കാസർകോട്: ചട്ടഞ്ചാൽ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. അപകടസമയത്ത് ഫാക്ടറിക്കുള്ളിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മണിക്കൂറുകളോളം ആളിക്കത്തിയ തീ സമീപവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കാസർകോട്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
ചട്ടഞ്ചാൽ ബെണ്ടിച്ചാലിലുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ മാലിന്യ സംസ്കരണ കേന്ദ്രം. പുനരുപയോഗത്തിനായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിയാക്കിയെടുക്കുന്ന യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്.
ഫാക്ടറി വളപ്പിലൂടെ രണ്ട് മീറ്റർ ആഴത്തിലാണ് 'ഗെയിൽ' വാതക പൈപ്പ് ലൈൻ കടന്നുപോകുന്നത് എന്നതും ആശങ്ക ഇരട്ടിയാക്കി. എന്നാൽ തീ അണച്ചതിന് ശേഷം സ്ഥലത്തെത്തിയ ഗെയിൽ ജീവനക്കാർ പൈപ്പ് ലൈനിന്റെ മുകൾഭാഗത്ത് വിശദമായ പരിശോധന നടത്തുകയും അപകട ഭീഷണിയില്ലെന്ന് പ്രദേശവാസികളെ ഉറപ്പുനൽകുകയും ചെയ്തു.
മുന്നൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്, ഇതിൽ ഭൂരിഭാഗവും ഇതരസംസ്ഥാനക്കാരാണ്. മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയും ജനങ്ങളുടെ ജീവന് ഭീഷണിയായും പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകി. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫയർഫോഴ്‌സും പൊലീസും അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates