അമ്മത്തൊട്ടിൽ  
Kozhikode

അമ്മത്തൊട്ടിലിൽ ഏൽപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ഭാവി എന്താണ് ?

Author : ലക്ഷ്മി ആതിര

കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ മൂന്ന് മാസം മുന്‍പ് ഉപേക്ഷിക്കപ്പെട്ട ആണ്‍കുഞ്ഞിനെ ആശുപത്രി ജീവനക്കാര്‍ ഒരു പേരിട്ടു ആരവ്. ജനിച്ച് എട്ടാം ദിവസം അമ്മത്തൊട്ടിലില്‍ എത്തിയ കുഞ്ഞ് പിന്നീട് ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണത്തിലായി. ഇതോടെ ആ കുഞ്ഞിന്റെ ജീവിതം മറ്റൊരു വഴിയിലേക്ക് തിരിയുമെന്നായിരുന്നു എല്ലാവരും കരുതിയത്.

പക്ഷേ, ഏതാനും ആഴ്ചകള്‍ക്കുശേഷം കഥ മാറി. കുഞ്ഞിനെ വളര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അമ്മത്തൊട്ടിലില്‍ ഏല്‍പ്പിച്ചതെന്നും ഇപ്പോള്‍ മകനെ തിരികെ വേണമെന്നുമുള്ള അപേക്ഷയുമായി കുഞ്ഞിന്റെ അമ്മ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിച്ചു. കേരളത്തില്‍ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിച്ച കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ എത്തുന്ന സംഭവങ്ങള്‍ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഈ അപേക്ഷയും ശ്രദ്ധേയമായി.

അപേക്ഷ പരിഗണിക്കുന്നതിനിടെ വെള്ളയില്‍ പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമ്മയുടെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന നടത്താന്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തീരുമാനിച്ചു. ഈ മാസം 14ന് തിരുവനന്തപുരം ഫൊറന്‍സിക് ലബോറട്ടറിയില്‍ ഹാജരാകാന്‍ കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അമ്മയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരവിന്റെ കഥ ചര്‍ച്ചയായതോടെ മറ്റൊരു ചോദ്യവും ഉയരുകയാണ്. അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞിനെ ഏല്‍പ്പിച്ചാല്‍ പിന്നീടെന്താണ് സംഭവിക്കുന്നത്? കുഞ്ഞിനെ ഉടന്‍ ദത്തെടുക്കാന്‍ നല്‍കുമോ? അമ്മയ്ക്ക് പിന്നീട് തിരികെ ആവശ്യപ്പെടാന്‍ കഴിയുമോ? കുഞ്ഞ് എത്രകാലം സര്‍ക്കാര്‍ സംരക്ഷണത്തിലായിരിക്കും?

കുഞ്ഞിനെ വളര്‍ത്താന്‍ നിവൃത്തിയില്ലാത്ത അമ്മമാര്‍ നവജാത ശിശുക്കളെ അപകടകരമായ സാഹചര്യങ്ങളില്‍ ഉപേക്ഷിക്കേണ്ടി വരാതിരിക്കാനാണ് സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ അമ്മത്തൊട്ടില്‍ പദ്ധതി നടപ്പാക്കുന്നത്. വ്യക്തിപരമോ സാമൂഹികമോ സാമ്പത്തികമോ ആയ കാരണങ്ങളാല്‍ കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സ്വന്തം പേരോ മറ്റ് വ്യക്തിവിവരങ്ങളോ വെളിപ്പെടുത്താതെ തന്നെ കുഞ്ഞിനെ സുരക്ഷിതമായി സര്‍ക്കാരിന്റെ സംരക്ഷണത്തിലേക്ക് ഏല്‍പ്പിക്കാനുള്ള സംവിധാനമാണിത്. സര്‍ക്കാര്‍ ആശുപത്രികളിലും ശിശുക്ഷേമ സമിതിയുടെ വിവിധ കേന്ദ്രങ്ങളിലുമാണ് അമ്മത്തൊട്ടിലുകള്‍ പ്രവര്‍ത്തിക്കുന്നത്.

അമ്മത്തൊട്ടിലില്‍ എത്തുന്ന ഓരോ കുഞ്ഞിനെയും ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണത്തിലേക്ക് മാറ്റും. എന്നാല്‍ ഉടന്‍ തന്നെ ദത്തെടുക്കല്‍ നടപടികളിലേക്ക് കടക്കില്ല. കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മയോ കുടുംബാംഗങ്ങളോ എത്താനുള്ള സാധ്യത കണക്കിലെടുത്ത് രണ്ടുമാസം വരെ സര്‍ക്കാര്‍ സംരക്ഷണത്തിലാണ് ഇവരെ പാര്‍പ്പിക്കുന്നത്.

ആദ്യം അലാറം മുഴങ്ങും

കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ കിടത്തുന്ന നിമിഷം തന്നെ മോണിറ്ററിങ് സംവിധാനത്തിലെ അലാറം പ്രവര്‍ത്തിക്കും. ആശുപത്രിയിലെ നഴ്‌സുമാരോ ശിശുക്ഷേമ വകുപ്പ് ജീവനക്കാരോ ഉടന്‍ എത്തി കുഞ്ഞിനെ ഏറ്റുവാങ്ങും. ആരോഗ്യനില പരിശോധിച്ച് ആവശ്യമായ ചികിത്സ നല്‍കും. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കും.

'പൊതുവെ ജനിച്ച് മണിക്കൂറുകളോ ദിവസങ്ങളോ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് അമ്മത്തൊട്ടിലില്‍ എത്തുന്നത്. മിക്കവരെയും പ്രസവിച്ച ആശുപത്രികളില്‍ തന്നെയാണ് ഉപേക്ഷിക്കുന്നത്. കുഞ്ഞിനെ സുരക്ഷിതമായി ഏറ്റുവാങ്ങാന്‍ എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്,' മലപ്പുറം ശിശുക്ഷേമ വകുപ്പിലെ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുഹമ്മദ് പുല്ലത്ത് പറയുന്നു.

ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കുഞ്ഞുങ്ങളെ പിന്നീട് ശിശുക്ഷേമ വകുപ്പിന്റെ കെയര്‍ ഹോമുകളിലേക്ക് മാറ്റും.

രണ്ടുമാസത്തെ കാത്തിരിപ്പ്

അമ്മത്തൊട്ടിലില്‍ എത്തിയ ഉടന്‍ കുട്ടിയെ ദത്തെടുക്കലിന് നല്‍കില്ല. നിയമം രണ്ടുമാസത്തെ കാത്തിരിപ്പ് അനുവദിക്കുന്നുണ്ട്.

ഈ കാലയളവില്‍ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയ്‌ക്കോ കുടുംബാംഗങ്ങള്‍ക്കോ ശിശുക്ഷേമ വകുപ്പിനെ സമീപിക്കാം. എന്നാല്‍ കുഞ്ഞിനെ തിരികെ നല്‍കുന്നതിന് മുമ്പ് വിശദമായ പരിശോധനകളുണ്ട്. പൊലീസ് അന്വേഷണം, ആവശ്യമായാല്‍ ഡിഎന്‍എ പരിശോധന, കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താന്‍ കഴിയുമോയെന്ന വിലയിരുത്തല്‍ എന്നിവ പൂര്‍ത്തിയായ ശേഷമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്തിമ തീരുമാനമെടുക്കുന്നത്. ആരവിന്റെ കാര്യത്തിലും ഇപ്പോള്‍ നടക്കുന്നത് ഈ നടപടികളാണ്.

ആരും എത്തിയില്ലെങ്കില്‍

രണ്ടുമാസം കഴിഞ്ഞിട്ടും ആരും കുഞ്ഞിനെ അന്വേഷിച്ച് എത്തിയില്ലെങ്കില്‍ ശിശുക്ഷേമ വകുപ്പ് 'ഫ്രീ ഫോര്‍ അഡോപ്ഷന്‍' സര്‍ട്ടിഫിക്കറ്റ് നല്‍കും. അതോടെ കുട്ടി ഔദ്യോഗികമായി ദത്തെടുക്കല്‍ നടപടികളുടെ ഭാഗമാകും.

'രണ്ടുമാസം വരെ കുഞ്ഞിനെ ആരെങ്കിലും അന്വേഷിച്ചു വരുമോയെന്നാണ് കാത്തിരിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ മറ്റ് നിയമപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പായ ശേഷവും ആരും എത്തിയില്ലെങ്കില്‍ മാത്രമാണ് 'ഫ്രീ ഫോര്‍ അഡോപ്ഷന്‍' സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്,' മുഹമ്മദ് പുല്ലത്ത് പറയുന്നു.

കാത്തിരിക്കുന്നത് നിരവധി കുടുംബങ്ങള്‍

അമ്മത്തൊട്ടിലില്‍ എത്തുന്ന കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ഒട്ടേറെ ദമ്പതിമാര്‍ കാത്തിരിക്കുന്നുണ്ടെന്ന് ശിശുക്ഷേമ വകുപ്പ് പറയുന്നു. പ്രത്യേകിച്ച് നവജാത ശിശുക്കളെ ദത്തെടുക്കാന്‍ വലിയ താല്‍പര്യമാണ്.

'മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കൂടുതല്‍ കുടുംബങ്ങള്‍ തയ്യാറാകാറുണ്ട്. വളരെ ചെറുപ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ഭാഗമായി വളരുന്നതിനാല്‍ കുട്ടിക്കും കുടുംബത്തിനും അതുമായി ഇണങ്ങിച്ചേരാന്‍ എളുപ്പമാണ്,' മുഹമ്മദ് പുല്ലത്ത് പറയുന്നു.

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട ആരവിന്റെ ഭാവി ഇനി ഡിഎന്‍എ പരിശോധനയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനവും അനുസരിച്ചാകും. എന്നാല്‍ ആരവിന്റെ കഥ ഒരു കുഞ്ഞിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ച മാത്രമല്ല; പ്രതിസന്ധിയിലാകുന്ന അമ്മമാര്‍ക്ക് സുരക്ഷിതമായ ഒരു ആശ്രയമായി അമ്മത്തൊട്ടിലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിലേക്കും സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചിരിക്കുകയാണ്.

What is the future of babies left in Ammathottil

ബ്രസീൽ പുറത്ത്! കാനറികളുടെ നെഞ്ചുതകർത്ത് 'മൈറ്റി' ഹാളണ്ടിന്റെ 'ഇരട്ട പ്രഹരം'; ചരിത്രമെഴുതി നോർവെ ക്വാർട്ടറിൽ

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ

'ഏഴാം സ്വർ​ഗത്തിൽ' ഓസീസ് വനിതകൾ! ഇം​ഗ്ലണ്ടിനെ തകർത്ത് 'ടി20 ലോക കിരീടം' വീണ്ടും ഉയർത്തി

'മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ ചെലവഴിക്കുന്നത് പ്രതിവർഷം 26 കോടിയിലേറെ'

അടിമുടി ത്രില്ലർ; മെക്സിക്കൻ തിരമാലകളെ അതിജീവിച്ച് 3 ലയൺസ്; ഇം​ഗ്ലണ്ട് ക്വാർട്ടറിൽ