറിച്ചുമാറ്റരുത്'; മൂവാറ്റുപുഴ ജില്ലാ രൂപീകരണ നീക്കത്തിനെതിരെ കേരള കോൺഗ്രസ് (ജോസഫ്)

എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!

കസബയെക്കുറിച്ച് അന്ന് പറഞ്ഞത് തന്നെ ഇന്നും പറയും; ഗീതുവിന് ഇഷ്ടമുള്ള സിനിമയെടുക്കാം; നിലപാട് വ്യക്തമാക്കി പാര്‍വതി

റെയ്ഡ്കോയിൽ പ്രശ്നമുണ്ടാക്കുന്നത് യൂണിയൻ നേതാക്കൾ; 140 കോടിയുടെ സഞ്ചിത നഷ്ടം പരിഹരിക്കും: ചെയർമാൻ

ഓണാഘോഷം കഴിഞ്ഞ് ഓഫീസിൽ പോകാൻ മടി? പോസ്റ്റ്-ഹോളിഡേ ബ്ലൂസ് എങ്ങനെ മറികടക്കാം?