പാലക്കാട്: സൗജന്യ യാത്രയും ആശുപത്രി സേവനങ്ങളും ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ അധിക്ഷേപിച്ച ഗതാഗത മന്ത്രി സിപി ജോൺ പൊതുസമൂഹത്തോടും സംസ്ഥാനത്തെ ജനങ്ങളോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ശക്തമായ പ്രതിഷേധം. യുവമോർച്ച, മഹിളാമോർച്ച സംയുക്ത ആഭിമുഖ്യത്തിലും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും പാലക്കാട് കെഎസ്ആർടി.സി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കനത്ത മഴയെ അവഗണിച്ച് നടന്ന യുവമോർച്ചയുടെ മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളെയും പൊതുസമൂഹത്തെയും അതിരൂക്ഷമായി അപമാനിച്ച മന്ത്രിക്ക് എങ്ങനെയാണ് തെരുവിലിറങ്ങി നടക്കാൻ കഴിയുന്നതെന്ന് പ്രശാന്ത് ശിവൻ ചോദിച്ചു. തുടർന്ന് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അമൃതാനന്ദ ബാബു, ജനറൽ സെക്രട്ടറി അജിത്ത്, മഹിളാമോർച്ച നേതാക്കളായ കവിത മേനോൻ, സിന്ധു രാജ്, ജയലക്ഷ്മി രഞ്ജിത തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
മന്ത്രിയുടെ പരാമർശം ആധുനിക സമൂഹത്തിന് ചേർന്നതല്ലെന്നും സിപി ജോൺ പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബി കൃഷ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം.എ ജിതിൻരാജ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി. ദിനനാഥ് നന്ദിയും പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഷൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാർ, സീനിതാ മോൾ, ഗിരീഷ്, ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates