കണ്ണൂർ: തിരുവനന്തപുരത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി വടക്കൻ കേരളത്തിൽ മന്ത്രി ഒ.ജെ. ജനീഷിന് നേരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. തളിപ്പറമ്പിൽ വെച്ച് മന്ത്രി സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ചാടിവീണ് തടഞ്ഞുനിർത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലുകൊണ്ട് വാഹനത്തിൽ ഇടിച്ച് കേടുപാടുകൾ വരുത്തുകയും അകമ്പടി പോയ പൊലീസ് ജീപ്പിന്റെ താക്കോലൂരുകയും ചെയ്തു. കാസർകോട് നീലേശ്വരത്തും കാഞ്ഞങ്ങാടും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് തടയാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
വ്യാഴാഴ്ച ഉച്ചയോടെയാണ് തളിപ്പറമ്പിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നാടുകാണിയിലെ സഫാരി പാർക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം കാസർകോട്ടേക്ക് പോകുകയായിരുന്നു മന്ത്രി. തളിപ്പറമ്പിൽ വെച്ച് റോഡിലേക്ക് ചാടിവീണ ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. പ്രതിഷേധത്തിനിടെ കല്ലുകൊണ്ട് ഇടിച്ച് വാഹനത്തിന്റെ ഫ്ലാഗ് പോളും റെയിൻ ഗാർഡും തകർത്തതായി മന്ത്രിക്കൊപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൾ റഷീദ് പറഞ്ഞു. ഇതിനിടെ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ജീപ്പിന്റെ താക്കോൽ പ്രതിഷേധക്കാർ ഊരിയെടുക്കുകയും ചെയ്തു.
തുടർന്ന് കാസർകോട് ജില്ലയിലേക്ക് പ്രവേശിച്ച മന്ത്രിക്ക് നേരെ നീലേശ്വരത്തും കാഞ്ഞങ്ങാടും ഡിവൈഎഫ്ഐ കരിങ്കൊടി വീശി. തളിയിൽ ക്ഷേത്രത്തിന് സമീപത്തുവെച്ച് വാഹനവ്യൂഹത്തിന് നേരെ അപ്രതീക്ഷിതമായി പാഞ്ഞടുത്ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. എന്നാൽ മന്ത്രി പങ്കെടുത്ത നീലേശ്വരം പാലസ് ഗ്രൗണ്ടിൽ കൂടുതൽ പ്രവർത്തകർ സംഘടിച്ചെത്തി വാഹനം വളഞ്ഞു. പ്രതിഷേധം കനത്തതോടെ മന്ത്രിക്ക് പുറത്തിറങ്ങാനാവാതെ അല്പസമയം വാഹനത്തിൽ തന്നെ കുടുങ്ങിക്കിടക്കേണ്ടി വന്നു. തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. കാഞ്ഞങ്ങാട് ടൗണിലും മന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. തലസ്ഥാനത്തുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വടക്കൻ ജില്ലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തം. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഡാലോചന നടത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ്
പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം കാട്ടിയത്. തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സിപിഎം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനാണ് നാട്ടില്‍ കലാപമുണ്ടാക്കുന്നത്. ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് സിപിഎം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tensions flared across northern Kerala on Thursday as DYFI activists intensified violent protests and staged coordinated attacks against the convoy of Minister and Youth Congress state president O.J. Janeesh.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates