International White Water Kayaking Championship 
Kozhikode

ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് മേള ജൂലൈയിൽ കോഴിക്കോട്ട്; മലബാർ റിവർ ഫെസ്റ്റിവലിന് ഒരുക്കങ്ങൾ തുടങ്ങി

കേരളത്തിന്റെ സാഹസിക ടൂറിസം സാധ്യതകളെ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുകയാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരവും ഇന്ത്യയിലെ ഏറ്റവും വലിയ സാഹസിക കായിക മേളയുമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ 12-ാമത് എഡിഷൻ ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ കോഴിക്കോട് ജില്ലയിൽ വെച്ച് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വൈറ്റ് വാട്ടർ കയാക്കിങ് താരങ്ങൾ മാറ്റുരയ്ക്കുന്ന ദക്ഷിണേന്ത്യയിലെ ഏക അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പാണിത്. മേളയുടെ ഭാഗമായുള്ള വിപുലമായ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പിസി.വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ നിയമസഭാ മന്ദിരത്തിൽ പ്രത്യേക ആലോചനാ യോഗം ചേർന്നു. എല്ലാ വർഷവും ജൂലൈ മാസത്തിലെ അവസാനവാരം മലബാർ റിവർ ഫെസ്റ്റിവൽ സ്ഥിരമായി സംഘടിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

കേരള ടൂറിസം വകുപ്പിന്റെ നേരിട്ടുള്ള ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെഎടിപിഎസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി), തദ്ദേശീയ ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ വിപുലമായ മേള സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ (ഐ.കെ.സി.എ) പൂർണ്ണമായ സാങ്കേതിക സഹകരണവും മേളയ്ക്ക് ലഭ്യമാകും. കോഴിക്കോട്ടെ പ്രധാന ജലാശയങ്ങളായ ചാലിയാറിന്റെ ഉപനദികളായ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമാണ് ലോകോത്തര മത്സരങ്ങൾ അരങ്ങേറുക. കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ റേസ്, സൂപ്പർ ഫൈനൽ എക്സ്ട്രീം റേസ് എന്നിവയാണ് ഇത്തവണത്തെ പ്രധാന മത്സര ഇനങ്ങൾ. അതിവേഗവും സാഹസികതയും നിറഞ്ഞ മത്സരങ്ങളിലൂടെ ലോകോത്തര കയാക്കർമാർ മാറ്റുരയ്ക്കുന്ന വേദിയിൽ വിജയിക്കുന്ന പുരുഷ താരത്തിന് ‘റാപിഡ് രാജ’ ബഹുമതിയും വനിതാ താരത്തിന് ‘റാപിഡ് റാണി’ ബഹുമതിയും സമ്മാനിക്കും.

ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിങ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തിന്റെ സാഹസിക ടൂറിസം സാധ്യതകളെ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുകയുമാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിന്റെ ടൂറിസം ബ്രാൻഡിങിനും കോഴിക്കോട്ടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ പിന്തുണ നൽകുന്ന വേദിയാണിത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ ഇത്തവണ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കയാക്കർമാരെയും നൂറിലധികം ദേശീയ കയാക്കിങ് താരങ്ങളെയും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷം അമേരിക്ക, ന്യൂസിലാൻഡ്, റഷ്യ, ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നായി 18 വിദേശ താരങ്ങളും 85-ലധികം ഇന്ത്യൻ കയാക്കർമാരും പങ്കെടുത്ത മേളയ്ക്ക് അരലക്ഷത്തിലധികം കാണികളാണ് സാക്ഷ്യം വഹിച്ചത്.

പ്രാദേശിക യുവാക്കളെ ഈ കായിക വിനോദത്തിലേക്ക് ആകർഷിക്കുന്നതിനായി പ്രാദേശിക തുഴച്ചിൽക്കാർക്കായുള്ള പ്രത്യേക മത്സര വിഭാഗങ്ങളും ഇത്തവണ ഒരുക്കും. ഫെസ്റ്റിവലിന്റെ വിപുലമായ പ്രചരണാർത്ഥം കോഴിക്കോട് ജില്ലയിലെ എട്ട് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി വിവിധ സാഹസിക കായിക പരിപാടികൾ ഉൾപ്പെടുന്ന പ്രീ-ഇവന്റുകൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിയിൽ പ്രിയങ്ക ഗാന്ധി എംപി, തിരുവമ്പാടി, പേരാമ്പ്ര, കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളിലെ എംഎഎൽഎമാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ രക്ഷാധികാരികളായിരിക്കും. കോഴിക്കോട് ജില്ലാ കലക്ടർ ചെയർമാനായും കെഎടിപിഎസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഓർഗനൈസിങ് സെക്രട്ടറിയായും പ്രവർത്തിക്കും. വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണത്തിനായുള്ള സംഘാടക സമിതി യോഗം ജൂൺ ഒന്നിന് കോഴിക്കോട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേരും. ആലോചനാ യോഗത്തിൽ എംഎഎൽഎമാരായ സികെ കാസിം, പികെ ഫിറോസ്, ഫാത്തിമ തഹ്ലിയ, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, സാംസ്കാരിക വകുപ്പ് സെക്രട്ടറി ദിവ്യ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ എന്നിവർ പങ്കെടുത്തു.

The 12th edition of the Malabar River Festival, Asia's largest white water kayaking championship, is scheduled to be held in Kozhikode from July 30 to August 2, 2026, featuring international kayakers from over 20 countries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

'നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി, ഇപ്പോഴുള്ള വൈബ് ഒന്ന് വേറെ തന്നെയാണ്'; കുറിപ്പുമായി സമീറ

ആർത്തവത്തിന് മുൻപ് മുഖക്കുരു വരാറുണ്ടോ? ഇതാണ് കാര്യം

ഫോൺകോൾ വിവാദം: സുജിത് ദാസിന് എതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് പി വി അൻവർ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി

'എവിടെയും പോയി ഇനി പാടരുതെന്ന് ​ഗവർണർ പറഞ്ഞു, മന്ത്രിയായി പാടി കുളമായാൽ കൂടുതൽ പ്രശ്നമാണ്'; വിഷ്ണുനാഥിനൊപ്പം ഡ്യൂറ്റ് പാടി ശരത്

SCROLL FOR NEXT