Handmade Wooden Cameras 
Kannur

ഇപ്പോഴുമുണ്ട്, മരിക്കാത്ത ഓർമ്മകളുടെ ഫ്ലാഷിൽ ജീവിതം അടയാളപ്പെടുത്തിയ ആ മൂന്ന് ക്യാമറകൾ

70 വർഷം മുൻപ് മരത്തിലും മെറ്റലിലും വിരിഞ്ഞ വിസ്മയം; ശങ്കരൻ ആചാരിയുടെ കരവിരുതിൽ പിറന്ന ക്യാമറകൾ നിധിപോലെ കാത്തുസൂക്ഷിച്ച് മകൻ രമേഷ് ബാബു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്കും അവിടുന്ന് സ്മാർട്ട്‌ഫോണുകളിലേക്കും സാങ്കേതികവിദ്യ കുതിച്ചുപാഞ്ഞ കാലത്തും, ഏഴ് പതിറ്റാണ്ട് മുൻപത്തെ അപൂർവ്വമായൊരു കരവിരുതിന്റെ കഥ പറയുകയാണ് കണ്ണൂരിലെ ഒരു കൊച്ചു സ്റ്റുഡിയോ. മരവും മെറ്റലും ചേർത്തുണ്ടാക്കിയ ആ പഴയ മൂന്ന് ക്യാമറകൾ കണ്ണൂർ കോയ്യോട് വെങ്കിലോട് ചാലയിലെ ശങ്കർ സ്റ്റുഡിയോ ഉടമ രമേഷ് ബാബുവിന് വെറുമൊരു ഉപകരണമല്ല, മറിച്ച് തന്റെ അച്ഛൻ ശങ്കരൻ കേരളവർമ്മ ആചാരിയുടെ പ്രതിഭയും സ്നേഹവും നിറഞ്ഞുനിൽക്കുന്ന അമൂല്യ നിധിയാണ്.

ക്യാമറകളും ഫോട്ടോഗ്രാഫിയും നാട്ടിൽ വിസ്മയമായിരുന്ന എഴുപത് വർഷങ്ങൾക്ക് മുൻപാണ് ശിൽപ്പിയും വാസ്തു വിദഗ്ദ്ധനുമായ ശങ്കരൻ ആചാരിക്ക് ഫോട്ടോഗ്രാഫിയോട് കമ്പം തോന്നുന്നത്. കണ്ണൂരിലെ പ്രശസ്തമായ വാമൻ സ്റ്റുഡിയോക്കാരുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഒരിക്കൽ നാട്ടിലെത്തിയ ഒരു പട്ടാളക്കാരൻ സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്ന കൊഡാക് ക്യാമറ രണ്ടു ദിവസത്തേക്ക് ഫോട്ടോ എടുക്കാൻ ചോദിച്ചെങ്കിലും സുഹൃത്ത് നൽകാൻ തയ്യാറായില്ല. ഈ നിരാശയും വാശിയുമാണ് സ്വന്തമായി ഒരു ക്യാമറ നിർമ്മിക്കുക എന്ന അസാധാരണ ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.

വാമൻ സ്റ്റുഡിയോയിൽ നിന്ന് ലെൻസും ഫിലിമും സംഘടിപ്പിച്ച ശങ്കരൻ ആചാരി, ഒരു ഹാർഡ് ബോർഡ് പെട്ടി ഉപയോഗിച്ച് വെറും രണ്ട് രാത്രികൾ കൊണ്ടാണ് തന്റെ ആദ്യത്തെ ക്യാമറ തയ്യാറാക്കിയത്. തുടർന്ന് ആ ക്യാമറ ഉപയോഗിച്ച് ക്യാമറ തരാതിരുന്ന പട്ടാളക്കാരൻ സുഹൃത്തിന്റെ അമ്മയുടെ മനോഹരമായ ഒരു ചിത്രം പകർത്തി പ്രിന്റെടുത്ത് അയാൾക്ക് തന്നെ അയച്ചുകൊടുത്ത് അച്ഛൻ മധുരമായ പ്രതികാരം വീട്ടിയെന്ന് മകൻ രമേഷ് ബാബു പുഞ്ചിരിയോടെ ഓർത്തെടുക്കുന്നു.

അവിടെയും തീർന്നില്ല അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ. തുടർന്ന് മരവും മെറ്റലും ഉപയോഗിച്ച് രണ്ട് 'സിക്സ് റ്റൊന്റി' (620) ക്യാമറകളും മറ്റൊരു ഫീൽഡ് ക്യാമറയും ഉൾപ്പെടെ മൂന്ന് ക്യാമറകൾ അദ്ദേഹം പൂർണ്ണമായും തനതായി നിർമ്മിച്ചു. ഫിക്സഡ് ക്യാമറയും ഷട്ടർ ക്യാമറയും അത്യധികം സൂക്ഷ്മതയോടെയാണ് അദ്ദേഹം പണിതീർത്തത്. ഈ ക്യാമറകൾ ഉപയോഗിച്ച് നാട്ടിലെ നിരവധി മനുഷ്യരുടെയും വിശേഷങ്ങളുടെയും ചിത്രങ്ങൾ അദ്ദേഹം പകർത്തി. അക്കാലത്ത് നാട്ടിലെ വലിയ അത്ഭുതമായി മാറിയ ഈ ക്യാമറകൾ ഒരിക്കൽ കേരളം സന്ദർശിച്ച ഗവർണർക്ക് മുൻപാകെ നേരിട്ട് പ്രദർശിപ്പിക്കാനുള്ള അപൂർവ്വ അവസരവും ശങ്കരൻ ആചാരിക്ക് ലഭിച്ചിരുന്നു.

ഇന്ന് ഒരു ക്ലിക്കിൽ ആർക്കും ഫോട്ടോ എടുക്കാവുന്ന മൊബൈൽ യുഗത്തിലും, അച്ഛൻ സ്വന്തം കൈകളാൽ മരത്തിൽ കൊത്തിയെടുത്ത ആ ക്യാമറകൾ ഒരു തകരാറുമില്ലാതെ പ്രവർത്തിക്കുന്നുവെന്നത് ഈ കുടുംബത്തിന് നൽകുന്ന അഭിമാനം ചെറുതല്ല. കണ്ണൂരിന്റെ ഫോട്ടോഗ്രാഫി ചരിത്രത്തിലെ വേറിട്ട ഈ അധ്യായം വരുംതലമുറയ്ക്കുള്ള ചരിത്രസ്മാരകം കൂടിയായി ശങ്കർ സ്റ്റുഡിയോയിൽ ഇന്നും തലയുയർത്തി നിൽക്കുന്നു.

In a touching tribute to craftsmanship and ingenuity, photographer Ramesh Babu of 'Shankar Studio' in Chala, Kannur, proudly preserves three handcrafted wooden and metal cameras built by his late father, Shankaran Kerala Varma Achari, over 70 years ago

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്തെ അനധികൃത നിര്‍മ്മിതികള്‍ നീക്കം ചെയ്ത് അധികൃതര്‍

ഇൻഡിഗോയിൽ നിരവധി ഒഴിവുകൾ; കൊച്ചിയിൽ നിയമനം നേടാം, പ്രവൃത്തി പരിചയം വേണ്ട!

'ജന നായ‌ക'നും 'ഐ നോബഡി'യും; ഈ ഓണത്തിന് ഒടിടിയിൽ കൂടിക്കോ!

ഓണത്തിന് തലയിൽ ചൂടാൻ വാങ്ങിയ മുല്ലപ്പൂ ഇനി വാടില്ല, ഈ ടിപ്സ് പരീക്ഷിക്കാം

'തെച്ചിയും മന്ദാരവും' ഏറ്റുമുട്ടി, വടംവലിയില്‍ കലക്ടര്‍ 'വീണു'; ആവേശം നിറച്ച് കലക്ടറേറ്റിലെ ഓണാഘോഷം