Trains in Station|Representative Image ANI
Kasargod

മംഗലാപുരം പോയാൽ പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാകും; കുമ്പളയും മഞ്ചേശ്വരവും വികസിപ്പിക്കണമെന്ന് ആവശ്യം

റെയിൽവേ ബോർഡ് തീരുമാനത്തിനെതിരെ വടക്കൻ കേരളത്തിൽ കടുത്ത പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കാസർഗോഡ്: മംഗലാപുരം മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്നും അടർത്തിമാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം പാലക്കാട് റെയിൽവേ ഡിവിഷന്റെ നിലനിൽപ്പിനെത്തന്നെ പ്രതിസന്ധിയിലാക്കുന്നു. ആവശ്യമായ വരുമാനമില്ലാതെ ക്രമേണ പാലക്കാട് ഡിവിഷൻ ഇല്ലാതാവുകയും തിരുവനന്തപുരം ഡിവിഷനിൽ ലയിപ്പിക്കേണ്ടി വരികയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണ് മുന്നിലുള്ളത്. ഇതോടെ റെയിൽവേയ്ക്ക് ആവശ്യത്തിന് സ്ഥലമുള്ള കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിൽ അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കാസർകോട്ടെ യാത്രക്കാരും റെയിൽവേ ഉദ്യോഗസ്ഥരും.

ചരിത്രപരമായ പ്രാധാന്യവും കനത്ത വരുമാന നഷ്ടവും

സംസ്ഥാന രൂപീകരണത്തിന് മൂന്ന് മാസം മുൻപ്, 1956 ഓഗസ്റ്റ് 31-ന് നിലവിൽ വന്ന രാജ്യത്തെ ഏറ്റവും പഴക്കമുള്ള റെയിൽവേ ഡിവിഷനുകളിലൊന്നാണ് പാലക്കാട്. മംഗലാപുരം മേഖല നഷ്ടമാകുന്നതോടെ മംഗലാപുരം തുറമുഖത്ത് നിന്നുള്ള ചരക്കുനീക്ക വരുമാനത്തിന്റെ 90 ശതമാനവും, മംഗലാപുരത്തെ ടെർമിനലുകളിൽ നിന്നുള്ള വാർഷിക വരുമാനത്തിന്റെ 50 ശതമാനവും പാലക്കാടിന് നഷ്ടമാകും. നൂറിലധികം തൊഴിലവസരങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് മാറ്റപ്പെടുകയും ചെയ്യും. ചരക്കുനീക്കത്തിനും ലാഭത്തിനും മുൻഗണന നൽകുന്ന നിലവിലെ റെയിൽവേ നയങ്ങൾക്കിടയിൽ വരുമാനം കുത്തനെ ഇടിയുന്നത് പാലക്കാട് ഡിവിഷനെ സാമ്പത്തികമായി ഏറ്റവും ദുർബലമാക്കും.

കുമ്പളയും മഞ്ചേശ്വരവും ടെർമിനലുകളാക്കണം

നിലവിൽ പാലക്കാട് ഡിവിഷന് പാലക്കാട് ടൗണിൽ മാത്രമാണ് ഒരു പിറ്റ് ലൈൻ ഉള്ളത്. ഷൊർണ്ണൂരിലും കോഴിക്കോടുമുള്ള സ്റ്റേബ്ലിംഗ് ലൈനുകൾ പൂർണ്ണശേഷിയിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കുന്നതിനായി മംഗലാപുരം ജംഗ്ഷനിൽ പിറ്റ് ലൈനുകളും സ്റ്റേബ്ലിംഗ് ലൈനുകളും വികസിപ്പിക്കാൻ പാലക്കാട് ഡിവിഷൻ വലിയ തുക ചെലവഴിച്ചിരുന്നു. ഒക്ടോബർ ഒന്നോടെ ഈ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഡിവിഷന് നഷ്ടമാകും.

കാസർഗോഡ് സ്റ്റേഷനിൽ പുതിയ ടെർമിനൽ സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ ഭാവിയിൽ പാലക്കാട് ഡിവിഷൻ തിരുവനന്തപുരവുമായി ലയിപ്പിക്കേണ്ടി വരുമെന്ന് മുൻ റെയിൽവേ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. റെയിൽവേയ്ക്ക് 30 ഏക്കറിലധികം സ്ഥലമുള്ള കുമ്പളയെ കാസർകോടിന്റെ സാറ്റലൈറ്റ് സ്റ്റേഷനായും, കേരളത്തിന്റെ വടക്കേ അതിർത്തിയായ മഞ്ചേശ്വരത്തെ ചെറിയ ടെർമിനലായും വികസിപ്പിക്കണമെന്നാണ് കാസർഗോഡ് ജില്ലാ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.

പ്രതിഷേധവുമായി ജനപ്രതിനിധികൾ

റെയിൽവേ ബോർഡിന്റെ നടപടിക്കെതിരെ വടക്കൻ കേരളത്തിലെ ജനപ്രതിനിധികൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. മലബാറിന്റെ റെയിൽവേ വികസനത്തിന് കനത്ത പ്രഹരമേൽപ്പിക്കുന്ന അനീതി നിറഞ്ഞ തീരുമാനമാണിതെന്ന് എംകെ രാഘവൻ എംപി വ്യക്തമാക്കി. അതേസമയം, റെയിൽവേ ബോർഡ് ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് ജില്ലാ വികസന സമിതി പ്രമേയം പാസാക്കി. എകെഎം. അഷ്റഫ് എംഎൽഎ അവതരിപ്പിച്ച പ്രമേയത്തെ ജില്ലയിലെ മുഴുവൻ എം.എൽ.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാമും ഐകകണ്ഠ്യേന പിന്തുണച്ചു.

The Railway Board’s unilateral decision to detach the Mangaluru region from the Palakkad Division and merge it with South Western Railway’s Mysuru Division has pushed the historic division into a severe existential crisis, raising concerns that it may eventually be merged with the Thiruvananthapuram Division.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി, കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കീമോതെറപ്പിക്കു പകരം പുതിയ സ്മാര്‍ട്ട് മരുന്ന്; കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമാകാന്‍ ആര്‍കെ-251

മെട്രോ സ്‌റ്റേഷനില്‍ വാഹന പാര്‍ക്കിങ്ങ് ഫീസ് കൂട്ടി; വര്‍ധന ഈ നാലു സ്റ്റേഷനുകളില്‍

അമ്മയെ പള്ളിയില്‍ വിട്ടുള്ള മടക്കം മരണത്തിലേക്ക്; നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം

ലോക്‌സഭയ്‌ക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പും?; 22 സംസ്ഥാനങ്ങളില്‍ നടത്താന്‍ നീക്കവുമായി എന്‍ഡിഎ, റിപ്പോര്‍ട്ട്