പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ അസാധാരണമായി നീക്കിയതിന് പിന്നിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി മാത്രമല്ല, വനിതാ നേതാവിന്റേതടക്കമുള്ള അതീവ ഗുരുതരമായ സംഘടനാ പരാതികളുമെന്ന് സൂചന. പാർട്ടിയുടെ അഭിഭാഷക സംഘടനയിൽ പ്രവർത്തിക്കുന്ന പ്രമുഖ വനിതാ നേതാവ് സംസ്ഥാന നേതൃത്വത്തിന് നേരിട്ട് നൽകിയ പരാതിയാണ് സ്ഥാനചലനത്തിലേക്ക് കാര്യങ്ങൾ അതിവേഗം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വിഷയം ഗൗരവമായി പരിഗണിച്ചില്ലെങ്കിൽ പരസ്യമായ കടുത്ത നിലപാടുകളിലേക്ക് നീങ്ങുമെന്ന് ഇവർ പാർട്ടി നേതൃത്വത്തിന് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. വനിതാ നേതാവിന്റെ പരാതിക്ക് പുറമെ വിവിധ വിഷയങ്ങളിലായി പതിനൊന്നോളം പരാതികളാണ് സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത്.
വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ സുരേഷ് ബാബുവിന്റെ സംഘടനാ ശൈലിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. സുരേഷ് ബാബുവിന്റെ പക്വതയില്ലായ്മയും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും താഴെത്തട്ടിൽ പാർട്ടിയുടെ അടിത്തറയ്ക്ക് കനത്ത ആഘാതമുണ്ടാക്കിയെന്ന് യോഗം വിലയിരുത്തി. വിമതശബ്ദങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതിന് പകരം താൻപോരിമ കാണിച്ച് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയാണ് നേതൃത്വം ചെയ്തത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ജില്ലയിൽ സിപിഎമ്മിന് 67,000 വോട്ടുകളുടെ വൻ കുറവാണ് ഉണ്ടായത്.
ചിറ്റൂരിലെ തോൽവിക്ക് ആക്കം കൂട്ടിയത് കൊഴിഞ്ഞാമ്പാറയിലെ വിമതനീക്കങ്ങളും നല്ലേപ്പിള്ളിയിലും പെരുവെമ്പിലും വോട്ടുകൾ വ്യാപകമായി ചോർന്നതുമാണ്. കോങ്ങാട് മണ്ഡലത്തിൽ പ്രാദേശികമായി ശക്തമായ അടിത്തറയുണ്ടായിട്ടും സംഘടനാ ദൗർബല്യം കാരണം മണ്ഡലം അടിയറവ് വെക്കേണ്ടിവന്നു. തൃത്താലയിലാകട്ടെ പ്രാദേശിക വിഭാഗീയതയെ അടിച്ചമർത്താനോ രമ്യമായി പരിഹരിക്കാനോ ജില്ലാ സെക്രട്ടറിക്ക് സാധിച്ചില്ല. പാർട്ടിയുടെ കോട്ടകളായ മൂന്ന് സിറ്റിങ് മണ്ഡലങ്ങൾ ഒന്നിച്ച് കൈവിട്ടുപോയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ജില്ലാ സെക്രട്ടറിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന നിലപാടിൽ നേതൃത്വം ഉറച്ചുനിന്നു.
അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ഇ.എൻ. സുരേഷ് ബാബു തള്ളി. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് സ്വന്തം ആവശ്യപ്രകാരമാണെന്നും വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ആവശ്യം പാർട്ടി അംഗീകരിക്കുകയായിരുന്നുവെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ തുടരുമെന്നും സുരേഷ് ബാബു പറഞ്ഞു. പുതിയ സെക്രട്ടറിയായി വി. ചെന്താമരാക്ഷന്റെ പേര് നിർദ്ദേശിച്ചത് താൻ തന്നെയാണ്. സുരേഷ് ബാബുവിനെതിരെ പാർട്ടിയിൽ യാതൊരുവിധ പരാതികളും ഉയർന്നിട്ടില്ലെന്ന് പുതിയ സെക്രട്ടറിയായി ചുമതലയേറ്റ വി. ചെന്താമരാക്ഷനും മാധ്യമങ്ങളോട് വ്യക്തമാക്കി. നേതൃമാറ്റത്തിന് പിന്നാലെ ആറ് ഏരിയ സെക്രട്ടറിമാർ ഉൾപ്പെടെ എട്ട് പേരെ ക്ഷണിതാക്കളാക്കി ഉൾപ്പെടുത്തി പാലക്കാട് ജില്ലാ കമ്മിറ്റി വിപുലീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates