Vishnu 
Palakkad

24 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല: കൊടൈക്കനാലിൽ കാണാതായ യുവാവിൻറെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു

തച്ചമ്പാറ സ്വദേശിയായ ദളിത് യുവാവ് വിഷ്ണുവിന്റെ തിരോധാനത്തിൽ ദുരൂഹത; അന്വേഷണം മന്ദഗതിയിലെന്ന് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ശ്യാം പി വി

പാലക്കാട്: തമിഴ്‌നാട്ടിലെ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്നതിനിടെ കാണാതായ തച്ചമ്പാറ സ്വദേശിയായ ദലിത് യുവാവ് വിഷ്ണു (31) വിനെ കണ്ടെത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. യുവാവിനെ കാണാതായിട്ട് 24 ദിവസം പിന്നിട്ടിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ അന്വേഷണമുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ബന്ധുക്കളും നാട്ടുകാരും സമരം ശക്തമാക്കുന്നത്. തച്ചമ്പാറ മുരിങ്ങേരിയിലെ കുഞ്ഞമ്മയുടെ മകനായ വിഷ്ണു പെയിന്റിംഗ് തൊഴിലാളിയും അവിവാഹിതനുമാണ്.

കഴിഞ്ഞ ജൂൺ 28-നാണ് നാട്ടുകാരായ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വിഷ്ണു കൊടൈക്കനാലിലേക്ക് യാത്ര തിരിഞ്ഞത്. ജൂൺ 29-ന് കൊടൈക്കനാലിലെ ലോഡ്ജിൽ മുറിയെടുത്ത ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് 30-ന് പുലർച്ചെ 3.30-ഓടെയാണ് ഇവർ മുറിയിൽ തിരിച്ചെത്തിയത്. എന്നാൽ, രാവിലെ 5.30-ഓടെ ആരോടും പറയാതെ വിഷ്ണു മുറിയിൽ നിന്ന് പുറത്തുപോയെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസിന് നൽകിയ മൊഴി. വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കൊടൈക്കനാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഊർജ്ജിതമായ തിരച്ചിലോ ശരിയായ രീതിയിലുള്ള അന്വേഷണമോ ഉണ്ടായിട്ടില്ലെന്ന് ആക്ഷൻ കൗൺസിൽ കൺവീനറും തച്ചമ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഒ. നാരായണൻകുട്ടി ആരോപിച്ചു. കാണാതാകുമ്പോൾ വിഷ്ണുവിന്റെ കൈവശം ഏകദേശം ഒന്നേകാൽ പവൻ സ്വർണ്ണമാലയും പണവും ഉണ്ടായിരുന്നു. കാണാതായ ദിവസം മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

വിഷയത്തിൽ കല്ലടിക്കോട് പൊലീസിലും പരാതി നൽകിയിട്ടുണ്ടെങ്കിലും തുടരന്വേഷണം മന്ദഗതിയിലാണെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. വിഷ്ണുവിനെ കൊടൈക്കനാലിന്റെ വിവിധ ഭാഗങ്ങളിൽ രണ്ട് മലയാളികൾക്കൊപ്പം കണ്ടതായി ചില വിവരങ്ങൾ പുറത്തുവന്നെങ്കിലും ഇത് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയും സർക്കാരിനും വകുപ്പ് മന്ത്രിമാർക്കും പരാതി നൽകിയിട്ടുണ്ട്. തിരോധാനത്തിലെ ദുരൂഹത നീക്കാൻ തമിഴ്‌നാട്-കേരള പൊലീസിന്റെ സംയുക്ത അന്വേഷണം ഉടനടി ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെയും കുടുംബത്തിന്റെയും പ്രധാന ആവശ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു; രാഹുല്‍ വിദ്യാര്‍ഥികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കുന്നു : കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആര്‍ വര്‍ക്ക് ചെയ്യുന്നു; ഞെട്ടിക്കുന്ന ആരോപണവുമായി ജോജു

ഇനി ഇന്റര്‍നെറ്റില്ലെങ്കിലും യുപിഐ ഇടപാട് നടത്താം; വരുന്നു പുതിയ സാങ്കേതികവിദ്യ

കർക്കടക ചികിത്സ വെറും ഉ‍ഡായിപ്പ്, മരുന്ന് കഞ്ഞിയിൽ അടങ്ങിയിരിക്കുന്നത് കൊഴുപ്പും കലോറിയും, ആരോ​ഗ്യത്തിന് സുരക്ഷിതമല്ലെന്ന് ഡോക്ടർ

മാരുതി കാറുകളുടെ വില 30,000 രൂപ വരെ വര്‍ധിപ്പിച്ചു; ഓഗസ്റ്റില്‍ പ്രാബല്യത്തില്‍