കൊച്ചി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ നിന്ന് ഈ വർഷം ഫെബ്രുവരിയിൽ പിടികൂടിയ വൻ സ്ഫോടകവസ്തു ശേഖരം വിദഗ്ധരുടെ മേൽനോട്ടത്തിൽ നിർവീര്യമാക്കി നശിപ്പിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് കോടതി അനുമതി നൽകി. സവാള കയറ്റിവന്ന ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 89,600 ജലാറ്റിൻ സ്റ്റിക്കുകളും വൻതോതിലുള്ള നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നശിപ്പിക്കുന്നത്. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതി ജഡ്ജി പികെ മോഹൻദാസാണ് ഏജൻസിയുടെ അപേക്ഷ പരിഗണിച്ച് ഉത്തരവിട്ടത്.
പിടിച്ചെടുത്ത അതിതീവ്ര സ്ഫോടകവസ്തുക്കൾ ദീർഘകാലം സൂക്ഷിച്ചുവെക്കുന്നത് വലിയ സുരക്ഷാ ഭീഷണിക്കും അപകടങ്ങൾക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ നശിപ്പിക്കാൻ അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ഒക്ടോബർ 30-ന് ഹർജി പരിഗണിച്ച പ്രത്യേക കോടതി, ബോംബ് നിർവീര്യ വിദഗ്ധരുടെ സഹായത്തോടെ ഇവ പൂർണ്ണമായി നശിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. അതേസമയം, കേസിലെ വിചാരണ ഘട്ടത്തിൽ ശാസ്ത്രീയ തെളിവായി ഉപയോഗിക്കുന്നതിനായി സ്ഫോടകവസ്തുക്കളുടെ ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചു സൂക്ഷിക്കണമെന്നും കോടതി എൻഐഎയോട് നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് തിരൂരങ്ങാടി ചെമ്മാട്-തലാപ്പാറ റോഡിലെ ഫർഹ ഹോളോബ്രിക്സ് കമ്പനി പരിസരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് പ്രാദേശിക പൊലീസ് രഹസ്യവിവരത്തെ തുടർന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. സവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലക്ഷത്തോളം വരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ. സ്ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതിനോ കടത്തുന്നതിനോ ഉള്ള യാതൊരുവിധ രേഖകളോ ലൈസൻസോ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് ലോറിയിലുണ്ടായിരുന്നവരെ പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി കേരളം, കർണാടക, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ 19-ലധികം കേന്ദ്രങ്ങളിൽ എൻഐഎ സംഘം ഒരേസമയം മിന്നൽ പരിശോധനകൾ നടത്തിയിരുന്നു. നിയമപരമായി സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യാൻ ലൈസൻസുള്ള വ്യാപാരികളും ഉപഭോക്താക്കളും തന്നെയാണ് ചട്ടങ്ങൾ ലംഘിച്ച് ഈ വൻ ശേഖരം അനധികൃതമായി വിറ്റഴിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കേസിൽ ഇതുവരെ 11 പേരെ എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ശൃംഖലയെക്കുറിച്ചുമുള്ള അന്വേഷണം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates