കാസർകോട്: കപ്പൽ ജോലിയിൽ നിന്ന് വിരമിച്ച റേറ്റിംഗ് വിഭാഗത്തിലെ 75 വയസ്സ് പിന്നിട്ട മുഴുവൻ ജീവനക്കാർക്കും ഒരു ലക്ഷം രൂപ വീതം ഒറ്റത്തവണ ക്ഷേമാശ്വാസമായി നൽകാൻ മുംബൈ ആസ്ഥാനമായുള്ള സീഫെയറേഴ്സ് വെൽഫെയർ ഫണ്ട് സൊസൈറ്റിയുടെ കമ്മിറ്റി ഓഫ് മാനേജ്‌മെന്റ് യോഗം തീരുമാനിച്ചു. 2026 ജനുവരി ഒന്നിന് ശേഷം 75 പൂർത്തിയാകുന്നവർക്ക് മാത്രം എന്ന നിബന്ധനയോടെ ഈ ക്ഷേമാശ്വാസ തുക നൽകിവരുന്നതിനെതിരെ കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ നാഷണൽ യൂണിയൻ ഓഫ് സിഫെയറേഴ്സ് ഓഫ് ഇന്ത്യയും കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബും വിവിധ സംസ്ഥാനങ്ങളിലെ വിരമിച്ച നാവികരും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തെ തുടർന്നാണ് നിബന്ധനകളില്ലാതെ 75 പിന്നിട്ട എല്ലാവർക്കും ആനുകൂല്യം നൽകാൻ എസ്.ഡബ്ല്യു.എഫ്.എസ്. തീരുമാനിച്ചത്.
മുൻ തീരുമാനമനുസരിച്ച് 2026-ന് മുൻപ് 75 പൂർത്തിയായ നൂറിലധികം കപ്പൽ ജീവനക്കാർ ഈ പദ്ധതിയുടെ ആനുകൂല്യത്തിൽ നിന്ന് പുറത്തായിരുന്നു. ഇപ്പോൾ ഭേദഗതി ചെയ്ത പുതിയ തീരുമാനത്തിലൂടെ രാജ്യത്തെ നൂറുകണക്കിന് മുൻകാല കപ്പൽ ജീവനക്കാർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് നുസി ജനറൽ സെക്രട്ടറി മിലിന്ദ് കന്റാൽഗോൺക്കാർ അറിയിച്ചു. നിലവിൽ 75 ഉം അതിന് മുകളിലും വയസ്സ് പൂർത്തിയായിട്ടുള്ളവർക്കും, തുടർന്നുള്ള വർഷങ്ങളിൽ 75 പൂർത്തിയാകുന്ന നിരവധി പേർക്കും ഈ പട്ടികയിൽ ഇടം നേടാനാകും. 75 പൂർത്തിയാകുന്ന മുറയ്ക്ക് അതത് വർഷം അപേക്ഷ നൽകാനാവുമെന്ന് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടിയും ജനറൽ സെക്രട്ടറി യു.കെ. ജയപ്രകാശും വ്യക്തമാക്കി.
നിർദിഷ്ട ഫോറത്തിൽ വേണം അപേക്ഷകൾ സമർപ്പിക്കാൻ. സി.ഡി.സി. ബുക്കിന്റെ പേജുകൾ, ബാങ്ക് പാസ് ബുക്കിന്റെ ആദ്യപേജ്, ക്രോസ് ചെയ്ത ഒരു ചെക്ക് ലീഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം ബാങ്ക് മാനേജർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം അയക്കണം. അപേക്ഷാ ഫോറവും ലൈഫ് സർട്ടിഫിക്കറ്റ് ഫോറവും കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിൽ നിന്ന് സൗജന്യമായി ലഭിക്കും. ഫോൺ നമ്പറുകൾ: 7994020011, 9447692439.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates