കണ്ണൂർ: വേനൽച്ചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസവും കുളിർമ്മയും പകർന്നുനൽകിയിരുന്ന താഴെചൊവ്വയിലെ തണൽമരങ്ങളും മുറിച്ചുമാറ്റുന്നു. താഴെചൊവ്വ തെഴുക്കിലെ പീടികക്ക് സമീപം പിഡബ്ല്യുഡി റോഡരികിൽ നിന്ന വലിയ തണൽമരങ്ങളാണ് അപകടാവസ്ഥയുടെയും ഗതാഗതക്കുരുക്കിന്റെയും പേരുപറഞ്ഞ് വെട്ടിമാറ്റാൻ തുടങ്ങിയത്. കൊടുംചൂടിൽ നാടിന് വലിയ തണലൊരുക്കിയിരുന്ന വന്മരങ്ങളാണ് ഇതോടെ ഓർമ്മയാകുന്നത്.
റോഡിലെ കാഴ്ച മറയ്ക്കുകയും നിരന്തര ഗതാഗതക്കുരുക്കിന് വഴിവെക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശിഖിരങ്ങൾ വെട്ടിയൊതുക്കി സംരക്ഷിക്കേണ്ട മൂന്ന് വന്മരങ്ങൾ പൂർണ്ണമായും മുറിച്ചുമാറ്റാനുള്ള നടപടികളിലേക്ക് അധികൃതർ കടന്നത്. ഈ മരങ്ങൾ റോഡിൽ അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ടി.ഒ. മോഹനൻ എംഎൽഎ ജില്ലാ കലക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ നിയമപ്രകാരം മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കാൻ ജില്ലാ കലക്ടർ പിഡബ്ല്യുഡി റോഡ്സ് വിഭാഗം അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
മരങ്ങൾ മുറിച്ചുമാറ്റുന്ന സ്ഥലം ടി.ഒ. മോഹനൻ എംഎൽഎ, പിഡബ്ല്യുഡി റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് മുന്നാസ് എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തണൽമരങ്ങൾ മുറിച്ചുനീക്കുന്നതിനൊപ്പം സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൂടി ഏറ്റെടുത്ത് റോഡ് വീതികൂട്ടുമെന്നും ഇവിടുത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുമെന്നും ടി.ഒ. മോഹനൻ എംഎൽഎ വ്യക്തമാക്കി.
നേരത്തേ സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനപ്രകാരം കണ്ണൂർ സ്റ്റേഡിയം കോർണറിലെ പ്രശസ്തമായ വലിയ തണൽമരവും കോർപ്പറേഷൻ അധികൃതർ വെട്ടിമാറ്റിയിരുന്നു. നഗരത്തിലും പരിസരപ്രദേശങ്ങളിലും വികസനത്തിന്റെയും റോഡ് വികസനത്തിന്റെയും പേരിൽ തണൽമരങ്ങൾ ഓരോന്നായി വെട്ടിമാറ്റുന്നത് പ്രകൃതിസ്നേഹികൾക്കിടയിലും യാത്രക്കാർക്കിടയിലും കടുത്ത അതൃപ്തിക്ക് ഇടയാക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates