Areswaram temple 
Thrissur

സ്ത്രീകളുടെ ശബരിമലയെന്ന് ഖ്യാതി; തൃശൂരിലെ ആറേശ്വരം ശാസ്താ ക്ഷേത്രവിശേഷങ്ങളും പുനർജനി നൂഴൽ ആചാരവും

പ്രകൃതിഭംഗിയിൽ നിലീനമായ സന്നിധാനം. ശിലയായി മാറിയ സർപ്പരൂപവും ഇരുനൂറിലധികം വർഷത്തെ ഐതിഹ്യവും

Author : സമകാലിക മലയാളം ഡെസ്ക്

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കേവലം ഈശ്വരവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കാണേണ്ടവയല്ല. പ്രകൃതിയുടെ സ്വാഭാവികമായ താളക്രമം കാത്തുസൂക്ഷിക്കുന്ന ഒരു വലിയ ദൗത്യം കൂടി ഇത്തരം പുണ്യഭൂമികൾക്കുണ്ടെന്ന് തോന്നിപ്പോകും. നിത്യജീവിതത്തിന്റെ തിരക്കുകളിൽപ്പെട്ട് ജീവിതത്തിന്റെ താളം നഷ്ടപ്പെടുമ്പോൾ മനുഷ്യൻ ഈ ഭൂമികകളിലേക്ക് മടങ്ങിയെത്തുന്നത് ദൈവവിശ്വാസം കൊണ്ട് മാത്രമല്ല, മറിച്ച് പ്രകൃതിയിലേക്ക് മടങ്ങാനുള്ള അവന്റെ അന്തഃചോദന കൊണ്ടുകൂടിയാണ്. അത്തരത്തിൽ ഗ്രാമീണ പ്രകൃതിയുടെ വശ്യതയിൽ ലയിച്ചു കിടക്കുന്ന അപൂർവ്വമായ ഒരു ക്ഷേത്രമാണ് തൃശൂരിലെ ആറേശ്വരം. ആറ് ദേവതകളുടെ സംഗമഭൂമി എന്ന അർത്ഥത്തിലാണ് ഈ പുണ്യസ്ഥലം ആറേശ്വരം എന്നറിയപ്പെടുന്നത്. ഭക്തജനങ്ങൾക്കിടയിൽ 'സ്ത്രീകളുടെ ശബരിമല' എന്ന പേരിൽ പ്രശസ്തമാണ് ഈ ക്ഷേത്രം. കഴിഞ്ഞ 2025-ൽ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നിയോഗിക്കപ്പെട്ട ഏറന്നൂർ മനയ്ക്കൽ പ്രസാദ് നമ്പൂതിരി മുൻപ് ഈ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

Areswaram-temple

ശിവൻ, പാർവതി, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ഭദ്രകാളി എന്നീ ആറ് ദേവമൂർത്തികളുടെ സാന്നിധ്യമാണ് ഇവിടത്തെ സങ്കല്പം. ഇതിൽ പ്രധാന പ്രതിഷ്ഠ ജടധാരിയായ ശാസ്താവിനാണ്. തൃശ്ശൂർ ജില്ലയിൽ നാഷണൽ ഹൈവേയോട് ചേർന്ന് കൊടകരയ്ക്കടുത്തുള്ള മറ്റത്തൂർ എന്ന മലയോരഗ്രാമത്തിലെ ആറേശ്വരം മലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേശീയപാതയിൽ നിന്ന് തിരിഞ്ഞ് ഇങ്ങോട്ട് പ്രവേശിച്ചാൽ തന്നെ തനി ഗ്രാമീണ ഭംഗി ആസ്വദിക്കാം. ക്ഷേത്രത്തിന്റെ ഇരുവശവും കൂറ്റൻ കരിമ്പാറക്കെട്ടുകളാണ്. ഈ പാറക്കെട്ടിൽ കല്ലുകൊണ്ട് മൂടിയ ഒരു വലിയ ഗുഹാമുഖമുണ്ട്. ഈ ഗുഹ അവസാനിക്കുന്നത് തിരുവില്വാമല വില്വാദ്രിനാഥ സന്നിധിയിലാണെന്നാണ് പഴമക്കാർ പറയുന്നത്. ഏകദേശം ഇരുനൂറിലധികം വർഷത്തെ പഴക്കമാണ് ഈ ക്ഷേത്രത്തിന് കണക്കാക്കുന്നത്.

ഘോരാസുര വധത്തിന്റെ ഐതിഹ്യം

ദേവസുര യുദ്ധത്തിനുശേഷം ലോകം നശിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഘോരാസുരൻ സർപ്പരൂപം ധരിച്ച് പുറപ്പെടുകയും വരുന്ന വഴിയിലുള്ള ഇല്ലങ്ങളെല്ലാം ചുട്ടെരിക്കുകയും ചെയ്തു. പരിഭ്രാന്തരായ നാട്ടുകാർ അന്ന് ശ്രീ കൂടൽമാണിക്യസ്വാമിയെ അഭയം പ്രാപിച്ചു. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം ശാസ്താവ് നേരിട്ടെത്തി ഘോരാസുരനെ മൂന്നു തുണ്ടുകളാക്കി വെട്ടിവീഴ്ത്തി എന്നാണ് വിശ്വാസം. തുടർന്ന് മാപ്പപേക്ഷിച്ച അസുരന് ശാസ്താവ് മാപ്പുനൽകുകയും അവിടെ വസിക്കാൻ അനുവാദം നൽകുകയും ചെയ്തു. അല്പം അകലെയുള്ള മാവും പ്ലാവും കൂടിയ സ്ഥലത്ത് അസുരൻ കുടിയിരുന്നുവെന്നാണ് ഐതിഹ്യം. ഈ ക്ഷേത്രത്തിന്റെ മുൻവശത്ത് നൂറടിയിലേറെ ഉയരമുള്ള പാറക്കെട്ടിൽ ശിലയായി മാറിയ മൂന്നു കഷ്ണത്തോടുകൂടിയ സർപ്പരൂപവും തേര് ഉരുണ്ട പാടുകളും ഇപ്പോഴും കാണാം. ഈ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഇപ്പോഴും ബ്രാഹ്മണ ഇല്ലങ്ങൾ ഒന്നുംതന്നെയില്ല എന്നത് ഈ ഐതിഹ്യത്തെ സാധൂകരിക്കുന്ന തെളിവായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

Punarjeni cave

പാപമോക്ഷ പ്രദായകമായ 'പുനർജനി നൂഴൽ' ആണ് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ക്ഷേത്രനടയിൽ വടക്കുകിഴക്കേ മൂലയിലെ പാറക്കെട്ടിലുള്ള ഒന്നരയടി മാത്രം വീതിയുള്ള വിടവാണ് പുനർജനി. ഇതിലൂടെ നൂണ്ടു കിടന്നാൽ പാപങ്ങൾ അകലുമെന്നാണ് വിശ്വാസം. വനദുർഗ്ഗാ സങ്കല്പവും ഈ ക്ഷേത്രത്തിലുണ്ട്. കാറ്റും മഴയും വെയിലുമെല്ലാം നേരിട്ട് ഏൽക്കണമെന്ന ശാസ്ത്രവിധി ഉള്ളതിനാൽ ഈ ക്ഷേത്രത്തിന് പ്രത്യേക ശ്രീകോവിൽ നിർമ്മിച്ചിട്ടില്ല. ഇവിടത്തെ ബിംബം മാറ്റാനോ ശബരിമലയിലേതുപോലെ പതിനെട്ടാംപടി കെട്ടാനോ പാടില്ലെന്ന് കൽപനയുണ്ട്. ശബരിമല സന്നിധാനത്തിൽ പോയി ദർശനം നടത്താൻ സാധിക്കാത്ത സ്ത്രീകൾ ഇവിടെ ദർശനം നടത്തുന്നത് ശബരിമലയിൽ പോകുന്നതിന് തുല്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. പന്തീരാഴിയാണ് ഇവിടത്തെ പ്രധാന വഴിപാട്. അപ്പവും അടയുമാണ് പ്രധാന നൈവേദ്യങ്ങൾ. വൃശ്ചികമാസത്തിലെ ആദ്യ ശനിയാഴ്ച നടക്കുന്ന ഷഷ്ഠിമഹോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. വരും ദിവസങ്ങളിൽ ഉത്സവവുമായി ബന്ധപ്പെട്ട് വലിയ ജനത്തിരക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കാൻ പൊലീസും ട്രാഫിക് ക്രമീകരണങ്ങൾ കൃത്യമായി നടത്താറുണ്ട്. ഭക്തിയും ഈശ്വരഭയവുമെല്ലാം മാറ്റിവെച്ച്, വെറുതെ ഈ ഗ്രാമസൗന്ദര്യത്തിലേക്ക് ഒരു യാത്ര പോകുന്നത് മനസ്സിന് വലിയ സമാധാനം നൽകും.

The Areswaram Shastha Temple located on a scenic hillside in Mattathur near Thrissur, popularly known as the 'Sabarimala for Women', attracts thousands of devotees due to its unique open-air structure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിദ്യാര്‍ഥികളെ വീണ്ടും വലച്ച് സിബിഎസ്ഇ; 12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള സൈറ്റില്‍ തകരാര്‍, തുറക്കാന്‍ കഴിയുന്നില്ല

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവില 1,15,000ല്‍ താഴെ

ജെഇഇ അഡ്വാൻസ്ഡ് റിസൾട്ട് പ്രഖ്യാപിച്ചു; 56,880 പേർക്ക് യോഗ്യത, എങ്ങനെ ഫലമറിയാം?

കടുത്ത ചൂട്: ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ സമയങ്ങളില്‍ മാറ്റം, ലംഘിച്ചാല്‍ കടുത്ത ശിക്ഷ

'പുല്‍ക്കൊടി ആകാന്‍ വിരോധമില്ല; പക്ഷേ, എന്റ ഇലകളുടെ പച്ചനിറവും പുതുനാമ്പുകളും എന്റേതാണ്' , പുസ്തക വിവാദത്തില്‍ ഹരിത സാവിത്രി

SCROLL FOR NEXT