പാലക്കാട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റും ബികോം മാർക്ക് ലിസ്റ്റും ഹാജരാക്കി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ജോലി നേടുകയും അഞ്ച് വർഷത്തോളം സർവീസിൽ തുടരുകയും ചെയ്ത ഡിവൈഎഫ്ഐ നേതാവിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. പുതുക്കോട് കിഴക്കേഗ്രാമം സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ കെവി ഗണപതിക്കെതിരെയാണ് ഗുരുതര വഞ്ചനാക്കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പുതുക്കോട് ഗ്രാമപഞ്ചായത്തിലെ അക്കൗണ്ട്-കം-ഐ.ടി അസിസ്റ്റന്റായി 2021 ജൂലൈ മുതൽ 2026 ജൂലൈ വരെ ഇയാൾ ജോലി ചെയ്തുവരികയായിരുന്നു.
ഗണപതിയുടെ തൊഴിൽ കരാർ കാലാവധി കഴിഞ്ഞ ജൂലൈയിൽ അവസാനിച്ചപ്പോൾ അത് പുതുക്കി നൽകേണ്ടതില്ലെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ പഞ്ചായത്തിന്റെ ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഗണപതി കോടതിയെ സമീപിക്കുകയും തുടർന്ന് അനുകൂലമായി സ്റ്റേ ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.
ഇതോടെ സംശയം തോന്നിയ പഞ്ചായത്ത് സെക്രട്ടറി ഇയാളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് ഇയാൾ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റിന്റെയും ബികോം മാർക്ക് ലിസ്റ്റിന്റെയും ആധികാരികത പരിശോധിക്കുന്നതിനായി കാലിക്കറ്റ് സർവകലാശാലയിലേക്ക് കത്തയച്ചു. ഗണപതി തങ്ങളുടെ വിദ്യാർത്ഥിയായിരുന്നുവെങ്കിലും കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നും ബിരുദം നേടിയിട്ടില്ലെന്നും സർവകലാശാല ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
സർവകലാശാലയുടെ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി വടക്കഞ്ചേരി പൊലീസിൽ പരാതി നൽകി. വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖകൾ അസ്സലാണെന്ന് കാണിച്ച് വഞ്ചിക്കൽ, തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 316(2), 318(4), 340, 336(2) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ ഗണപതി ഒളിവിൽ പോയതായും.ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഗണപതിയെ ഡിവൈഎഫ്ഐയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി നേതൃത്വം വ്യക്തമാക്കി.
തട്ടിപ്പ് നടത്തിയ കെവി ഗണപതിക്ക് മുൻ എൽഡിഎഫ് ഭരണസമിതി വഴിവിട്ട എല്ലാ സഹായങ്ങളും ചെയ്തുനൽകിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ഉദയൻ ആരോപിച്ചു. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ ഒത്താശയോടെയാണ് ഈ വൻ തട്ടിപ്പ് അരങ്ങേറിയത്. അഞ്ച് വർഷത്തെ മുഴുവൻ കരാർ നിയമനങ്ങളിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും സിപിഎം നേതാക്കൾ ഉൾപ്പെട്ട അന്നത്തെ ഇന്റർവ്യൂ ബോർഡിനെതിരെ വിശദമായ അന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷത്തെ മുഴുവൻ താൽക്കാലിക-കരാർ നിയമനങ്ങളെക്കുറിച്ചും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിലേക്ക് ശുപാർശ നൽകാനാണ് നിലവിലെ യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates