VK Raghavan Vaidyar| Obit 
Kannur

മുതിർന്ന സിപിഐ നേതാവും കളരി ഗുരുക്കന്മാരുമായ വി കെ രാഘവൻ വൈദ്യർ അന്തരിച്ചു

പേരാവൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പാർട്ടിയുടെ സംസ്ഥാന വളണ്ടിയർ ക്യാപ്റ്റനുമായിരുന്നു; നാട്ടുവൈദ്യ രംഗത്തും ആയോധന കലയിലും പ്രശസ്തൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

പേരാവൂർ (കണ്ണൂർ): മുതിർന്ന സിപിഐ നേതാവും പേരാവൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന മണത്തണ സീനാ നിവാസിലെ വി.കെ. രാഘവൻ വൈദ്യർ (84) അന്തരിച്ചു. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം, പാർട്ടിയുടെ സംസ്ഥാന വളണ്ടിയർ ക്യാപ്റ്റൻ എന്നീ നിലകളിൽ ദീർഘകാലം നിസ്വാർത്ഥമായി പ്രവർത്തിച്ച അദ്ദേഹം സഖാക്കൾക്കിടയിലും പൊതുസമൂഹത്തിലും ഒരുപോലെ പ്രിയങ്കരനായ നേതാവായിരുന്നു.

മണത്തണയിലെ നാട്ടുവൈദ്യ രംഗത്തെ പ്രമുഖനായിരുന്ന രാഘവൻ വൈദ്യർ, പ്രഗത്ഭനായ ഒരു കളരി ഗുരുക്കൾ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ആയോധന കലകളിൽ അഗാധമായ പ്രവീണ്യം നേടിയ അദ്ദേഹത്തിന് ഒട്ടേറെ ശിഷ്യസമ്പത്തുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഭിന്നിപ്പിന് ശേഷം കണ്ണൂർ ജില്ലയിലും കേരളത്തിലാകെയും പാർട്ടി പ്രവർത്തകർക്ക് കായിക വ്യായാമവും മർമ്മചികിത്സയും നൽകി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. മണത്തണ ടൗണിലെ സ്വന്തം വീടും മരുന്ന് കടയും പാർട്ടിയുടെ പ്രധാന പ്രവർത്തന കേന്ദ്രമാക്കിയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം.

ഇന്ത്യയൊട്ടാകെ വളണ്ടിയർമാർക്ക് പരിശീലനം നൽകിയ ക്യാപ്റ്റൻ

കേരളത്തിലുടനീളം യാത്ര ചെയ്ത് സിപിഐ വളണ്ടിയർമാർക്ക് സ്വയം സംരക്ഷണത്തിനുള്ള കായിക പരിശീലനവും കമാൻഡോ ശൈലിയിലുള്ള മുറകളും പകർന്നുനൽകാൻ അദ്ദേഹം മുന്നിൽനിന്നു. വളണ്ടിയർ ക്യാമ്പുകളിൽ കായിക പരിശീലകനായിരിക്കെത്തന്നെ ക്യാമ്പുകളിലെ വൈദ്യസഹായ കേന്ദ്രങ്ങളുടെ ചുമതലയും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചിരുന്നത്. കേരളത്തിന് പുറമെ, ബീഹാർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പാർട്ടി വളണ്ടിയർമാർക്ക് ആയോധനമുറകളിലും അച്ചടക്കത്തിലും പരിശീലനം നൽകാനായി മാസങ്ങളോളമാണ് രാഘവൻ വൈദ്യർ അവിടെ ചെലവഴിച്ചത്.

പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച അദ്ദേഹം പേരാവൂർ മേഖലയിലെ ഒട്ടേറെ പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

കുടുംബം: ഭാര്യ: രാധ. മക്കൾ: സുമ, സുനിൽ, സീന, സുകേഷ്, സുജീഷ്. മരുമക്കൾ: മുരളീധരൻ, ലിസ, സതീശൻ, സീന, നിഷ.

സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മണത്തണയിലെ വീട്ടുവളപ്പിൽ നടക്കും.

രാഘവൻ വൈദ്യരുടെ നിര്യാണത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ, അഡ്വ. പി. സന്തോഷ് കുമാർ എം.പി, കെ.ഇ. ഇസ്മായിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എൻ. ചന്ദ്രൻ, സി.പി. മുരളി, ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എ. പ്രദീപൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി. വിജയൻ, അഡ്വ. വി. ഷാജി, പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, കെ.പി. കുഞ്ഞികൃഷ്ണൻ, സി.കെ. ചന്ദ്രൻ തുടങ്ങിയ നിരവധി നേതാക്കൾ മണത്തണയിലെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

Veteran CPI leader and former Vice President of Peravoor Grama Panchayat, V. K. Raghavan Vaidyar (84), passed away at his residence, 'Seena Nivas' in Mananthana, Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോര്‍ഡ്‌സില്‍ വനിതാ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീം! ഒരിക്കലും മായാത്ത പുതു ചരിത്രമെഴുതി ഇന്ത്യയുടെ 'പെൺ പുലികൾ'

ബംഗാളിൽ 'ഗുണ്ടാ നിയമം' പ്രാബല്യത്തിൽ; വിചാരണയില്ലാതെ തടങ്കലിനും അക്രമികളുടെ സ്വത്ത് കണ്ടുകെട്ടാനും അധികാരം

തെലങ്കാന കൂട്ടക്കൊല: പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍; അന്വേഷണം

ഇ20 പെട്രോള്‍ മൈലേജ് കുത്തനെ കുറച്ചു, 17ല്‍ നിന്ന് അഞ്ചായി; വൈറല്‍ പോസ്റ്റില്‍ കമ്പനിയുടെ വിശദീകരണം ഇങ്ങനെ

മദ്യപിച്ച് സ്കൂൾ വാഹനങ്ങൾ ഓടിച്ച മൂന്ന് ഡ്രൈവർമാർ പിടിയിൽ