കാസർകോട്: പ്രകൃതിയോടിണങ്ങി ജീവിക്കാനും പാരമ്പര്യ കരകൗശല വിദ്യകളെ അടുത്തറിയാനും അവസരമൊരുക്കി തെങ്ങോല കൊണ്ടുള്ള വൈവിധ്യമാർന്ന കരകൗശല ഉൽപ്പന്ന നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പാലക്കുന്ന് അരവത്ത് കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റിന്റെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് കുട്ടികൾക്കും മുതിർന്നവർക്കുമായി വേറിട്ട ഈ ശിൽപ്പശാല അരവത്ത് വെച്ച് സംഘടിപ്പിച്ചത്.
തെങ്ങോല ഉപയോഗിച്ച് വീട്ടുപകരണങ്ങളും അലങ്കാര വസ്തുക്കളും കളിപ്പാട്ടങ്ങളും ഉൾപ്പെടെ ഇരുപത്തിയഞ്ചിലധികം വ്യത്യസ്ത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള സമഗ്രമായ പ്രായോഗിക പരിശീലനമാണ് ക്യാമ്പിൽ പങ്കെടുത്തവർക്ക് നൽകിയത്. നിത്യജീവിതത്തിൽ പ്ലാസ്റ്റിക്കിന് പകരമായി ജൈവവിഭവങ്ങളെ സുസ്ഥിരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന അറിവ് പുതുതലമുറയ്ക്ക് പകർന്നുനൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ നിർവ്വഹിച്ചു. നമ്മുടെ തനത് കാർഷിക വിഭവങ്ങളെ ക്രിയാത്മകമായി പുനരുപയോഗിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിന് ഏറെ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കരകൗശല വിദഗ്ദ്ധരായ സത്യൻ അരവത്ത്, സജി കുളത്തൂർ, അനിരുദ്ധൻ മുളിയാർ എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. കുട്ടികൾക്കൊപ്പം മുതിർന്നവരും വലിയ താല്പര്യത്തോടെ ഓലമെടയാനും പലതരം രൂപങ്ങൾ നെയ്യാനും മുന്നിട്ടിറങ്ങിയത് പരിശീലനത്തെ ആവേശകരമാക്കി.
ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് ചെയർമാൻ ശ്യാം പുരവൻകര, ആർക്കിടെക്റ്റ് മുഹമ്മദ് സാബിക്ക്, സത്യൻ, സജി, അനിരുദ്ധൻ, മധു പണിക്കർ, വേണുഗോപാൽ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി ഉദയഭാനു ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പരമ്പരാഗത കരകൗശല നിർമ്മാണത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന കൂടുതൽ തുടർപരിപാടികൾ വരുംദിവസങ്ങളിലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates