കാസര്‍കോട്: കൊറിയര്‍ സര്‍വീസ് വഴി ലഹരിമരുന്നായ എംഡിഎംഎ കടത്താന്‍ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. ചിത്താരി സ്വദേശിയായ ജാവിദ് അലവി (33) യെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചിത്താരിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മേയ് 22ന് രാത്രി 7.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. അജാനൂര്‍ ഗ്രാമത്തിലെ മടിയന്‍ എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസ് സ്ഥാപനം വഴി, നിരോധിത ലഹരിമരുന്ന് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. പാര്‍സല്‍ അയക്കാനായി നല്‍കിയ പാക്കറ്റില്‍ 1.580 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. പാര്‍സല്‍ അയക്കാനായി എത്തിയ ജാവിദ് അപൂര്‍ണ വിലാസമാണ് നല്‍കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കൊറിയര്‍ ജീവനക്കാര്‍ അയക്കുന്നയാളുടെ പൂര്‍ണ വിലാസം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തനായ യുവാവ് പാര്‍സല്‍ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
യുവാവിന്റെ പെരുമാറ്റത്തില്‍ കടുത്ത സംശയം തോന്നിയ ജീവനക്കാര്‍ പാക്കറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ ലഹരിമരുന്നാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാര്‍ ഇക്കാര്യം ഹോസ്ദുര്‍ഗ് പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, നിയമപ്രകാരമുള്ള സീഷര്‍ മഹസ്സര്‍ തയ്യാറാക്കി എംഡിഎംഎ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്.
ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ. ദിനേശന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍ കെ.വി, നീതു തച്ചഞ്ചേരി, പ്രേമന്‍ സിവി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാകേഷ് എ.വി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ് എന്‍.വി, രമിത്ത്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates