കാസർകോട്: പള്ളിക്കര പൂച്ചക്കാടത്തെ 'കാദംബരി' എന്ന കൊച്ചു വീടിന്റെ മുറ്റത്ത് വീണുമറഞ്ഞത് കേവലം രണ്ട് ജീവനുകളല്ല, ഒന്നിച്ചു വളർന്ന് ഒരേപോലെ ചിരിക്കാൻ പഠിച്ച രണ്ടുപേരുടെ ആഴത്തിലുള്ള സ്നേഹബന്ധം കൂടിയാണ്. നാട്ടുകാർക്കും ബന്ധുക്കൾക്കും ഐജയും അർജുനും രണ്ട് വ്യക്തികളായിരുന്നില്ല; ചേട്ടനും അനിയത്തിയുമെന്നതിനപ്പുറം പരസ്പരം താങ്ങായി നിന്ന അഭേദ്യമായൊരു സൗഹൃദമായിരുന്നു അവർ. പഠനത്തിൽ എന്നും മിടുക്കിയായിരുന്ന ഐജയുടെ ഏറ്റവും വലിയ പ്രോത്സാഹനം ജ്യേഷ്ഠൻ അർജുൻ തന്നെയായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ്, തന്റെ സ്വപ്നങ്ങളെക്കാൾ പെങ്ങളുടെ ഡോക്ടർ എന്ന ലക്ഷ്യത്തിന് അർജുൻ മുൻഗണന നൽകി. ഒടുവിൽ നീറ്റ് ക്രമക്കേടിനെ തുടർന്ന് മനംനൊന്ത് അനുജത്തി യാത്രയായി അധികം വൈകാതെ അർജുനും ജീവിതത്തിന് സ്വയം അന്ത്യം കുറിപ്പപ്പോൾ അത് ഒരു നാടിൻറെ വിങ്ങലും മുറിപ്പാടുമായി.
പ്രവാസലോകത്തേക്ക് വിമാനം കയറുമ്പോഴും പെങ്ങൾക്ക് നല്ലൊരു ഭാവി കെട്ടിപ്പടുക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമായിരുന്നു ആ സഹോദരന്റെ മനസ്സിലുണ്ടായിരുന്നത്.വിദേശത്തിരുന്ന് ദിവസവും ഫോണിൽ സംസാരിക്കുമ്പോഴും ഐജയുടെ പഠന കാര്യങ്ങളും വിശേഷങ്ങളുമായിരുന്നു അർജുന്റെ പ്രധാന അന്വേഷണം. ഏക സഹോദരിയുടെ മരണശേഷം ഏറെ ദുഖിതനായിരുന്നു അർജനെന്നു ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. സോറി അമ്മേ എന്നു മാത്രമായിരുന്നു അർജുൻറെ മരണക്കുറിപ്പായി ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. ഉറ്റ സഹോദരിയുടെ വേർപാടിൽ നിന്നും മുക്തനാകാതിരുന്ന അർജുൻ വീട്ടുകാരെപ്പോലും അറിയിക്കാതെയാണ് ഗള്‌ഫിലെ ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശേഷം ജീവൻ അവസാനിപ്പിച്ചത്
നീറ്റ് റദ്ദാക്കലിന് ഇരയായ നിരവധി വിദ്യാർഥികളാണ് രാജ്യത്ത് രണ്ടു മാസത്തിനിടെ ആത്മഹത്യ ചെയ്തത്. ഐജ ആർ മഹേഷിൻ്റെ മരണശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജനും ജില്ലാ സെക്രട്ടറി എം രാജഗോപാലനും മറ്റു നേതാക്കളും പൂച്ചാക്കട്ടെ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു. എംപിമാരായ ജോൺ ബ്രിട്ടാസും എ എ റഹിമും പൂച്ചക്കാട് പോകണം മൂലയിലെ കാദംബരി വീട്ടിലെത്തിയ ഡിവൈഎഫ് ഐ ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ടിൻ്റെ ഫോണിൽ വീഡിയോ കോളിൽ ഐജയുടെ മാതാവ് രാധികയുമായി സംസാരിച്ചിരുന്നു.
മകളുടെ നഷ്ടം സഹിക്കാനാകാത്തതാണെങ്കിലും വിദ്യാർഥി കൂട്ടായ്മ സമരത്തിൻ്റെ വിജയത്തിലും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രതാപിൻ്റെ രാജിയിലുമുള്ള സന്തോഷം പങ്കുവച്ചിരുന്നു. അപ്പോഴെല്ലാം തുടർന്നുള്ള ആ കുടുംബത്തിൻ്റെ ഏക ആശ്രയവും പ്രതീക്ഷയും മകൻ അർജനനിലായിരുന്നു. മകൻ്റെ കൂടി മരണത്തോടെ അനാഥമായിരിക്കുകയാണ് റിട്ട.വില്ലേജ് ജീവനക്കാരനായ മഹേഷും ഭാര്യ തയ്യൽ ജീവനക്കാരിയായ രാധികയും. ഇവരെ എങ്ങനെ ഇനിയങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിഷമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates