കോഴിക്കോട്: കാരന്തൂരിൽ വെള്ളം കയറിയപ്പോൾ പല വീടുകളിലേക്കും ആദ്യം എത്തിയത് രക്ഷാസേനയല്ല, സലീമിന്റെ തോണിയായിരുന്നു. പൂനൂർപുഴ കരകവിഞ്ഞ് പ്രദേശം വെള്ളത്തിനടിയിലായതോടെ സ്വന്തം തോണിയുമായി ഇറങ്ങിയ സലീം ദിവസങ്ങളായി ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസമാകുകയാണ്. കഴിഞ്ഞ ദിവസം കാരന്തൂർ പ്രദേശവാസികളുടെ വാട്സാപ് സ്റ്റേറ്റസുകളിലാകെ നിറഞ്ഞത് തോണി തുഴഞ്ഞെത്തുന്ന സലീമിന്റെ ചിത്രമായിരുന്നു.
ഈ മഴക്കാലത്ത് ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം ബാധിച്ച പൂനൂർപുഴയുടെ തീരത്താണ് സലീമിന്റെ വീട്. ഗ്രാമം മുഴുവൻ വെള്ളത്തിൽ ഒറ്റപ്പെട്ടതോടെ വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാൻ അദ്ദേഹം സ്വന്തം തോണിയുമായി രക്ഷാപ്രവർത്തനത്തിനിറങ്ങി. കാരന്തൂർ പുഴയ്ക്ക് അക്കരെ ഏട്ടക്കുണ്ട്, പാറക്കടവ്, തൈക്കണ്ടി കടവ്, ഇടക്കുനി താഴം തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെയാണ് സലീം കരയിലെത്തിച്ചത്.
റോഡുകൾ വെള്ളത്തിനടിയിലായതോടെ കാരന്തൂർ അങ്ങാടിയിലേക്കുള്ള യാത്രയ്ക്കും നാട്ടുകാർ ആശ്രയിച്ചത് സലീമിന്റെ തോണിയെയാണ്. അത്യാവശ്യ ആവശ്യങ്ങൾക്കും രോഗികളെ മാറ്റുന്നതിനും തോണി നിരന്തരം ഓടിക്കൊണ്ടിരിക്കുകയാണ്.
മുൻകാല വോളിബോൾ താരവും കരാട്ടെ അഭ്യാസിയുമായ സലീം, ഡോൾഫിൻ ക്ലബിന്റെ പ്രവർത്തകൻ കൂടിയാണ്. ക്ലബിന്റെ നേതൃത്വത്തിൽ യുവാക്കളും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. കമുകിൻതോട്ടം ലേലത്തിൽ എടുത്ത് അടയ്ക്ക വ്യാപാരം നടത്തുന്നതാണ് സലീമിന്റെ ഉപജീവനം.
2018ലെ മഹാപ്രളയമാണ് സലീമിനെ സ്വന്തം തോണി വാങ്ങാൻ പ്രേരിപ്പിച്ചത്. അന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന മുഴുവൻ അടയ്ക്കയും വെള്ളത്തിൽ ഒഴുകിപ്പോയി. കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ പോലും മറ്റുള്ളവരുടെ തോണി കാത്തിരിക്കേണ്ടി വന്ന അനുഭവം മറക്കാനായില്ല. അതോടെയാണ് ഇനിയൊരു ദുരന്തമുണ്ടായാൽ സ്വന്തം കുടുംബത്തിനും നാട്ടുകാർക്കും ഉപകാരപ്പെടുമെന്ന ചിന്തയിൽ തോണി സ്വന്തമാക്കിയത്.
"2018ലെ വെള്ളപ്പൊക്കത്തിനു എനിക്കും കുടുംബത്തിനും വല്ലാണ്ട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. ആ അനുഭവത്തിൽ നിന്നാണ് തോണി വാങ്ങാൻ ഉള്ള തീരുമാനം എടുത്തത്. ഞങ്ങൾക്കു മാത്രമല്ല, നാട്ടിലുള്ള എല്ലാവർക്കും അത് ഉപകാരപ്പെടുമെന്ന് കരുതി. എന്നെക്കൊണ്ട് കഴിയുന്നത്ര ആളുകളെ സുരക്ഷിതരാക്കാൻ ശ്രമിക്കുകയാണ്," കാരന്തൂർ കരെതൊടികയിൽ സലീം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates