Iliyas Babu and Aashiq. 
Malappuram

കർഷകരുടെ കാവലാളായി ഒരു നൂറ്റാണ്ട് പഴക്കമുള്ള തോക്ക്; കാട്ടുപന്നി വേട്ടയിൽ മലപ്പുറത്തെ കർഷകർക്ക് കൈത്താങ്ങായി ഇല്യാസ് ബാബു

ബ്രിട്ടീഷ് ഭരണകാലത്തെ അധികാരിയുടെ ഒറ്റക്കുഴൽ തോക്ക് ചുമരിൽനിന്ന് കൃഷിയിടത്തിലേക്ക്

Author : ലക്ഷ്മി ആതിര

മലപ്പുറം: രാത്രി പന്ത്രണ്ടു കഴിഞ്ഞാലും കെ. വി. ഇല്ല്യാസ് ബാബുവിന്റെ ഫോൺ നിശ്ശബ്ദമാകാറില്ല. അങ്ങേയറ്റം പരിഭ്രാന്തിയോടെയുള്ള ശബ്ദമായിരിക്കും മിക്ക വിളികളുടെയും മറുവശത്ത്."ഇക്കാ... കാട്ടുപന്നിയിറങ്ങിയിട്ടുണ്ട്... വാഴയൊക്കെ നശിപ്പിക്കുകയാണ്... ഒന്ന് വേഗം എത്തണം..."വിളി അവസാനിക്കുന്നതിന് മുമ്പേ ഇല്ല്യാസ് തയ്യാറാകും. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന റൈഫിൾ കൈയിലെടുക്കും. ഒപ്പമുണ്ടാകാൻ അനുജൻ അഷിഖിനെയോ സംഘത്തിലെ മറ്റാരെയെങ്കിലുമോ വിളിക്കും. പിന്നെ വാഹനം നേരെ കൃഷിയിടത്തിലേക്ക്.

അത് വെറുമൊരു രാത്രിയാത്രയല്ല. മാസങ്ങളുടെ അധ്വാനം രക്ഷിക്കാനുള്ള ഓട്ടമാണ്.

മലബാറിലെ കൃഷിയിടങ്ങളിൽ ഇരുട്ട് വീഴുമ്പോൾ പല കർഷകരുടെയും മനസ്സിൽ ഉറച്ചുപോകുന്ന ഒരു ഭയമുണ്ട്. പകൽ നിറഞ്ഞുനിന്ന വാഴത്തോട്ടമോ കപ്പക്കൃഷിയോ നെൽപ്പാടമോ പുലർച്ചെയാകുമ്പോഴേക്കും ചവിട്ടിമെതിഞ്ഞുകിടക്കുമോ എന്ന ആശങ്ക. കാട്ടുപന്നിക്കൂട്ടങ്ങൾക്ക് ഒരു രാത്രി മതിയാകും മാസങ്ങളുടെ കഠിനാധ്വാനം ഇല്ലാതാക്കാൻ. അതുകൊണ്ടുതന്നെ പന്നിയിറങ്ങിയെന്ന വിവരം ലഭിച്ചാൽ ഒരു നിമിഷം പോലും വൈകിക്കാതെ കർഷകർ വിളിക്കുന്നത് ഇല്ല്യാസിനെയാണ്.എന്നാൽ ഇല്ല്യാസിന്റെ കൈയിലുള്ള റൈഫിളാണ് ഈ കഥയിലെ ഏറ്റവും വലിയ കൗതുകം.

llyas with his cousin K V Noushad

ബ്രിട്ടീഷ് ഭരണകാലത്ത് ഏറനാട് താലൂക്കിലെ അധികാരിയുടെ കൈവശമുണ്ടായിരുന്ന ഒറ്റക്കുഴൽ തോക്കാണത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആ തോക്ക് തലമുറകളിലൂടെ കൈമാറി ഒടുവിൽ ഇല്ല്യാസിന്റെ കൈകളിലെത്തി. കാലം മാറിയപ്പോൾ പല പഴയ ആയുധങ്ങളും വീടുകളുടെ ചുമരുകളിൽ ഓർമച്ചിഹ്നങ്ങളായി മാറി. എന്നാൽ ഈ തോക്കിന് അത്രയും മാത്രം വിധിയുണ്ടായില്ല. ഇന്നും അത് ഉപയോഗിക്കുന്നത് കാട്ടിലല്ല, കൃഷിയിടങ്ങളിലാണ്. വേട്ടയ്ക്കല്ല, കർഷകരുടെ ഉപജീവനം സംരക്ഷിക്കാനാണ്.

ആനക്കയം പുലിലങ്ങാടി സ്വദേശിയായ ഇല്ല്യാസിന് ഈ തോക്ക് ഒരു കുടുംബസ്വത്ത് മാത്രമല്ല, പാരമ്പര്യത്തിന്റെ ഉത്തരവാദിത്തം കൂടിയാണ്. പിതാവ് അബ്ദുൽ അസീസിൽ നിന്നാണ് ലൈസൻസോടുകൂടി തോക്ക് അദ്ദേഹത്തിന്റെ പേരിലെത്തിയത്. വർഷങ്ങളോളം അതീവ ശ്രദ്ധയോടെ സൂക്ഷിച്ച ഈ റൈഫിൾ വീണ്ടും ഉപയോഗിക്കണമെന്ന തീരുമാനം എടുത്തത് സർക്കാർ കൃഷിക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകിയ ശേഷമാണ്.

Iliyas Babu

"വീട്ടിലെ ചുമരിൽ വെച്ച് നോക്കിക്കൊണ്ടിരിക്കാൻ മാത്രമല്ല മുത്തച്ഛൻ ഉപയോഗിച്ച തോക്ക്. ആളുകൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കാനാണ് ഞാൻ തീരുമാനിച്ചത്. കർഷകർ വലിയ പ്രതിസന്ധിയിലായ സമയത്താണ് അതിന് അവസരം കിട്ടിയത്," ഇല്ല്യാസ് പറയുന്നു.ഇല്ല്യാസിന്റെ മുത്തച്ഛൻ ബ്രിട്ടീഷ് കാലത്ത് അറിയപ്പെടുന്ന വേട്ടക്കാരനായിരുന്നു. അന്ന് വേട്ട നിയമപരമായിരുന്നു. കാടുകളും മലനിരകളും ചുറ്റിപ്പറ്റിയ ജീവിതത്തിൽ തോക്ക് ഒരു സാധാരണ ഉപകരണമായിരുന്നു. എന്നാൽ രാജ്യത്ത് വന്യജീവി സംരക്ഷണ നിയമങ്ങൾ നിലവിൽ വന്നതോടെ വേട്ട അവസാനിച്ചു. ഒരുകാലത്ത് കാടുകളിൽ മുഴങ്ങിയിരുന്ന ആ തോക്ക് പിന്നീട് വീടിന്റെ ചുമരിലേക്ക് ഒതുങ്ങി.

പക്ഷേ കാലം വീണ്ടും ആ തോക്കിനെ പുറത്തേക്കിറക്കി

കേരളത്തിൽ കാട്ടുപന്നിശല്യം രൂക്ഷമായതോടെ കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ നിയന്ത്രിത വെടിവെപ്പിന് അനുമതി നൽകി. ലൈസൻസുള്ള തോക്കുടമകൾക്ക് നിയമപരമായി ഈ ദൗത്യത്തിൽ പങ്കെടുക്കാൻ അവസരമൊരുങ്ങി. അപ്പോഴാണ് കുടുംബപാരമ്പര്യമായി ലഭിച്ച ആ നൂറ്റാണ്ട് പഴക്കമുള്ള റൈഫിൾ ഇല്ല്യാസിന്റെ കൈകളിൽ വീണ്ടും ജീവൻ നേടിയത്.അനുജൻ അഷിഖും അദ്ദേഹത്തിനൊപ്പം ചേർന്നു. പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ എട്ടുപേരടങ്ങുന്ന ഒരു സംഘം രൂപം കൊണ്ടു. ഇന്ന് മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ നിരവധി ഗ്രാമങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമാകുമ്പോൾ ആദ്യം ഓർമവരുന്ന പേരുകളിലൊന്നാണ് ഇവരുടേത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ഞൂറിലധികം കാട്ടുപന്നികളെയാണ് ഇവർ വെടിവെച്ച് ഇല്ലാതാക്കിയത്. ഓരോ ദൗത്യവും ഒരു കൃത്യമായ ലക്ഷ്യവെടി മാത്രമല്ല, കർഷകന്റെ മാസങ്ങളായുള്ള അധ്വാനം സംരക്ഷിക്കാനുള്ള ശ്രമം കൂടിയാണ്.

iLIYAS babu and team

അതുകൊണ്ടുതന്നെ ഇവരുടെ ഫോൺ ഒരിക്കലും അധികനേരം നിശ്ശബ്ദമായിരിക്കാറില്ല. പകൽ വിളിക്കുന്നവരേക്കാൾ രാത്രിയിൽ വിളിക്കുന്നവരാണ് കൂടുതൽ. പലപ്പോഴും അർധരാത്രിയിലാണ് യാത്ര തുടങ്ങുന്നത്. ഒരു ഗ്രാമത്തിൽ ദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോഴേക്കും മറ്റൊരു പഞ്ചായത്തിൽ നിന്ന് അടുത്ത വിളി എത്തും.കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നത് പുറത്തുനിന്ന് കാണുന്നത്ര എളുപ്പമല്ലെന്ന് ഇല്ല്യാസ് പറയുന്നു."എല്ലാ വന്യമൃഗങ്ങളെയും അപേക്ഷിച്ച് ഏറ്റവും അപകടകാരിയാണ് കാട്ടുപന്നി. വെടി ലക്ഷ്യം തെറ്റിയാൽ അത് നേരെ ആളെ ആക്രമിക്കും. മൂർച്ചയേറിയ കൊമ്പുകൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽക്കാം. മാസങ്ങളോളം ചികിത്സ വേണ്ടിവന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപകടം അറിയാം. എന്നിട്ടും കർഷകരെ സഹായിക്കണമെന്ന ആഗ്രഹവും ഷൂട്ടിങ്ങിനോടുള്ള ഇഷ്ടവുമാണ് ഞങ്ങളെ ഓരോ രാത്രിയും കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നത്. കൃത്യമായ ട്രെയിനിങ് ലഭിച്ചിട്ടുള്ള വേട്ട നായ്ക്കളും ഞങ്ങൾക്ക് സഹായത്തിന് കൂടെ ഉണ്ടാകും, " അദ്ദേഹം പറയുന്നു

A century-old single-barrel gun from the British era has transformed into a mechanical savior for scores of distressed farmers combating wild boar menaces across North Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നു ദിവസം മഴ കനക്കും; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, പത്ത് ജില്ലകളില്‍ യെല്ലോ

ആന്ധ്രയിൽ ക്ഷേത്രദർശനത്തിനിടെ ഭർത്താവിനെ വെട്ടിക്കൊന്നു; 19-കാരിയായ ഭാര്യയും കാമുകനും കൂട്ടാളികളും പിടിയിൽ

രൂപയുടെ മൂല്യത്തകര്‍ച്ച ഗള്‍ഫ് മലയാളികള്‍ നാട്ടിലെടുക്കുന്ന ഇന്‍ഷുറന്‍സിനെയും ബാധിക്കും: അതുല്‍ കതുരിയ

വേദന കുറയ്ക്കാൻ ഐസ് ബാത്തും ക്രയോതെറാപ്പിയും; ദിവസം 125 ​ഗ്രാം പ്രോട്ടീൻ; 'ആൽഫ'യിലെ ആലിയയുടെ ബോഡി ട്രാൻഫോർമേഷന് പിന്നിൽ

അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്, 19 വര്‍ഷത്തിനിപ്പുറം കലാശപ്പോരില്‍ എതിരാളി! വിധി എഴുതിയ മാന്ത്രിക ഫോട്ടോ