കാസർകോട്: വികസനത്തിൽ പിന്നാക്ക ജില്ലയായ കാസർകോട്ടെ ആശുപത്രികളിലേക്ക് വരാൻ ഡോക്ടർമാർ താല്പര്യം കാണിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരൻ. കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറു മാസത്തിനിടെ 94 ഡോക്ടർമാരെ കാസർകോട്ടേക്ക് നിയമിച്ചെങ്കിലും അതിൽ 38 പേർ മാത്രമാണ് ചാർജെടുത്തത്. ജില്ല മാറിയാൽ വരാം അല്ലെങ്കിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് ഇവർ അറിയിക്കുന്നത്. സർക്കാർ ഡോക്ടർമാരെ നിയമിക്കാഞ്ഞിട്ടല്ല, മറിച്ച് വടക്കേ അറ്റത്തേക്ക് വരാൻ ഉദ്യോഗസ്ഥർ താല്പര്യംപ്പെടാഞ്ഞിട്ടാണെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിൽ നിന്ന് രണ്ടു വർഷത്തേക്ക് ഡോക്ടർമാരെ സ്ഥലം മാറ്റരുതെന്ന് നിർദേശിച്ചിരുന്നു. എന്നാൽ അതിനെയും തരണം ചെയ്യാൻ വിവിധ കാരണങ്ങൾ പറഞ്ഞ് ചിലർ സൂത്രപണികൾ ഒപ്പിക്കാറുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
എങ്കിലും സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള മരുന്ന് ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എസ്എംഎ രോഗികൾക്ക് ഇന്ത്യയിൽ നിർമ്മിക്കുന്നതും പരീക്ഷിച്ചു വിജയിച്ചതുമായ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കാണ് ഇത് സൗജന്യമായി നൽകുന്നത്. ഇത് എല്ലാ എസ്എംഎ. രോഗികൾക്കും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കെ നീലകണ്ഠൻ എംഎൽഎചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായും, കല്ലട്ര മാഹിൻ എം.എൽ.എ. വിശിഷ്ടാതിഥിയായും സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുകുമാരി, ജസ്ന മനാഫ്, പവിത്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.