കാസർകോട്: പാലങ്ങൾ ദേശങ്ങളെ മാത്രമല്ല, പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമാണ് കൂട്ടിയോജിപ്പിക്കുന്നത്. എന്നാൽ അത് ആഴങ്ങൾക്കും ഉയരങ്ങൾക്കും മുകളിലാകുമ്പോൾ ആ കാഴ്ചയുടെ ഗാംഭീര്യം മറ്റൊന്നാണ്. കേരളത്തിന്റെ വടക്കേ അറ്റത്ത് ബേഡടുക്ക പഞ്ചായത്തിൽ വാവടുക്കം പുഴയ്ക്ക് കുറുകെ നിർമ്മിച്ച ആയംകടവ് പാലം ഇന്ന് വാർത്തകളിൽ നിറയുന്നത് അതിന്റെ ഉയരം കൊണ്ടാണ്. കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലമെന്ന വിശേഷണമാണ് ആയംകടവ് പാലത്തിനുള്ളത്.
പുഴയുടെ അടിത്തട്ടിൽ നിന്നും 80 അടിയിലധികം (25 മീറ്റർ) ഉയരത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. രണ്ട് കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം കേവലം ഒരു ഗതാഗത മാർഗ്ഗം എന്നതിലുപരി കാസർകോടിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയൊരു ഉണർവ് കൂടിയാണ്.
നിർമ്മാണത്തിലെ പ്രത്യേകതകൾ
14 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഈ പദ്ധതി പൂർത്തിയാക്കിയത്. അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്:
ജോയിന്റുകളില്ലാത്ത പാലം: പാലങ്ങളിൽ സാധാരണയായി കാണാറുള്ള എക്സ്പാൻഷൻ ജോയിന്റുകൾ (Expansion joints) ഇല്ലാത്ത രീതിയിലാണ് ഇതിന്റെ നിർമ്മാണം.
അളവുകൾ: 120 മീറ്ററിലധികം നീളവും 11.5 മീറ്റർ വീതിയുമുണ്ട്. ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്കായി സുരക്ഷിതമായ നടപ്പാതകളും ഒരുക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് വലിയ ആശ്വാസം
ബേഡടുക്ക മേഖലയിലുള്ളവർക്ക് ചട്ടഞ്ചാൽ വഴിയോ പൊയിനാച്ചി വഴിയോ ചുറ്റി സഞ്ചരിക്കാതെ തന്നെ പെരിയ, കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താൻ ഈ പാലം സഹായിക്കുന്നു. ഇതിലൂടെ ഒന്നര മണിക്കൂർ യാത്രാസമയം ലാഭിക്കാം. കൂടാതെ, കർണാടകയിലെ മടിക്കേരി, സുള്ള്യ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് ചെർക്കള വഴി ചുറ്റാതെ ബേക്കൽ കോട്ട, കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും സാധിക്കും.
ടൂറിസം വികസനം
ആയംകടവ് പാലം ഇതിനകം തന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിക്കഴിഞ്ഞു. പാലത്തിന് താഴെയുള്ള ഭാഗം പ്രയോജനപ്പെടുത്തി വലിയ വിനോദസഞ്ചാര പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓപ്പൺ എയർ സ്റ്റേജ്, ഫുഡ് കോർട്ട്, ടോയിലറ്റ് ബ്ലോക്ക് എന്നിവയുടെ നിർമ്മാണം. പുഴയുടെ ഭംഗി ആസ്വദിക്കാൻ അത്യാധുനികമായ ഗ്ലാസ് ബ്രിഡ്ജ് (Glass Bridge) എന്നിവയാണ് പരിഗണനയിലുള്ളത്
ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തിന്റെ സാമ്പത്തിക മേഖലയ്ക്കും വലിയ കരുത്താകും ആയംകടവ് പാലം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates