കാസർകോട്: കേന്ദ്ര സർവകലാശാലാ വിദ്യാർഥികളും തീരദേശവാസികളും ഒത്തുചേർന്നപ്പോൾ ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള കോട്ടിക്കുളം കൊടി ബീച്ചിന് കൈവന്നത് പുത്തനുണർവ്വ്. മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടന്നിരുന്ന മനോഹരമായ ഈ കടൽത്തീരം ശുചീകരിക്കാൻ വിദ്യാർത്ഥികളും ശാസ്ത്രജ്ഞരും ജനപ്രതിനിധികളും ഒരുമിച്ചിറങ്ങി. കേരള കേന്ദ്ര സർവകലാശാല, ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് (KUFOS), ഉദുമ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
'സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ' എന്ന ദേശീയ സന്ദേശമുയർത്തി കടലും തീരദേശ ആവാസവ്യവസ്ഥയും മാലിന്യമുക്തമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യജ്ഞം. കാസർകോട് ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിൽ യുവതലമുറയുടെ ക്രിയാത്മകമായ പങ്കാളിത്തം നിർണ്ണായകമാണെന്നും, വ്യക്തിപരമായ ഉത്തരവാദിത്തബോധവും കൂട്ടായ പരിശ്രമവുമാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ യഥാർത്ഥ അടിത്തറയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാംവാതുക്കൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം മേധാവി പ്രൊഫ. സിജിൻ കുമാർ എ.വി, ടെക്നിക്കൽ ഓഫീസർ ഡോ. സുധീഷ് വി, ഇൻകോയിസ് ശാസ്ത്രജ്ഞൻ ഡോ. നിധീഷ് എ.ജി. എന്നിവർ സംസാരിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ഷിയാസ്, പി.വി. കൃഷ്ണൻ, സി.കെ. വേണു, കരീം നാലാംവാതുക്കൽ തുടങ്ങിയ ജനപ്രതിനിധികൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി. വിദ്യാർത്ഥികളും നാട്ടുകാരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ കടൽത്തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും പൂർണ്ണമായും ശേഖരിച്ച് നീക്കം ചെയ്തു.
ശുചീകരണത്തോടൊപ്പം നടന്ന ബോധവൽക്കരണ പരിപാടിയിൽ തീരദേശ സംരക്ഷണത്തിനായുള്ള ശാസ്ത്രീയ ഇടപെടലുകൾ വിശദമായി ചർച്ചയായി. ബേക്കൽ കോട്ടയിൽ നിന്ന് വെറും മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള കൊടി ബീച്ചിന്റെ സ്വാഭാവിക പ്രകൃതിസൗന്ദര്യവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വലിയ വിനോദസഞ്ചാര സാധ്യതകളാണ് തുറന്നിടുന്നതെന്ന് ഇൻകോയിസ് ശാസ്ത്ര സംഘം വിലയിരുത്തി. പ്രദേശത്തിന്റെ തനതായ സൗന്ദര്യത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത രീതിയിലുള്ള സുസ്ഥിര ടൂറിസം വികസന പദ്ധതികൾ ഇവിടെ നടപ്പിലാക്കേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണവും വിനോദസഞ്ചാര വികസനവും പരസ്പരവിരുദ്ധമാകാതെ ഒത്തുപോകണമെന്നും, ഇതിൽ പ്രാദേശിക ജനവിഭാഗങ്ങളുടെ സജീവ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. തീരദേശത്തെ വീണ്ടെടുക്കാനുള്ള ഈ ജനകീയ കൂട്ടായ്മ നാട്ടുകാർക്കും വലിയ ആവേശമായി മാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates