കേടുവന്ന തെരുവു വിളക്ക്, പുതിയ ലൈറ്റുകളുമായി ഉമ്മർ ഫാറൂഖ് Special Arrangement
Palakkad

ജനങ്ങളുടെ ചോദ്യത്തിന് മുന്നിൽ നഗരസഭ കൈമലർത്തി; ഒടുവിൽ കയ്യിൽ നിന്ന് പണം ഇറക്കി വാർഡിൽ വെളിച്ചമെത്തിച്ച് ഒറ്റപ്പാലത്തെ കൗൺസിലർ

Author : ശ്യാം പി വി

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിൽ മാസങ്ങളായി തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് ജനകീയ പ്രതിഷേധം ശക്തമായിരിക്കെ, സ്വന്തം വാർഡിലെ പ്രശ്നത്തിന് വ്യക്തിപരമായ ചിലവിൽ പരിഹാരം കണ്ട് ശ്രദ്ധേയനായി നഗരസഭാ കൗൺസിലർ എം. ഉമ്മർ ഫാറൂഖ്. ഈസ്റ്റ് ഒറ്റപ്പാലം കോലോത്തുകുന്നു വാർഡിലെ തകരാറിലായ 100 തെരുവുവിളക്കുകൾ സ്വന്തം ചെലവിൽ മാറ്റിസ്ഥാപിച്ചാണ് ഈ മുസ്ലിം ലീഗ് കൗൺസിലർ ഭരണസമിതിക്ക് മുന്നിൽ വേറിട്ട മാതൃക സൃഷ്ടിച്ചത്. മുൻസിപ്പൽ ചട്ടപ്രകാരം സ്പോൺസർമാരുടെ സഹായത്തോടെ തെരുവുവിളക്കുകൾ സ്ഥാപിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും അനുവാദമുള്ളതിനാൽ കൗൺസിലർ നഗരസഭാ സെക്രട്ടറിയിൽ നിന്ന് ഇതിനായി പ്രത്യേക അനുമതി വാങ്ങിയിരുന്നു. തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് വാർഡിൽ പുതിയ വിളക്കുകൾ സ്ഥാപിച്ചത്.

തന്റെ വാർഡിലുള്ള 153 തെരുവുവിളക്കുകളിൽ 100 ലൈറ്റുകളും മാസങ്ങളായി പ്രവർത്തനരഹിതമായിരുന്നുവെന്ന് ഉമ്മർ ഫാറൂഖ് പറഞ്ഞു. ഇടതുപക്ഷം നയിക്കുന്ന ഭരണസമിതി അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ ആറുമാസമായി പലതവണ കൗൺസിൽ യോഗങ്ങളിൽ ഈ വിഷയം താൻ ഉന്നയിച്ചിരുന്നുവെന്നും എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്തുകൊണ്ടാണ് തെരുവുവിളക്കുകൾ കത്താത്തത്’ എന്ന വാർഡിലെ ജനങ്ങളുടെ നിരന്തരമായ ചോദ്യത്തിന് മറുപടി പറഞ്ഞ് മടുത്ത സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് ഇതിറങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭ വർഷംതോറും തെരുവുവിളക്കുകളുടെ പരിപാലനത്തിനായി ഏകദേശം 24 ലക്ഷം രൂപയോളം ചെലവഴിക്കുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ കാര്യക്ഷമമല്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. കരാർ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്ന് സമയബന്ധിതമായ ഇടപെടൽ ഉണ്ടാകാത്തതിനാൽ നഗരമേഖല ഉൾപ്പെടെ നഗരസഭയുടെ പല ഭാഗങ്ങളും മാസങ്ങളായി ഇരുട്ടിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

പരാതികൾ വ്യാപകമായതോടെയാണ് കൗൺസിലർ സ്വന്തം നിലയിൽ ലൈറ്റുകൾ വാങ്ങി സ്ഥാപിക്കാൻ തീരുമാനിച്ചത്. മൊത്തവിപണിയിൽ നിന്ന് 50 വാട്ട്സിന്റെ 100 എൽഇഡി ലൈറ്റുകളാണ് അദ്ദേഹം വാങ്ങിയത്. ഇതിൽ 40 എണ്ണം അത്യാധുനിക സെൻസർ സംവിധാനമുള്ളവയാണ്. സന്ധ്യാസമയത്ത് ഇരുട്ടാകുമ്പോൾ സ്വയം തെളിഞ്ഞ് പുലർച്ചെ വെളിച്ചം വരുമ്പോൾ തനിയെ ഓഫാകുന്ന രീതിയിലാണ് ഈ സെൻസർ ലൈറ്റുകൾ പ്രവർത്തിക്കുന്നത്. സെൻസറോടുകൂടിയ ഒരു ലൈറ്റിന് 1200 രൂപയും സാധാരണ ലൈറ്റിന് 1000 രൂപയുമാണ് ചെലവായതെന്ന് ഉമ്മർ ഫാറൂഖ് പറഞ്ഞു. ലൈറ്റുകൾ വാങ്ങിയ തുകയ്ക്കൊപ്പം ഇത് പോസ്റ്റുകളിൽ സ്ഥാപിക്കാനുള്ള ജീവനക്കാരുടെ കൂലിയും അദ്ദേഹം തന്നെയാണ് വ്യക്തിപരമായി വഹിച്ചത്. ഏകദേശം ഒന്നേകാൽ ലക്ഷം രൂപയാണ് ഇതിനായി മാത്രം അദ്ദേഹത്തിന് ചിലവായത്.

ഒരു എൽഇഡി ബൾബ് വാങ്ങാൻ നഗരസഭ ഔദ്യോഗികമായി 4000 രൂപവരെ ചെലവഴിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വാറന്റി കഴിഞ്ഞാൽ വീണ്ടും പുതിയ കരാറിലൂടെ സ്വകാര്യ കമ്പനികൾക്ക് ഇത് കൈമാറുകയാണ് ചെയ്യുന്നതെന്നും ഉമ്മർ ഫാറൂഖ് ആരോപിച്ചു. തെരുവുവിളക്കുകളുടെ കാര്യത്തിൽ നമുക്കൊന്നും ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള വലിയ അഴിമതിയാണ് നഗരസഭയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർഡിൽ ശേഷിക്കുന്ന 53 ലൈറ്റുകളിൽ 30 എണ്ണം നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ബാക്കി തകരാറിലായ ലൈറ്റുകളും ഉടൻ തന്നെ സ്വന്തം ചിലവിൽ മാറ്റിസ്ഥാപിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കൂടാതെ അടിയന്തര ആവശ്യങ്ങൾക്കായി 10 പുതിയ ലൈറ്റുകൾ കൂടി കരുതലായി വാങ്ങി സൂക്ഷിക്കാൻ ശ്രമം നടക്കുന്നതായും കൗൺസിലർ അറിയിച്ചു.

അതേസമയം, തെരുവുവിളക്കുകളുടെ പരിപാലനത്തിലെ വീഴ്ചയും ചെലവുസംബന്ധമായ അഴിമതി ആരോപണങ്ങളും അടുത്ത നഗരസഭാ കൗൺസിൽ യോഗത്തിൽ ശക്തമായി ഉയർത്താനാണ് യുഡിഎഫ് (UDF) പ്രതിപക്ഷമായ തീരുമാനം. വിഷയത്തിൽ വിശദമായ ചർച്ചയും പ്രത്യേക അന്വേഷണവും ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ കൗൺസിലർമാർ വ്യക്തമാക്കി. എന്നാൽ തെരുവുവിളക്കുകൾ കത്താത്തത് സാങ്കേതികമായ ഒരു പ്രശ്നമാണെന്നും എത്രയും പെട്ടെന്ന് ഇതിന് പ്രതിവിധി കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് നഗരസഭ അധികൃതർ നൽകുന്ന ഔദ്യോഗിക പ്രതികരണം. ഒറ്റപ്പാലം നഗരസഭ പരിധിയിൽ നിലവിൽ 10 വർഷത്തിലേറെ പഴക്കമുള്ള ഏകദേശം 4,200 തെരുവു വിളക്കുകളാണുള്ളത്. ഇതിൽ ഭൂരിഭാഗവും പഴയ 10 വാട്ട്സ് സിഎഫ്എൽ ബൾബുകളാണെന്നും ഈ പ്രായപ്പഴക്കമാണ് നിരന്തരം തകരാറുകൾ ഉണ്ടാകാനുള്ള പ്രധാന കാരണമെന്നുമാണ് അധികൃതരുടെ വിചിത്രമായ വിശദീകരണം.

Amidst severe public outrage over non-functional street lights in the LDF-led Ottapalam Municipality, opposition IUML councillor M. Umar Farooq set a unique precedent by obtaining official clearance from the municipal secretary to install 100 LED lights, including 40 smart sensor lights, in his East Ottapalam ward entirely at his own expense of around ₹1.25 lakh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

'പേപ്പർ ചോർച്ച കുട്ടികൾക്കും കുടുംബങ്ങൾക്കും മാനസികാഘാതം'; നീറ്റ് കേസിൽ യഥാർത്ഥ ഉത്തരവാദിത്തം വേണമെന്ന് സുപ്രീം കോടതി

'നന്നായി വസ്ത്രം ധരിച്ച് നടക്കാനുള്ള താല്പര്യമൊക്കെ പോയി, ഇപ്പോഴുള്ള വൈബ് ഒന്ന് വേറെ തന്നെയാണ്'; കുറിപ്പുമായി സമീറ

ആർത്തവത്തിന് മുൻപ് മുഖക്കുരു വരാറുണ്ടോ? ഇതാണ് കാര്യം

ഫോൺകോൾ വിവാദം: സുജിത് ദാസിന് എതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് പി വി അൻവർ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി

SCROLL FOR NEXT