

ടൊറന്റോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐയിലെ അവസാന പോരാട്ടത്തില്‍ ഇറാഖിനു മേല്‍ സെനഗലിന്റെ ഗോള്‍ മഴ. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇറാഖിനെ തകര്‍ത്ത് സെനഗല്‍ നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി നിര്‍ത്തുകയും ചെയ്തു. കളി തുടങ്ങി 13ാം മിനിറ്റില്‍ ഇറാഖ് താരം റെബിന്‍ സുലാക ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ പിന്നീട് 10 പേരായി ചുരുങ്ങിയത് സെനഗല്‍ ശരിക്കും മുതലെടുക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ 5 ഗോളുകള്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന അഭിമാന നേട്ടവും മത്സരത്തില്‍ സെനഗല്‍ സ്വന്തമാക്കി.
പാപെ ഗയെ സെനഗലിനായി ഇരട്ട ഗോളുകള്‍ നേടി. നാലാം മിനിറ്റില്‍ ഗോള്‍ നേടി മുന്നിലെത്തിയ സെനഗല്‍ ശേഷിച്ച നാല് ഗോളുകളും രണ്ടാം പകുതിയിലാണ് നേടിയത്. 26 മിനിറ്റിനിടെയാണ് സെനഗല്‍ ശേഷിച്ച നാല് ഗോളുകളും വലയിലിട്ടത് എന്നതും ശ്രദ്ധേയമായി. വന്‍ ജയത്തോടെയാണ് പുറത്താകുമെന്ന ഘട്ടത്തില്‍ നിന്നു സെനഗല്‍ പ്രതീക്ഷ സജീവമാക്കിയത്. മൂന്ന് കളിയും തോറ്റ് ഇറാഖ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.
മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ സെനഗല്‍ ഗോള്‍ കണ്ടെത്തി. കോര്‍ണര്‍ കിക്കില്‍ നിന്നാണ് സെനഗല്‍ ലീഡിന്റെ തുടക്കം. കോര്‍ണറില്‍ നിന്നു ലഭിച്ച പന്ത് ബോക്‌സില്‍ വച്ച് അബ്ദുല്ലായെ സെക്ക് ഹെഡ്ഡ് ചെയ്ത് തിരിച്ചുവിട്ടു. ബോക്‌സിലുണ്ടായിരുന്ന ഹബിബ് ദിയാരയുടെ ദേഹത്ത് തട്ടി പന്ത് വലയില്‍ കയറി.
13ാം മിനിറ്റില്‍ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനയെ അപകടകരമാം വിധം ഫൗള്‍ ചെയ്തു വീഴ്ത്തിയതിനാണ് ഇറാഖ് താരം സുലാക ചുവപ്പ് കാര്‍ഡ് വാങ്ങിയത്. പത്ത് പേരായി ചുരുങ്ങിയിട്ടും ആദ്യ പകുതിയില്‍ അതു മുതലെടുക്കാന്‍ സെനഗലിനു സാധിച്ചില്ല.
രണ്ടാം പകുതിയില്‍ അവര്‍ തന്ത്രം മാറ്റി. പകരക്കാരായി ഇറങ്ങിയ താരങ്ങളുടെ ബലം കൂടി കിട്ടിയതോടെയാണ് സെനഗല്‍ 26 മിനിറ്റിനിടെ ഗോളുകള്‍ തുരുതുരെ അടിച്ചത്. 56ാം മിനിറ്റില്‍ സെനഗലിന്റെ രണ്ടാം ഗോള്‍ വന്നു. ഇറാഖിന്റെ സിദാന്‍ ഇഖ്ബാലിനു സ്വന്തം ബോക്‌സിനു മുന്നില്‍ വച്ചു പറ്റിയ പിഴവ് മുതലെടുത്ത് ലാമിന്‍ കമാര പന്ത് റാഞ്ചി ഇസ്മായില സാറിനു നല്‍കി. താരം അനായാസം പന്ത് വലയിലിട്ടു.
പകരക്കാരനായി എത്തി 89 സെക്കന്‍ഡിനുള്ളില്‍ പാപെ ഗയെ തന്റെ ആദ്യ ഗോളും സെനഗലിന്റെ മൂന്നാം ഗോളും നേടി. 59ാം മിനിറ്റില്‍ ബോക്‌സിന്റെ വലതു ഭാഗത്തു നിന്നു താരമെടുത്ത ഇടം കാലന്‍ ഷോട്ട് ഇറാഖ് ഗോള്‍ കീപ്പര്‍ അഹമ്മദ് ബാസിലിനെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ ടോപ്പ് കോര്‍ണറിലേക്ക് തുളച്ചു കയറി.
ഇറാഖ് പ്രതിരോധത്തിന്റെ അടുത്ത പിഴവും മുതലെടുത്ത് പാപെ ഗയെ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടി. 71ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്നു താരം എടുത്ത മറ്റൊരു ബുള്ളറ്റ് ഷോട്ടാണ് വല തുളച്ചു കയറിയത്. 82ാം മിനിറ്റില്‍ സെനഗല്‍ അഞ്ചാം ഗോളും നേടി. 20 യാര്‍ഡ് അകലെ നിന്നു ലഭിച്ച പന്തുമായി മുന്നേറിയ ഇലാന്‍ എന്‍ഡായെ തൊടുത്ത മിന്നും ലോങ് റേഞ്ചര്‍ ഇറാഖിന്റെ പെട്ടിയിലെ അവസാന അണി അടിക്കുന്നതായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates