പാലക്കാട്: മലമ്പുഴ ഡാം ഉദ്യാനത്തിന്റെ മുഖച്ഛായ മാറ്റാൻ കോടികളുടെ നവീകരണ പദ്ധതി വരുന്നു എന്ന വാർത്ത വലിയ പ്രതീക്ഷയോടെയായിരുന്നു ഓരോ പാലക്കാട്ടുകാരനും വരവേറ്റത്. എന്നാൽ പദ്ധതി പ്രഖ്യാപനവും ഉദ്യാനം അടച്ചിടലും കഴിഞ്ഞ് ഒരു വർഷം തികയാറാകുമ്പോഴും ഒരു തൂമ്പ പോലും മണ്ണിൽ പതിക്കാതെ വികസനം കടലാസിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാഴ്ചയാണ് മലമ്പുഴയിലുള്ളത്. കേന്ദ്ര സർക്കാരിന്റെ 'സ്വദേശി ദർശൻ' പദ്ധതിയിലുൾപ്പെടുത്തി 76 കോടി രൂപ ചെലവിൽ ഉദ്യാനം അടിമുടി നവീകരിക്കുന്നതിനായി 2025 സെപ്റ്റംബറിലാണ് സന്ദർശകർക്ക് പ്രവേശനം വിലക്കി ഗേറ്റുകൾ അടച്ചത്.
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി 2026 ഓഗസ്റ്റ് ആദ്യവാരത്തോടെ ഉദ്യാനം നാടിന് തുറന്നുകൊടുക്കുമെന്നായിരുന്നു ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ്. എന്നാൽ നാളിതുവരെ ഒരു നിർമ്മാണ പ്രവൃത്തിയും ആരംഭിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പതിനായിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിച്ചിരുന്ന വിനോദകേന്ദ്രമാണിന്ന് കാടുകയറി നശിക്കുന്നത്. കുട്ടികളുടെ പാർക്കുകൾ, നടപ്പാതയിലെ ടൈലുകൾ, ജലധാരകൾ എന്നിവയെല്ലാം തകർന്നടിഞ്ഞു. കെട്ടിടങ്ങളിൽ പായലും കാട്ടുചെടികളും പടർന്ന് നാശത്തിന്റെ വക്കിലാണ്.
ഓണാവധി ദിവസങ്ങളിൽ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെടേണ്ട മലമ്പുഴ ഇന്ന് നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. നവീകരണ പ്രവൃത്തികൾ വൈകുന്നതിന് സംസ്ഥാന സർക്കാരിന്റെ സാങ്കേതിക അനുമതി ലഭിക്കാത്തതാണ് കാരണമെന്നായിരുന്നു തുടക്കത്തിൽ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ അനുമതി ലഭിച്ച ശേഷവും കരാറുകാരുടെ അനാസ്ഥ കാരണമാണ് പദ്ധതി വൈകുന്നതെന്നാണ് നിലവിലെ വിശദീകരണം. ഉദ്യാനം അടഞ്ഞുകിടന്നതോടെ ടിക്കറ്റ് വരുമാന ഇനത്തിൽ മാത്രം സർക്കാരിന് ഇതുവരെ രണ്ട് കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സാധാരണ മാസങ്ങളേക്കാൾ നാലിരട്ടി വരുമാനം ലഭിക്കുന്ന ഓണക്കാലത്തെ ഭീമമായ വരുമാനവും ഇതോടെ നഷ്ടമാകും. ഉദ്യാനത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന നൂറിലധികം പുറത്തെ വ്യാപാരികളും അകത്തെ പത്തിലേറെ കടയുടമകളും പട്ടിണിയിലായി. കൂടാതെ ഉദ്യാനത്തിൽ ജോലി ചെയ്തിരുന്ന 110 താൽക്കാലിക തൊഴിലാളികൾക്കും തൊഴിൽ നഷ്ടമായി.
പദ്ധതി അനിശ്ചിതമായി നീളുന്നതിനെതിരെ പ്രാദേശിക വ്യാപാരികളും തുടർന്ന് ബിജെപി, കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയതോടെ വിഷയം വലിയ ജനകീയ പ്രക്ഷോഭമായി മാറി. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്യാനം നേരിട്ട് സന്ദർശിക്കുകയും നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയിൽ പ്രതിദിന റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തതോടെ പ്രതീക്ഷകള്ക്ക് വീണ്ടും ചിറക് മുളച്ചിരിക്കുകയാണ്. അതേസമയം, പദ്ധതിക്കാവശ്യമായ സർക്കാർ സാങ്കേതിക അനുമതി ലഭിച്ചതായും കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ തൊഴിലാളികളും സാമഗ്രികളും സ്ഥലത്തെത്തിയതായും എ. പ്രഭാകരൻ എംഎൽഎ വ്യക്തമാക്കി. നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കുമെന്നാണ് ജനപ്രതിനിധികളുടെ വാദമെങ്കിലും, കേന്ദ്ര പദ്ധതിയായതിനാൽ എപ്പോൾ എങ്ങനെ പൂർത്തിയാകുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്ന നിലപാടിലാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates