കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ അയൽവാസിയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ ഓട്ടോറിക്ഷ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയും നാട്ടുകാരുടെ സഹായത്തോടെയും സാഹസികമായി പിടികൂടി. മണാശ്ശേരി സ്വദേശിയായ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ ജയകുമാറാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മണാശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ പ്രദീഷാണ് തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്.
ചൊവ്വാഴ്ച വൈകിട്ട് 7.15-ഓടെയായിരുന്നു മണാശ്ശേരിയെ നടുക്കിയ കൊലപാതകം നടന്നത്. വ്യക്തിവൈരാഗ്യത്തെ തുടർന്ന് ജയകുമാർ മാരകായുധവുമായി എത്തി വിനോദ് കുമാറിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ് കുമാർ സംഭവസ്ഥലത്തു വെച്ച് തന്നെ മരണമടഞ്ഞു.
കൊലപാതകം നടത്തിയ ശേഷം കൃത്യസ്ഥലത്തുനിന്നും അതിവേഗം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ജയകുമാർ. കയ്യേരിക്കൽ ഭാഗത്തുകൂടി ജയകുമാർ പരിഭ്രാന്തിയോടെ ഓടിപ്പോകുന്നത് പ്രദേശത്തെ ഓട്ടോ ഡ്രൈവറായ പ്രദീഷിന്റെ ശ്രദ്ധയിൽപ്പെട്ടു. ജയകുമാറിന്റെ അസ്വാഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രദീഷ്, വിനോദ് കുമാർ ആക്രമിക്കപ്പെട്ട വിവരമറിഞ്ഞതോടെ ഒട്ടും സമയം കളയാതെ പ്രതിയെ തടഞ്ഞുനിർത്തുകയായിരുന്നു.
പ്രദീഷ് ബഹളം വെച്ച് ആളുകളെ കൂട്ടുകയും, ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഒത്തുചേർന്ന് പ്രതിയെ കീഴടക്കുകയുമായിരുന്നു. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം മുക്കം പൊലീസ് സ്ഥലത്തെത്തി ജയകുമാറിനെ കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ പ്രതി ജയകുമാറിനെ കൊലപാതകം നടന്ന മണാശ്ശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രദേശത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തു. കൊല്ലപ്പെട്ട വിനോദ് കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിയായ ജയകുമാർ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് നാട്ടുകാർ ആരോപിച്ചു. കൊലപാതകം നടക്കുന്നതിന് മുൻപ് തന്നെ ഇയാൾ പ്രദേശത്ത് വലിയ രീതിയിൽ അക്രമ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതറിയിച്ച് മുക്കം പൊലീസിനെ ഫോണിൽ വിളിച്ച് പലതവണ സഹായം അഭ്യർത്ഥിച്ചിട്ടും പൊലീസ് കൃത്യസമയത്ത് സ്ഥലത്തെത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പൊലീസ് യഥാസമയം പരാതിയിൽ ഇടപെട്ടിരുന്നെങ്കിൽ വിനോദ് കുമാറിന്റെ ദാരുണമായ കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലും വൻ പൊലീസ് സുരക്ഷയിലാണ് അന്വേഷണസംഘം തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. തെളിവെടുപ്പിനിടയിൽ ജയകുമാറിന്റെ വീടിന് പിന്നിലുള്ള വാട്ടർ ടാങ്കിന് സമീപം ഒളിപ്പിച്ച നിലയിൽ കൊലപാതകത്തിന് ഉപയോഗിച്ച മൂർച്ചയേറിയ കൊടുവാൾ പൊലീസ് കണ്ടെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates