Shibu_toddy_Kasargod 
Kasargod

ചെത്തി ജീവിക്കാം, രാജകീയമായി! മാസവരുമാനം 80,000; കള്ള് ചെത്തിൽ വിപ്ലവം തീർത്ത് ഷിബു

സംസ്ഥാന സർക്കാരിൻ്റെ ശ്രേഷ്ഠ തൊഴിൽ പുരസ്കാരം നേടിയ കാസർകോട് പൊയിനാച്ചിയിലെ ഷിബുവിൻ്റെ ജീവിതവിശേഷം. കഠിനാധ്വാനത്തിലൂടെ മാസം 80,000 രൂപ വരുമാനം നേടുന്ന ഒരു സാധാരണക്കാരൻ്റെ വിജയഗാഥ

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: "കള്ളോളം നല്ല പാനീയം ഭൂലോകത്തില്ല മാളോരേ..." എന്ന പാട്ട് വെറുമൊരു വരി മാത്രമല്ല ഷിബുവിന്, അത് രണ്ട് പതിറ്റാണ്ടായുള്ള തൻ്റെ ജീവിതത്തിൻ്റെ താളമാണ്. ചെത്തി നടക്കാനുള്ളതല്ല ജീവിതം, മറിച്ച് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ളതാണെന്ന് തെളിയിക്കുകയാണ് കാസർകോട് പൊയിനാച്ചിയിലെ ഈ 38-കാരൻ. കഠിനാധ്വാനത്തിന് സംസ്ഥാന സർക്കാരിൻ്റെ 'ശ്രേഷ്ഠ തൊഴിൽ പുരസ്കാരം' തേടിയെത്തിയതോടെ ഷിബു ഇന്ന് നാടിൻ്റെ അഭിമാനമാണ്.

അധ്വാനത്തിൻ്റെ മധുരക്കള്ള്

രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെ മൂന്നുനേരം തെങ്ങിൻ്റെ മുകളിലെത്തണം. തെങ്ങിൻ കുലയുടെ ഇളം തണ്ട് ചെത്തി, മൺകുടം തൂക്കി, ഓരോ തവണയും പുതിയ മുറിവുകൾ ഉണ്ടാക്കിയാലേ കള്ള് സുലഭമായി ലഭിക്കൂ. നല്ല കായികബലം വേണ്ടിവരുന്ന ജോലിയാണെങ്കിലും ഷിബുവിനിത് 20 വർഷമായുള്ള ദിനചര്യയാണ്. പ്രതിമാസം 1200 മുതൽ 1500 ലിറ്റർ വരെ കള്ളാണ് ഷിബു അളക്കുന്നത്. കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിൽ 70,000 മുതൽ 80,000 രൂപ വരെ മാസവരുമാനം നേടാമെന്ന് ഷിബു സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരുന്നു.

toddy kasargod

പാലക്കാട് നിന്ന് പൊയിനാച്ചിയിലേക്ക്

പാലക്കാട് തന്നിമാരി സ്വദേശിയായ ഷിബു തൊഴിൽ തേടിയാണ് 19 വർഷം മുൻപ് കാസർകോട് എത്തുന്നത്. ജില്ലയിൽ ചെത്തുതൊഴിലാളികൾ കുറവായത് ഷിബുവിന് വലിയ അവസരമായി. ഇന്ന് ജില്ലയിൽ ഏറ്റവും കൂടുതൽ കള്ള് അളക്കുന്ന തൊഴിലാളികളിൽ ഒരാളാണ് അദ്ദേഹം. പൊയിനാച്ചി എരുതുംകടവിലെ വാടക വളപ്പിൽ 20-ഓളം തെങ്ങുകളാണ് ഷിബു ഇപ്പോൾ ചെത്തുന്നത്. ഭാര്യ ചിക്കുമോൾക്കും മൂന്ന് മക്കൾക്കും അച്ഛനമ്മമാർക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കാൻ ഈ തൊഴിൽ ഷിബുവിനെ പ്രാപ്തനാക്കി.

സംസ്കാരത്തിൻ്റെ ഭാഗമായ 'ചെത്ത്'

കേരളത്തിൻ്റെ തനത് ഗ്രാമീണ സംസ്കാരത്തിൻ്റെ അടയാളമാണ് കള്ള് ചെത്ത്. 'ചെളിചെത്ത്', 'പാണ്ടിച്ചെത്ത്' എന്നിങ്ങനെ വ്യത്യസ്തമായ ശൈലികൾ ഈ തൊഴിലിനുണ്ട്. പരമ്പരാഗത മേഖല നേരിടുന്ന പ്രതിസന്ധികൾക്കിടയിലും, പുതിയ തലമുറയ്ക്ക് ഈ മേഖലയൊരു പ്രചോദനമാകണമെന്നാണ് ഷിബുവിൻ്റെ ആഗ്രഹം. സർക്കാർ നൽകിയ പുരസ്കാരം തൻ്റെ തൊഴിലിന് ലഭിച്ച വലിയൊരു അംഗീകാരമായാണ് അദ്ദേഹം കാണുന്നത്.

Shibu Toddy Tapper Success Story

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യമായി വന്നു... 'തോല്‍ക്കാതെ' നോക്കൗട്ടില്‍; ചരിത്രമെഴുതി കാബോ വെര്‍ദെ; ഉറുഗ്വെ പുറത്ത്!

യൂട്യൂബർമാരുടെ ഒഴുക്ക് വില്ലനായി; 'ബാലൻ' ബസ് സ്‌റ്റോപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ലോകകപ്പില്‍ ചരിത്രമെഴുതി കാബോ വെര്‍ദെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വിലങ്ങാട് വനത്തിൽ കുടുങ്ങിയ മൂന്ന് പേരെയും കണ്ടെത്തി; യുവാക്കൾക്കെതിരെ കേസെടുക്കും

ഇറാഖിനു മേല്‍ സെനഗലിന്റെ ഗോള്‍ മഴ! ചരിത്ര വിജയം, നോക്കൗട്ട് സാധ്യത