ഇടുക്കി: ചെറുതോണിയിലെ മലനിരകളെ വേർതിരിച്ചുകൊണ്ട് ഇടുക്കി അണക്കെട്ട് ഉയരുന്നതിനും, സംഘടിത മതങ്ങൾ മനുഷ്യരെ ചേരിതിരിക്കുന്നതിനും വളരെ മുൻപ്, ഇവിടുത്തെ ഗോത്രവർഗ്ഗക്കാർ ഒത്തുകൂടിയിരുന്ന ഒരു മലമുകളുണ്ടായിരുന്നു—'കൂടത്തണ്ട്'. മനുഷ്യർ ഒത്തുചേരുന്ന ഇടം എന്നാണ് ഈ പേരിന്റെ അർത്ഥം. കാലം മാറിയപ്പോൾ ഈ ചരിത്രഭൂമി ഇന്ന് പെരിയാറ്റപ്പൻ മഹാദേവ ക്ഷേത്ര'ത്തിന്റെയും തിലകാശി പീഠ'ത്തിന്റെയും കേന്ദ്രമാണ്. ജാതി-മത വ്യത്യാസങ്ങളില്ലാതെ, മരണത്തിലും മനുഷ്യർക്ക് ഒന്നാകാൻ പൊതുവഴിയൊരുക്കുന്ന കേരളത്തിലെ ഏറ്റവും സവിശേഷമായ ഒരു പൊതുശ്മശാനമാണിത്
ആറ് പതിറ്റാണ്ടിലേറെ നീളുന്ന വലിയൊരു പാരമ്പര്യം ഈ പുണ്യഭൂമിക്ക അവകാശപ്പെടാനുണ്ട്. മുനിമാർ ആരാധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു ശിവലിംഗമാണ് ഈ പ്രദേശത്തിന്റെ കേന്ദ്രബിന്ദു.
നേരിമംഗലത്ത് നിന്നും കുടിയേറിയ ഊരാളി വിഭാഗക്കാർ, പെരിയാറിന്റെ തീരങ്ങളിൽ താമസിച്ചിരുന്ന മന്നാൻ സമുദായക്കാർ, ചെമ്പകശ്ശേരി ഗോത്രവിഭാഗക്കാർ എന്നിവരെല്ലാം തങ്ങളുടെ ഗോത്ര വ്യത്യാസങ്ങൾ മറന്ന് ആരാധനയ്ക്കായി ഇവിടെ ഒത്തുകൂടിയിരുന്നു. ഈ മലമുകളിനോട് ചേർന്നുള്ള ഭൂമിയാണ് അവർ പൊതുവായി മൃതദേഹങ്ങൾ അടക്കം ചെയ്യാൻ ഉപയോഗിച്ചിരുന്നതും.
ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണ വേളയിൽ അപകടത്തിലും മറ്റും മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങളും ജാതി നോക്കാതെ ഈ മണ്ണിലാണ് അടക്കം ചെയ്തത്.
ഈ ചരിത്രപരമായ കൂട്ടായ്മയുടെ പാരമ്പര്യം നഷ്ടപ്പെട്ടുപോകാതിരിക്കാൻ 2009-ൽ രൂപീകരിക്കപ്പെട്ട പെരിയാറ്റപ്പൻ മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഈ ശ്മശാനത്തെ തിലകാശി പീഠം എന്ന് പുനർനാമകരണം ചെയ്യുകയും എല്ലാ മതസ്ഥർക്കുമായി തുറന്നുനൽകുകയുമായിരുന്നു.
തിലകാശി പീഠത്തിൽ ഇതുവരെ അഞ്ഞൂറിലധികം മൃതദേഹങ്ങളാണ് ജാതി-മത ഭേദമില്ലാതെ അടക്കം ചെയ്തിട്ടുള്ളത്. പൊലീസിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം എത്തിക്കുന്ന അനാഥ മൃതദേഹങ്ങളും, സാമ്പത്തികമില്ലാത്തതു കൊണ്ട് സംസ്‌കാരം നടത്താൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ മൃതദേഹങ്ങളുമെല്ലാം ഇവിടെ ആദരവോടെ മണ്ണോട് ചേർക്കുന്നു.
ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയായതിനാൽ അനാഥ മൃതദേഹങ്ങൾ അടക്കം ചെയ്യാനുള്ള അപേക്ഷകൾ ക്ഷേത്രത്തിലേക്ക് എപ്പോഴും എത്താറുണ്ട്. ആ നിമിഷത്തിൽ മതം നോക്കാറില്ലെന്നും എല്ലാ മനുഷ്യർക്കും മരണത്തിൽ അന്തസ്സായ വിട നൽകുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കുന്നു. വ്യത്യസ്ത മതസ്ഥരായ വ്യക്തികൾ ഉൾപ്പെടുന്നതാണ് ഈ ക്ഷേത്ര ട്രസ്റ്റ് എന്നതും ഇതിന്റെ മതേതര കാഴ്ചപ്പാട് വ്യക്തമാക്കുന്നു. ട്രസ്റ്റിലെ മുസ്ലിം അംഗമായിരുന്ന വ്യക്തി മരണപ്പെട്ടപ്പോൾ അദ്ദേഹത്തെ അടക്കം ചെയ്തതും തിലകാശി പീഠത്തിലാണ്.
ഇടുക്കി അണക്കെട്ടിന് സ്ഥലം കണ്ടെത്താൻ എൻജിനീയർമാരെ സഹായിച്ച ഐതിഹാസിക ഗോത്രവർഗ്ഗ വഴികാട്ടി ചെമ്പൻ കൊലുമ്പന്റെ വടിയും തലമുടിയും ഈ ക്ഷേത്രത്തിൽ ഇന്നും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അണക്കെട്ടിനാൽ വേർപിരിക്കപ്പെട്ട രണ്ട് മലനിരകളുടെ കാവൽദൈവങ്ങളായ കുറവന്റെയും കുറത്തിയുടെയും സാന്നിധ്യവും ക്ഷേത്രത്തിന്റെ ഗോത്രവർഗ്ഗ പാരമ്പര്യത്തിന് അടിവരയിടുന്നു.
ഭൗതികശാസ്ത്രത്തിലെ ക്വാണ്ടം എൻടാംഗിൾമെന്റ്(Quantum Entanglement) എന്ന ശാസ്ത്രീയ ആശയത്തിൽ നിന്നാണ് ക്ഷേത്രത്തിന്റെ തത്ത്വചിന്ത രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ട്രസ്റ്റ് ചെയർമാൻ പാർത്ഥസാരഥി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഒരിക്കൽ പരസ്പരം ബന്ധപ്പെട്ടിരുന്ന രണ്ട് വസ്തുക്കൾ പിന്നീട് എത്ര അകന്നുപോയാലും അവ തമ്മിലുള്ള ആന്തരിക ബന്ധം നിലനിൽക്കുമെന്നാണ് ഈ ശാസ്ത്രതത്വം പറയുന്നത്. മനുഷ്യത്വത്തിന്റെ പ്രതീകമായാണ് ട്രസ്റ്റ് ഇതിനെ കാണുന്നത്. മതം, ജാതി, സംസ്‌കാരം എന്നിവയാൽ മനുഷ്യർ വേർതിരിക്കപ്പെട്ടിരിക്കാമെങ്കിലും ആത്യന്തികമായി അവരെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
പ്രകൃതിക്ക് സസ്യങ്ങളും മൃഗങ്ങളും മനുഷ്യരും എന്ന വേർതിരിവ് മാത്രമേയുള്ളൂവെന്നും മതപരമായ സ്വത്വങ്ങളെല്ലാം മനുഷ്യൻ നിർമ്മിച്ചതാണെന്നും വിശ്വസിക്കുന്ന, ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും താല്പര്യമുള്ള വ്യക്തികളാണ് ട്രസ്റ്റിലുള്ളതെന്നും പാർത്ഥസാരഥി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates