കണ്ണൂർ: മംഗളൂരു സൂറത്കല്ലിനടുത്ത് പയ്യന്നൂർ സ്വദേശിയായ സ്വർണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി ആക്രമിച്ചു സ്വർണം കവർന്ന കേസിൽ കണ്ണൂർ സ്വദേശിയായ യുവാവ് ഉൾപ്പെടെ മൂന്ന് പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ നിമിൽ, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. പയ്യന്നൂരിലെ സ്വർണ വ്യാപാരിയായ വികാസിന്റെ വാഹനം തടഞ്ഞുനിർത്തി 180 ഗ്രാം സ്വർണം കവർന്ന അന്തർസംസ്ഥാന സംഘത്തിലെ പ്രധാനികളാണ് ഇവർ. ഈ വൻ കവർച്ചാ ആസൂത്രണത്തിന് പിന്നിൽ മലയാളികൾ ഉൾപ്പെടെ ആകെ 15 പ്രതികളുണ്ടെന്നാണ് കർണാടക പൊലീസ് വ്യക്തമാക്കുന്നത്.
ഉഡുപ്പിക്കും മംഗളൂരുവിനും ഇടയിൽ സൂറത്ത്കല്ലിനോട് ചേർന്ന ബൈക്കംപാടിയിലാണ് നാടകീയമായ കവർച്ച നടന്നത്. മഹാരാഷ്ട്രയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഭാര്യക്കും മകനുമൊപ്പം കാറിൽ പയ്യന്നൂരിലേക്ക് മടങ്ങുകയായിരുന്നു വ്യാപാരിയായ വികാസ്.രണ്ട് ഇന്നോവ കാറുകളിലും കർണാടക രജിസ്ട്രേഷനിലുള്ള ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ ക്രിമിനൽ സംഘം വികാസിന്റെ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. വികാസിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ സംഘം, ഭാര്യയെയും മകനെയും വഴിയിൽ ഇറക്കിവിട്ട ശേഷം വികാസിനെയും അദ്ദേഹത്തിന്റെ കാറിനെയും തട്ടിക്കൊണ്ടുപോയി.പിന്നീട് ആളൊഴിഞ്ഞ വിജനമായ സ്ഥലത്ത് എത്തിയപ്പോൾ വികാസിന്റെ പക്കലുണ്ടായിരുന്ന 180 ഗ്രാം സ്വർണം ബലമായി തട്ടിയെടുക്കുകയും അദ്ദേഹത്തെ അവിടെ ഇറക്കിവിട്ട ശേഷം സംഘം സ്വർണവുമായി കടന്നുകളയുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ വ്യാപാരി പോലീസിൽ പരാതി നൽകിയതോടെയാണ് കർണാടക പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. തുടർന്ന് സൈബർ സെല്ലിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഇതോടെ ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ കർണാടക പൊലീസ് കേരളാ പോലീസിന്റെയും സഹായം തേടിയിരുന്നു.തുടർന്ന് നടത്തിയ ദ്രുതഗതിയിലുള്ള റെയ്ഡിലാണ് കണ്ണൂർ സ്വദേശിയായ നിമിൽ അടക്കം മൂന്ന് പേർ വലയിലായത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് 12 പ്രതികളും നിലവിൽ ഒളിവിലാണ്. ഇവർക്കായി കർണാടക പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കവർച്ച ചെയ്ത സ്വർണം കണ്ടെത്താനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates